ഇതരമതക്കാരനെ പ്രേമിച്ചതിന് ഹൃത്വികിന്റെ സഹോദരിയെ അച്ഛന്‍ മര്‍ദിച്ചു; അവര്‍ കങ്കണയുടെ സഹായംതേടി

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മൂത്ത സഹോദരിയാണ് സുനൈന റോഷന്‍. നിര്‍മാതാവായ രാകേഷ് റോഷന്റെയും പിങ്കിയുടെയും മകള്‍. റോഷന്‍ കുടുംബത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ജീവിതമായിട്ടാണ് സുനൈനയുടെ ജീവിതത്തെ ആളുകള്‍ കാണുന്നത്. പില്‍ക്കാലത്ത് അച്ഛനൊപ്പം നിര്‍മാണരംഗത്തേക്കു കടന്ന അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തൊട്ട് പ്രണയവും ദാമ്പത്യവും വരെ ഒട്ടും എളുപ്പമായിരുന്നില്ല. പ്രതിസന്ധികള്‍ പുഞ്ചിരിയോടെ നേരിട്ട, ഒന്നിലും തളരാത്ത സുനൈനയുടെ മനോഭാവത്തെ ആളുകളെപ്പോഴും പുകഴ്ത്തിയിരുന്നു. പ്രശ്‌നങ്ങളെ മറികടക്കാന്‍ സുനൈനയെ സഹായിച്ചതും ഈ മനോഭാവം തന്നെ.
കുട്ടിക്കാലം മുതല്‍ക്കേ പലപല രോഗങ്ങള്‍ വേട്ടയാടിയിരുന്നു സുനൈനയെ എന്ന് അച്ഛന്‍ രാകേഷ് റോഷന്‍ പറഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും തനിക്ക് ക്യാന്‍സര്‍ വന്നപ്പോള്‍ അതിനെ നേരിടാനും താന്‍ ഏറെയും പഠിച്ചത് മകളില്‍ നിന്നാണെന്നും. ആശുപത്രിയും ശസ്ത്രക്രിയയും നിറഞ്ഞതായിരുന്നു ബാല്യമെല്ലാം. ഭാരക്കൂടുതല്‍ മൂലമുള്ള പ്രശ്‌നങ്ങളാണ് ചെറുപ്പത്തില്‍ നേരിട്ടത്. അത് കരിയറിനെയും ബാധിച്ചു. 'എപ്പോഴും മുഖത്ത് ചിരിയോടെ സന്തോഷവതിയായി നടക്കുന്ന വ്യക്തിയാണെന്റെ മകള്‍, എന്നെ ഒട്ടേറെക്കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും നമ്മള്‍ സന്തോഷമായിരിക്കണം എന്നവള്‍ ഓര്‍മിപ്പിച്ചു.'- രാകേഷ് റോഷന്‍ പറയുന്നു.
ആഷിഷ് സോണി, രാജീവ് പോള്‍, മോഹന്‍ നഗര്‍ തുടങ്ങി ഒട്ടേറെപ്പേരുമായുള്ള സുനൈനയുടെ പ്രണയബന്ധങ്ങള്‍ വിജയത്തിലെത്താതെ പോയി. 1992-ല്‍ ആശിഷ് സോണിയെയാണ് ആദ്യം വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഒരു മകള്‍ പിറന്നു, സുരാനിക സോനി. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ദമ്പതിമാര്‍ വേര്‍പിരിയുകയായിരുന്നു.
പിന്നീട് മോഹന്‍ നഗറിനെ വിവാഹം ചെയ്‌തെങ്കിലും ആ ബന്ധവും പരാജയപ്പെട്ടതോടെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. വലിയ പ്രശ്‌നങ്ങള്‍ ഇനിയും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. മാനസികമായി തകര്‍ന്നുനില്‍ക്കുന്ന സമയത്ത് റുഹൈല്‍ എന്നുപേരുള്ള പത്രപ്രവര്‍ത്തകനെ സുനൈന പരിചയപ്പെട്ടു. പരസ്പരം വളരെ വേഗത്തില്‍ അടുക്കുകയും പ്രണയത്തിലാവുകയും ചെയ്തു. പ്രണയം കുടുംബത്തില്‍ അവതരിപ്പിക്കാന്‍ ഒടുവില്‍ അവര്‍ തീരുമാനിച്ചു.
എന്നാല്‍ അച്ഛനില്‍ നിന്നുണ്ടായ പ്രതികരണം അവളെ അത്ഭുതപ്പെടുത്തി. റുഹൈലുമായുള്ള ബന്ധത്തെപ്പറ്റി അറിഞ്ഞതോടെ രാകേഷ് റോഷന്‍ സുനൈനയെ അടിച്ചു, റുഹൈല്‍ ഇതരമതസ്ഥനായതായിരുന്നു കാരണം. ഇത് കുടുംബവുമായി സുനൈന അകലുന്നതിലേക്കാണ് നയിച്ചത്.
റുഹൈലുമായുള്ള ബന്ധത്തെ പിന്തുണയ്ക്കാതെ കുടുംബം തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് പിന്നീട് സുനൈന തുറന്നുപറഞ്ഞിരുന്നു. സഹായിക്കാന്‍ ഹൃത്വിക് റോഷന്‍ പോലും മുന്നോട്ട് വന്നില്ല, പിതാവിനൊപ്പം ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുകയായിരുന്നെന്നും സുനൈന പറഞ്ഞു. റോഷന്‍ കുടുംബം ഇതിനെക്കുറിച്ച് അധികമൊന്നും പ്രതികരിച്ചില്ല. അതേസമയം, സുനൈന സഹായം തേടി നടി കങ്കണ റണാവത്തിനെ സമീപിച്ചിരുന്നു. ഇതോടെ കാര്യങ്ങള്‍ പെട്ടെന്ന് വഷളാവുകയും റോഷന്‍ കുടുംബം സുനൈനയുമായുള്ള ബന്ധം വിച്ഛേദിക്കുകപോലും ചെയ്തു. എന്നാല്‍ പ്രണയബന്ധത്തിന് കുറച്ച് മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ, റുഹൈലുമായുള്ള ബന്ധം അവസാനിപ്പിച്ച് അവള്‍ വൈകാതെ കുടുംബത്തിനൊപ്പം തിരിച്ചെത്തി.
കുറച്ചത് 50 കിലോയിലേറെ ഭാരം
സെര്‍വിക്കല്‍ ക്യാന്‍സര്‍, ഫാറ്റിലിവര്‍, ബ്രയ്ന്‍ ടി.ബി. തുടങ്ങിയ രോഗങ്ങള്‍ സുനൈനയെ ബാധിച്ചിരുന്നു. മഞ്ഞപ്പിത്തവും ഗ്രേഡ് 3 ഫാറ്റി ലിവറും ഉണ്ടെന്ന് യൂട്യൂബ് ചാനലിലൂടെ അവര്‍ തന്നെ പറഞ്ഞിരുന്നു. ആരോഗ്യകരമല്ലാത്ത തന്റെ ഭക്ഷണരീതിയെപ്പറ്റിയും 53-കാരിയായ സുനൈന പറഞ്ഞു. പിസ്സയും ബര്‍ഗറുമെല്ലാമായി ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയായിരുന്നത്രേ അവര്‍ പിന്തുടര്‍ന്നിരുന്നത്.
'സൂര്യനു താഴെയുള്ള എന്തും ഞാന്‍ തിന്നുമായിരുന്നു, ആരോഗ്യകരമായ ഒന്നും എന്റെ ശരീരത്തിലേക്കെത്തിയിരുന്നില്ല. ഇപ്പോള്‍ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. നല്ലതു കഴിച്ചും വ്യായാമം ചെയ്തും ആരോഗ്യം തിരിച്ചുപിടിക്കുകയാണ് എന്റെ ലക്ഷ്യം. സെര്‍വിക്കല്‍ ക്യാന്‍സര്‍ വന്നപ്പോള്‍ തുടക്കത്തില്‍ ലക്ഷണങ്ങളെ അവഗണിച്ചു. പിതാവിനൊപ്പം സഹനിര്‍മാതാവായി ജോലി ചെയ്യുന്ന തിരക്കിലായതിനാലാണ് അങ്ങനെ ചെയ്തത്. പിന്നാലെ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചു. അധികം വൈകുന്നതിനു മുമ്പേ ശരീരത്തെ കരുതണം'-അവര്‍ പറയുന്നു.
ഒരുവര്‍ഷത്തോളമെടുത്ത് ശരീരഭാരം 50 കിലോയിലേറെ സുനൈന കുറച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്ന ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെയായിരുന്നു ഇത്. നിലവില്‍ ആരോഗ്യം സംരക്ഷിക്കേണ്ടതിനെപ്പറ്റി ആളുകള്‍ക്ക് സന്ദേശങ്ങള്‍ നല്‍കാന്‍ സുനൈന ശ്രമിക്കാറുണ്ട്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉറക്കപ്രശ്‌നങ്ങളുമെല്ലാം നേരിട്ടിരുന്നുവെന്നും ഈ സന്ദര്‍ഭങ്ങളിലെല്ലാം ഹൃത്വിക് വലിയ പ്രചോദനമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
2019-ലാണ് രാകേഷ് റോഷന് തൊണ്ടയില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. രോഗങ്ങളെ മറികടക്കാന്‍ തനിക്ക് പ്രചോദനമായത് മകളാണെന്നും സാഹചര്യങ്ങള്‍ എന്തുതന്നെയായാലും നമ്മള്‍ സന്തോഷവാന്മാരായിരിക്കണമെന്നും റോഷന്‍സ് എന്ന പേരില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ രാകേഷ് റോഷന്‍ പറയുന്നു.
Content Highlights: hrithik roshan’s sister sunaina’s life journey