വിജയ്‌യുടെ ആ ആത്മവിശ്വാസം ഫലം കണ്ടു; കന്നിയങ്കത്തിൽ വിജയം വിജയ്‌ക്കൊപ്പം

#പി.പ്രജിത്ത്‌
വിജയ് | PTI
വിജയ് | PTI

''എനിക്കായി എല്ലാം വിട്ടുനൽകിയിറങ്ങിയ ആരാധകർക്കായി, ഞാനിറങ്ങുകയാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാം...നല്ലതേ നടക്കൂ...വിജയം നിശ്ചയം''- വിജയ്‌യുടെ ആത്മവിശ്വാസം ഫലം കണ്ടു, കന്നിയങ്കത്തിൽ തമിഴകം വിജയ്‌ക്കൊപ്പം. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ഡി.എം.കെയെ അമ്പരപ്പിച്ച് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം ബഹുദൂരം കുതിക്കുകയാണ്. മത്സരിച്ച രണ്ട് മണ്ഡലത്തിലും മേൽക്കൈനേടി, നൂറിലധികം സീറ്റുകളുമായി വിജയ് മുന്നോട്ട്...

രജനീകാന്ത് കഴിഞ്ഞാൽ സ്വന്തം ചിരികൊണ്ടും സ്റ്റെൽ കൊണ്ടും ആരാധകരെ അത്രമേൽ ഇളക്കിമറിക്കുന്ന മറ്റൊരുതാരം വിജയ് മാത്രമാണെന്ന നിരീക്ഷണങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് തമിഴകത്ത് നിന്ന് കേട്ടിരുന്നത്. എന്നാൽ രാഷ്ട്രീയഗോദയിൽ വിജയ് രജനിക്കും മുകളിലാണെന്ന കാഴ്ച്ചയാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്കടുക്കുമ്പോൾ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ)മാറുന്നു. കന്നിയങ്കത്തിൽ വിജയ് നേടുന്ന വിജയം മറ്റ് ദ്രാവിഡപാർട്ടികളെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

വിജയ് ചിത്രങ്ങളെ എന്നും ആവേശത്തോടെ സ്വീകരിച്ച തമിഴ് മക്കളിൽ വിജയ്‌യുടെ സിനിമാ വിടവാങ്ങൽ പ്രഖ്യാപനം തുടക്കത്തിൽ വലിയ നിരാശയാണ് ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യം ദേശിയമാധ്യമങ്ങൾ പോലും പലതവണ ചർച്ചക്കെടുത്തു. മത്സരത്തിനിറങ്ങിയ വിജയ്ക്ക് നേരിടേണ്ടിവന്ന വെല്ലുവിളികൾ ചെറുതായിരുന്നില്ല. ഇലക്ഷൻ റാലിക്കിടെ ഉണ്ടായ അപകടവും കേസ്സുകളും സാമ്പത്തിക അന്വേഷണങ്ങളും വ്യക്തിപരമായ അവഹേളനങ്ങളും കോടികൾ മുടക്കിയിറക്കിയ സിനിമയുടെ നിരോധനവുമെല്ലാം അതിൽ ചിലത് മാത്രം.

സിനിമാക്കഥപോലെ അതിശയിപ്പിക്കുന്നതായിരുന്നു വിജയുടെ നാൾവഴികൾ.സംവിധായകനും നിർമാതാവുമായ അച്ഛന്റെ കൈപിടിച്ചാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് സിനിമയിലേക്കെത്തുന്നത്. ബാലതാരമായുള്ള അരങ്ങേറ്റത്തിന് ശേഷം, പതിനെട്ടാം വയസ്സിൽ 'നാളിയ തീർപ്പ്' എന്ന സിനിമയിലൂടെ കേന്ദ്രകഥാപാത്രമായെത്തി. വിക്രമന്റെ 'പൂവേ ഉനക്കാക'യിലൂടെ പ്രേക്ഷകശ്രദ്ധനേടി. അനിയത്തിപ്രാവിന്റെ തമിഴ് റീമേക്ക് 'കാതലുക്കു മര്യാദ'യിലൂടെ സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കി. പ്രിയമുടൈ, തുള്ളാത്തമനവും തുള്ളും, ഖുഷി... റൊമാന്റിക് ഹീറോ പരിവേഷം ചാർത്തിക്കിട്ടിയ വിജയ് വൈകാതെ കളംമാറി കളിക്കാൻ തുടങ്ങി.

വിജയ്‌യുടെ വിജയം ആഘോഷിക്കുന്നവർ | AFP

ചോക്ലേറ്റ് നായകനിൽനിന്ന് ആക്ഷൻ ഹീറോ ആയിലുള്ള വളർച്ചക്ക് അധികകാലം വേണ്ടിവന്നില്ല. രോഷാകുലനായ വിജയ്‌യെയാണ് പിന്നീടങ്ങോട്ട് പ്രേക്ഷകർ കണ്ടത്. കുടുംബത്തിനും സൗഹൃദത്തിനും ന്യായത്തിനും വേണ്ടിയുള്ള ഒറ്റയാൾപ്പോരാട്ടങ്ങൾ. 'തിരുമല'യിലൂടെ ആക്ഷൻ രംഗങ്ങളിലേയ്ക്ക്... 'ഗില്ലി'യുടെ വിജയം സൂപ്പർതാരപദവിയിലേക്കുയർത്തി, കേരളത്തിലും തമിഴകത്തും മലേഷ്യയിലും പണംവാരിയ ചിത്രം, രജനീകാന്തിന്റെ 'പടയപ്പ'യുടെ റെക്കോഡുകൾ തകർത്തെറിഞ്ഞ് അമ്പതുകോടി ക്ലബ്ബിൽ ഇടംപിടിച്ചു.

മധുരൈ, തിരുപ്പാച്ചി, പോക്കിരി, വേട്ടക്കാരൻ, ശിവകാശി, കാവലൻ, വില്ല്...തിയേറ്ററുകളിൽ ആർപ്പുവിളി തീർത്ത ചിത്രങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. രക്ഷകൻവേഷങ്ങൾ ആവർത്തിച്ചെത്തിയപ്പോൾ വിജയ്‌ക്കെതിരെ വിമർശകർ വാളെടുത്തു, വിജയ് യുഗം അവസാനിച്ചതായി വിലയിരുത്തി. എന്നാൽ, സകലവീഴ്ചകളിൽനിന്നും ഉയിർത്തെഴുന്നേൽക്കുന്ന വിജയ് കഥാപാത്രങ്ങൾപോലെ താരം തിരിച്ചുവന്നു. സാമൂഹികപ്രശ്‌നങ്ങൾ കഥകളിലേയ്ക്ക് ചേർത്തുവയ്ക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. കാർഷികപ്രശ്‌നങ്ങളും സ്ത്രീപക്ഷനിലപാടുകളും കോർപ്പറേറ്റ് ചൂഷണവും മതതീവ്രവാദവുമെല്ലാം സിനിമകളിലൂടെ അവതരിപ്പിച്ച് കയ്യടിനേടി.

വിജയം ആഘോഷിക്കുന്നവർ | PTI

സിനിമയിൽ സ്വന്തമായൊരിടംനേടിയ വിജയ്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്ട്രീയപ്രവേശനം ലക്ഷ്യം വച്ചുള്ള നീക്കങ്ങളിലായിരുന്നു. ജയലളിതയുടെ കാലത്ത് തുടങ്ങിയ ഇത്തരം നീക്കങ്ങൾ വിജയം കാണാതെ അവസാനിപ്പിക്കേണ്ടിവന്നെങ്കിലും, പിൻതിരിയാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. വോട്ടുചെയ്യാൻ വിജയ് സൈക്കിളിലെത്തിയതും ജല്ലിക്കെട്ട് സമരക്കൂട്ടർക്കൊപ്പം നിന്നതും അശരണരുടെ വീടുസന്ദർശിച്ചതും പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങളുമെല്ലാം വിജയ് എന്ന നടന് തമിഴകത്ത് മറ്റൊരു മുഖം നൽകി. സിനിമയിൽ തുടങ്ങി, രാഷ്ട്രീയത്തിലേക്കിറങ്ങി വിജയം നേടിയവരുടെ നിരയിൽ ഇനി വിജയ്‌യുടെ പേരും ചേർത്തുവയ്ക്കാം...

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Thalapathy Vijay's party (TVK) leads as the single largest party in the 2026 Tamil Nadu Assembly Elections. The party secured a massive mandate, defeating major established Dravidian parties in their debut attempt.