ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് കെെയടി നേടിയ ഗോവർധൻ അസ്രാണി

ഗോവർധൻ അസ്രാനി/ ഇൻസ്റ്റഗ്രാം(asraniofficial)
ഗോവർധൻ അസ്രാനി/ ഇൻസ്റ്റഗ്രാം(asraniofficial)

ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് കെെയടിനേടിയ ഗോവർധൻ അസ്രാണിയുടെ മരണവാർത്ത സിനിമാലോകത്തെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. 400 ലധികം ഹിന്ദി, ഗുജറാത്തി ഭാഷാ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയനടനായി മാറിയ അസ്രാണിയുടെ ആദ്യ ചിത്രം 1967-ൽ പുറത്തിറങ്ങിയ 'ഹരേ കാഞ്ച് കി ചൂടിയാം' ആയിരുന്നു.

ചിത്രത്തിൽ നടൻ ബിശ്വജീത്തിന്റെ സുഹൃത്തായാണ് അസ്രാണി വേഷമിട്ടത്. ബോളിവുഡിലെ കൾട്ട് ക്ലാസിക്കായ ഷോലെയിലെ ജയിലറിന്റെ കഥാപാത്രമായിരുന്നു അസ്രാനിയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ്. അഞ്ചുപതിറ്റാണ്ടുകൾ നീണ്ട സിനിമാജീവിതം അവസാനിച്ചത് ദീപാവലി ദിനത്തിലെ ആശംസകളോടുകൂടിയായിരുന്നു.

1941 ജനുവരി 1 ന് ജയ്പൂരിലാണ് അസ്രാണിയുടെ ജനനം. ജയ്പൂരിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ വോയ്‌സ് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ബാവാർച്ചി , നമക് ഹറാം , ചുപ്‌കെ ചുപ്‌കെ , അഭിമാൻ,ഭൂൽ ഭുലയ്യ, ധമാൽ, ബണ്ടി ഔർ ബബ്ലി 2, എന്നീ ഹിറ്റ് സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

1985 മുതൽ 2012 വരെ സ്വഭാവ നടനായും നിരവധി ഗുജറാത്തി സിനിമകളിലും വേഷമിട്ടു. അഭിനയത്തിനു പുറമേ സംവിധാനത്തിലും മികവു തെളിയിച്ച അസ്രാനി, ആറു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ 'നോൺ സ്റ്റോപ്പ് ധമാൽ' എന്ന ചിത്രത്തിലൂം അദ്ദേഹം പ്രധാനവേഷത്തിലെത്തി. 

രാജേഷ് ഖന്നയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്നു അസ്രാണി. 1972-ൽ പുറത്തിറങ്ങിയ 'ബാവർച്ചി' ഉൾപ്പെടെ ഏകദേശം 25 സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കുകയും ചെയ്തു. പ്രിയദർശന്റെ ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇദ്ദേഹം.

'ഹേരാ ഫേരി', 'ആംദനി അഠ്ഠണ്ണി ഖർചാ രൂപയ്യാ', 'ബാഗ്ബാൻ', 'ചുപ് ചുപ് കെ', 'ഗരം മസാല', 'ബോൽ ബച്ചൻ' തുടങ്ങി നിരവധി പ്രിയദർശൻ കോമഡി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കെെകാര്യം ചെയ്തിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ 'ഡ്രീം ഗേൾ 2' എന്ന കോമഡി ചിത്രത്തിലും അസ്രാണി ഒരു ഭാഗമായിരുന്നു.

'ആജ് കി താസാ ഖബർ', 'നമക് ഹറാം' എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ നടി മഞ്ജു ബൻസാലിനെയാണ് വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് നവീൻ അസ്രാണി എന്ന പേരിൽ ഒരു മകനുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ദീപാവലി ആശംസകളും പങ്കുവെച്ചിരുന്നു.

അസ്രാണിയുടെ വിയോഗത്തില്‍ നിരവധിപേരാണ്  ആദരാഞ്ജലികളുമായി എത്തുന്നത്. പ്രധാനമന്ത്രി മോദി, അനുപം ഖേർ, സംഗീതസംവിധായകൻ അദ്‌നാൻ സമി, അക്ഷയ് കുമാർ, രമേശ് സിപ്പി…. ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിക്കുകയും വികാരനിർഭരമായ സന്ദേശങ്ങൾ കുറിക്കുകയും ചെയ്തു. 

അനുപം ഖേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചുകൊണ്ടെഴുതി‌ "പ്രിയപ്പെട്ട അസ്രാണിജി! നിങ്ങളുടെ വ്യക്തിത്വം കൊണ്ട് ഈ ലോകത്തെ ജീവിക്കാൻ കൂടുതൽ നല്ലൊരിടമാക്കി മാറ്റിയതിന് നന്ദി!! സ്ക്രീനിലും ജീവിതത്തിലും! ഞങ്ങൾക്ക് നിങ്ങളെ നഷ്ടപ്പെടും! എന്നാൽ സിനിമയും ആളുകളെ ചിരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവും വരും വർഷങ്ങളിലും നിങ്ങളെ ജീവനോടെ നിലനിർത്തും! ഓം ശാന്തി.’

ഷോലെ സംവിധായകൻ രമേശ് സിപ്പിയുടെ വാക്കുകൾ ഇങ്ങനെ: "അദ്ദേഹത്തിന്റെ മരണം പെട്ടെന്നുള്ളതായി തോന്നുന്നു. അദ്ദേഹം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഷോലെയിലെ വേഷം വേറിട്ടുനിൽക്കുന്നു. ഞാൻ അദ്ദേഹത്തെ ഒരുപാട് കാലം ഓർക്കും. അത് അദ്ദേഹത്തിന് വേണ്ടി ജനിച്ച വേഷമായിരുന്നു.

എന്നാൽ ഇങ്ങനെയൊരു ദിവസം ഇതെല്ലാം പറയുന്നത് നല്ലതല്ല. ഒരുപക്ഷേ അദ്ദേഹത്തെ ഓർക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഇതാണെന്ന് തോന്നുന്നു. ഷോലെയിലെ ആ  കഥാപാത്രത്തിന് അസ്രാണിയായിരിക്കും ഏറ്റവും അനുയോജ്യനായ വ്യക്തിയെന്ന് ഞങ്ങൾക്കെല്ലാം തോന്നി. ഞങ്ങൾ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. ഈ വേഷം ചെയ്യാൻ വന്നതിൽ അദ്ദേഹം വളരെ സന്തുഷ്ടനായിരുന്നു." പിടിഐക്ക് നൽകിയ അഭിമുഖത്തിനിടെ സിപ്പി പറഞ്ഞു.

അസ്രാണി മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്റെ വരാനിരിക്കുന്ന പ്രിയദർശൻ ചിത്രമായ ഹെെവാന്റെ സെറ്റിൽ ഒരുമിച്ച് പ്രവർത്തിച്ചതായും അദ്ദേഹത്തിന്റെ വിയോഗത്തിൽ തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നുമായിരുന്നു അക്ഷയ്കുമാർ പറഞ്ഞത്. തന്റെ എക്സ് അക്കൗണ്ടിലൂടെ ഏറെ വെെകാരികമായി കുറിപ്പും താരത്തോടൊപ്പമുള്ള ഒരു സന്തോഷ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു:

"അസ്രാണിജിയുടെ വിയോഗത്തിൽ ദുഃഖം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല. ഒരാഴ്ച മുൻപ് 'ഹൈവാന്റെ' ഷൂട്ടിങ്ങിനിടെ ഞങ്ങൾ സന്തോഷത്തോടെ ആലിംഗനം ചെയ്തിരുന്നു. വളരെ നല്ല മനുഷ്യനായിരുന്നു... അദ്ദേഹത്തിന് മികച്ച കോമിക് ടൈമിങ് ഉണ്ടായിരുന്നു."

ഹേരാ ഫേരി, ഭാഗം ഭാഗ്, ദേ ദനാ ദൻ തുടങ്ങിയ ചിത്രങ്ങളിൽ അക്ഷയ് കുമാറും അസ്രാണിയും ഒരുമിച്ച് അഭിനയിച്ചു. ഭൂത് ബംഗ്ലാ, ഹൈവാൻ തുടങ്ങിയ വരാനിരിക്കുന്ന സിനിമകളിലും അവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Veteran actor Govardhan Asrani, beloved for his iconic comedic roles in Bollywood, has passed away, remembered for his performances.