ഗൗരി ഖാന്റേത് 1600 കോടിയുടെ സാമ്രാജ്യം; പ്രമുഖരുടെ സ്വപ്നഭവനങ്ങളിൽ ഗൗരിയുടെ വർക്കുകൾ

ഗൗരി ഖാൻ | PTI
ഗൗരി ഖാൻ | PTI

55-ാം പിറന്നാളിന്റെ നിറവിലാണ് ബോളിവുഡിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളായ ഗൗരി ഖാൻ. ഷാരൂഖ് ഖാന്റെ ഭാര്യ എന്നതിലപ്പുറം സ്വന്തംനിലയിൽ വളർന്നുവന്ന ഒരു സംരംഭകയാണവർ. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും സിനിമാ നിർമ്മാതാവ്, ഇന്റീരിയർ ഡിസൈനർ എന്നീ നിലകളിൽ വർഷങ്ങൾ പരിശ്രമിച്ച് കോടികളുടെ ഒരു സാമ്രാജ്യം തന്നെ ഗൗരി കെട്ടിപ്പടുത്തിട്ടുണ്ട്. വ്യവസായ രംഗത്തെ കണക്കുകൾ പ്രകാരം അവരുടെ ആസ്തി ഏകദേശം 1,600 കോടി രൂപയാണ്.

ഒരു സൂപ്പർതാരത്തിന്റെ ഭാര്യ എന്നതിനപ്പുറം സർഗ്ഗാത്മകതയും ബിസിനസ്സ് വൈദഗ്ദ്ധ്യവുമാണ് ഗൗരിയുടെ വിജയരഹസ്യം. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനികളിലൊന്നായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ സഹസ്ഥാപകയാണ് (ഷാരൂഖ് ഖാനൊപ്പം) ഗൗരി. 2017-ൽ 'ഗൗരി ഖാൻ ഡിസൈൻസ്' എന്ന സ്വന്തം ബ്രാൻഡുമായി ആഡംബര ഇന്റീരിയർ ഡിസൈനിങ് രംഗത്തേക്ക് പ്രവേശിച്ചു.

മുംബൈയിലെ ജുഹുവിലുള്ള അവരുടെ സ്റ്റുഡിയോ ഇന്നേറെ പ്രശസ്തമാണ്, ഉപഭോക്താക്കളുടെ ഇഷ്ടത്തിനൊത്ത് ഫർണിച്ചറുകൾ, അലങ്കാര വസ്തുക്കൾ, കസ്റ്റമൈസ്ഡ് ഇന്റീരിയർ പ്രോജക്റ്റുകൾ എന്നിവ നിർമിച്ചുനൽകുന്ന പ്രധാന കേന്ദ്രമാണിത്.

ആലിയ ഭട്ട്, രൺബീർ കപൂർ, കത്രീന കൈഫ് മുതൽ കരൺ ജോഹർ, ജാക്വലിൻ ഫെർണാണ്ടസ്, അനന്യ പാണ്ഡെ തുടങ്ങിയ ബോളിവുഡിലെ പ്രമുഖർ വരെ തങ്ങളുടെ സ്വപ്നഭവനങ്ങൾ യാഥാർഥ്യമാക്കാൻ വിശ്വസിച്ചേൽപ്പിച്ചത് ഗൗരി ഖാനെയാണ്. മനോഹരവും ആധുനികവുമായ ഡിസൈനുകൾക്ക് പേരുകേട്ട ഗൗരിയുടെ വർക്കുകൾ, ആർക്കിടെക്ചറൽ ഡൈജസ്റ്റ്, വോഗ് തുടങ്ങിയ മുൻനിര ഡിസൈൻ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വന്തം വീടായ 'മന്നത്തി'ന്റെ ഇന്റീരിയൽ ഡിസൈനിങ് ചെയ്തതും ഗൗരി തന്നെ. വീടുകൾ മാത്രമല്ല, മുംബൈയിലെ ആഡംബര റെസ്റ്റോറന്റായ 'ടോറി' ഉൾപ്പെടെയുള്ള ലൈഫ്‌സ്റ്റൈൽ, ഹോസ്പിറ്റാലിറ്റി സംരംഭങ്ങളിലേക്കും അവർ കടന്നിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Celebrate Gauri Khan`s birthday! Discover the self-made entrepreneur and interior design icon who built a Rs 1600 crore empire, transforming Bollywood`s dream homes.