പുരുഷ ഫുട്ബോളിൽ തിളങ്ങിയ വനിതാ പരിശീലകരെ പരിചയപ്പെടാം

മേരി ലൂയിസ് എറ്റ | GettyImages
മേരി ലൂയിസ് എറ്റ | GettyImages

പന്തിന്റെ പിന്നാലെയുള്ള ലോകത്തിന്റെ സഞ്ചാരം തുടങ്ങിയിരിക്കുന്നു. 23-ാമത് ഫുട്‌ബോൾ ലോകകപ്പിന് വ്യാഴാഴ്ച കിക്കോഫായി. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നടക്കുന്ന ലോകകപ്പിൽ 48 ടീമുകൾ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പായി ഇത് മാറി.

പുരുഷ ലോകകപ്പാണെങ്കിലും സ്ത്രീകൾക്കും ഇത്തവണ ടൂർണമെന്റിൽ പങ്കാളിത്തമുണ്ട്. ആറ് വനിതാ റഫറിമാരാണ് ഈ ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ലോകകപ്പിൽ ഒരു ടീമിന്റെ പരിശീലകയായോ സഹപരിശീലകയായോ വനിതകൾ എത്തുന്നില്ലെങ്കിലും സമീപകാലത്ത് വനിതാ പരിശീലകർ പുരുഷ ഫുട്‌ബോളിൽ സജീവമാകുന്നുണ്ട്. അത്തരത്തിൽ പുരുഷ ഫുട്‌ബോളിൽ തിളങ്ങിയ വനിതാ പരിശീലകരെ പരിചയപ്പെടാം.

മേരി ലൂയിസ് എറ്റ
ജർമൻ ബുണ്ടസ് ലിഗയിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്നാണ് യൂണിയൻ ബെർലിൻ. കഴിഞ്ഞ ഏപ്രിലിലാണ് മേരി ലൂയിസ് എറ്റ ബെർലിന്റെ താത്ക്കാലിക പരിശീലകയാകുന്നത്. നിലവിലുണ്ടായിരുന്ന കോച്ച് സ്‌റ്റെഫാൻ ബോംഗാർട്ടിനെ പുറത്താക്കിയതോടെയാണ് എറ്റയ്ക്ക് ചുതമല നൽകിയത്‌. ഇതോടെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏതിലെങ്കിലുമൊന്നിൽ പരിശീലിപ്പിക്കുന്ന ആദ്യ വനിതയായി എറ്റ. നടപ്പ് സീസൺ വരെയായിരുന്നു എറ്റയുടെ കാലാവധി. പുതിയ സീസൺ മുതൽ യൂണിയൻ ബെർലിന്റെ വനിതാ ടീമിന്റെ പരിശീലകയായി എറ്റ എത്തും.

സബ്രിന വിറ്റ്മാൻ
2024-ലാണ് സബ്രിന വിറ്റ്മാൻ ജർമൻ ക്ലബ്ബ് എഫ്.സി. ഇംഗോൾസ്റ്റാറ്റിന്റെ പരിശീലകയാവുന്നത്. രണ്ട് വർഷം മുൻപ് ഏറ്റെടുത്ത റോൾ ഇപ്പോഴും അവർ വഹിക്കുന്നു. 34-കാരിയായ വിറ്റ്മാൻ ക്ലബ്ബിന്റെ അക്കാദമി പരിശീലകയായിട്ടായിരുന്നു തുടങ്ങിയത്.

ഹെലൻ എൻകോവ്ച
ബ്രിട്ടീഷുകാരിയായ ഹെലെൻ എൻകോവ്ച 2021-ലാണ് പുരുഷ ടീമിന്റെ പരിശീലകയാവുന്നത്. ഫറോ ദ്വീപുകളിലെ ക്ലബ്ബായ ട്വോറോയർ ബോൾട്ട്‌ഫെലാഗിന്റെ പരിശീലകയായിട്ടായിരുന്നു അവർ റെക്കോഡിട്ടത്. താരമെന്ന നിലയിൽ മിൽവാൾ, വിംബിൾഡൺ, ക്രിസ്റ്റൽ പാലസ്, ഫുൾഹാം ക്ലബ്ബുകൾക്ക് കളിച്ചിട്ടുണ്ട് ഹെലെൻ.

ഹെലെന കോസ്റ്റ
വർഷങ്ങൾക്ക് മുൻപേ വാർത്തകളിൽ നിറഞ്ഞ പരിശീലകയാണ് ഹെലെന കോസ്റ്റ. 12 വർഷം ഫ്രഞ്ച് ലീഗ്-2 ലെ ക്ലെർമോണ്ട് ഫൂട്ടിന്റെ പരിശീലകയായി കോസ്റ്റയെ നിയമിച്ചു. എന്നാൽ, ഒരു മത്സരത്തിൽ ടീമിനെ ഇറക്കുന്നതിന് മുൻപേ അവർ സ്ഥാനം രാജിവെച്ചു. ഇറാൻ, ഖത്തർ വനിതാ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള കോസ്റ്റ പോർച്ചുഗലുകാരിയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Highlighting female coaches who managed men's professional teams., Marie-Louise Eta's historic role in the German Bundesliga., Sabrina Wittmann's ongoing tenure at FC Ingolstadt., Historical context of pioneers like Helen Nkwocha and Helena Costa., The evolution of gender roles in global football management.