23 വയസ്സിൽ വിവാഹം കഴിക്കാനാഗ്രഹിച്ചപ്പോൾ അമ്മയാണ് തടഞ്ഞത്- ഫറാ ഖാൻ

ബോളിവുഡിലെ പേരെടുത്ത സംവിധായികയും നിർമാതാവും കൊറിയോഗ്രാഫറുമെല്ലാമാണ് ഫറാ ഖാൻ. 39-ാം വയസ്സിലാണ് ഫറ വിവാഹിതയാവുന്നത്. ഇപ്പോഴിതാ, 20-കളിൽ പ്രായമുള്ളപ്പോൾ താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും, അതിൽ നിന്ന് തന്നെ തടഞ്ഞത് അമ്മയാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണവർ.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അപൂർവ്വ മുഖിജയുമായി നടത്തിയ സംഭാഷണത്തിലാണ് വിവാഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ ഫറ പങ്കുവെച്ചത്.
23 വയസ്സുള്ള മുഖിജ, ഉടൻ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴായിരുന്നു ഫറയുടെ പ്രതികരണം. ''ഇത്ര ചെറുപ്പത്തിൽ ഒരിക്കലും വിവാഹം കഴിക്കരുത്. 23 വയസ്സിൽ ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്റെ ജീവിതത്തിൽ ഇനി എന്താണ് ബാക്കിയുള്ളത് എന്ന ചിന്തയായിരുന്നു എനിക്ക്. അപ്പോൾ എന്റെ അമ്മ പറഞ്ഞു, 'ഇത്ര ചെറുപ്പത്തിൽ നീ വിവാഹം കഴിക്കുകയാണെങ്കിൽ, ഞാൻ നിന്നെ വീട്ടിൽ നിന്ന് പുറത്താക്കും' എന്ന്. ഞാൻ കരയുകയും ബഹളമുണ്ടാക്കുകയും ചെയ്തു. 'മറ്റുള്ള മാതാപിതാക്കൾ അവരുടെ പെൺമക്കൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു, നിങ്ങളെന്റെ ശത്രുവാണ്' എന്നുപോലും അമ്മയോട് പറഞ്ഞു''-ഫറ വെളിപ്പെടുത്തി.
"എന്നാൽ 40-നോടടുത്ത പ്രായത്തിലാണ് ഞാൻ വിവാഹം കഴിച്ചത് എന്നതിൽ അമ്മയോട് നന്ദിയുണ്ട്. ഞാൻ സന്തോഷവതിയാണ്. എനിക്ക് ഭംഗിയുള്ള മൂന്ന് കുട്ടികളും നല്ലൊരു ഭർത്താവുമുണ്ട്. 40 വയസ്സിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാം"-ഫറ പറഞ്ഞു.
ഫറയുടെ ഭർത്താവ് ഷിരീഷ് കുന്ദർ ചലച്ചിത്ര സംവിധായകനും എഡിറ്ററുമാണ്. 2004-ൽ 'മേം ഹൂം നാ' എന്ന ചിത്രത്തിലൂടെ ഫറ സംവിധാന രംഗത്തേക്ക് കടന്നപ്പോഴാണ് കുന്ദറിനെ കണ്ടുമുട്ടിയത്. 2004-ൽ ഇവർ വിവാഹിതരായി. 2008-ൽ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ ജനിച്ചു.
'ഹാപ്പി ന്യൂ ഇയർ' (2014) ആണ് ഫറ സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദീപിക അരങ്ങേറ്റം കുറിച്ച 'ഓം ശാന്തി ഓം' സംവിധാനം ചെയ്തതും ഫറയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi