നായകന് സൗന്ദര്യം കൂടിപ്പോയി,ആരാധികമാരുടെ ആത്മഹത്യ, കോടതി വിലക്ക്

ഇന്ത്യന്‍ ആരാധകരുടെ ഹൃദയത്തില്‍ സിനിമയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. സിനിമയെ ജീവിതമായും കഥാപാത്രങ്ങളെ പരിചയക്കാരായും കാണുന്ന പ്രേക്ഷകരാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ട് അഭിനേതാക്കള്‍ സിനിമയെക്കാള്‍ വലുതാണ്. അവര്‍ താരങ്ങളോ ദൈവങ്ങളോ ഒക്കെയാണ്. അതിമാനുഷിക പരിവേഷം കിട്ടിയ സിനിമാതാരങ്ങളുടെ നിരയില്‍ മുന്‍പന്തിയിലുണ്ട് ദേവ് ആനന്ദിന്റെ പേര്. പുരുഷസൗന്ദര്യത്തിന്റെ ഉദാത്ത മാതൃകയായി അദ്ദേഹം വാഴ്ത്തപ്പെടുന്നു.
1950-60 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ രാജാവായിരുന്നു ദേവ് ആനന്ദ്. ആരാധകരുടെ സ്‌നേഹവായ്പുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും സ്വകാര്യത ഏറെക്കുറെ ഇല്ലാതാക്കി. പുറത്തിറങ്ങിയാല്‍ ആള്‍ക്കൂട്ടത്തിന്റെ ബഹളം. സ്ത്രീകള്‍ക്കിടയിലായിരുന്നു ദേവ് ആനന്ദിന് ആരാധകര്‍ കൂടുതല്‍. ആരാധികമാര്‍ അദ്ദേഹത്തെ സാദാ പൊതിഞ്ഞു.
'കാലാപാനി' (1958) എന്ന സിനിമയില്‍ ദേവ് ആനന്ദ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്യൂട്ട് ധരിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സ്‌റ്റൈലും ലുക്കും അതോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ദേവ് ആനന്ദ് സ്യൂട്ട് ധരിക്കുന്നത് കാണാണായി മാത്രം ജനം തിയേറ്ററിലെത്തി. അതോടെ ജീവിതത്തിലും ദേവ് ബ്ലാക്ക് സ്യൂട്ട് സ്‌റ്റൈല്‍ സ്വീകരിച്ചു.
പൊതുവേദികളില്‍ അദ്ദേഹത്തെ കാണാന്‍ സ്ത്രീകള്‍ തടിച്ചുകൂടുമായിരുന്നു. ആ സൗന്ദര്യം കണ്ടു മയങ്ങിയ ചില സ്ത്രീകള്‍ക്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു പരിക്കേറ്റു. എന്തിന്, ആ പ്രഭാവം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത ആരാധികമാര്‍ വരെയുണ്ട്.
കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ കോടതി ഇടപെടല്‍ ഉണ്ടായതത്രെ. ദേവ് ആനന്ദ് കറുത്ത കോട്ട് ധരിച്ചു പൊതുവേദികളില്‍ വരരുതെന്ന് കോടതി പറഞ്ഞുപോലും. കാലാന്തരങ്ങളോളം പ്രചരിച്ചു വന്നതാണ് ഈ വിലക്കിന്റെ കഥ. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല എന്നാണ് ആത്മകഥയില്‍ ദേവ് ആനന്ദ് തന്നെ പറയുന്നത്.
Content Highlights: veteran actor dev anand was banned from wearing black suit