മമ്മൂട്ടിയെ അഭിമുഖം നടത്തി ശ്രദ്ധിക്കപ്പെട്ട ദുബായ് വ്‌ളോഗർ; ഇപ്പോൾ ഇന്ത്യൻനടിയുമായുള്ള പ്രണയം വെളിപ്പെടുത്തി ഖാലിദ്

ഖാലിദ് അൽ അമേരി മമ്മൂട്ടിക്കൊപ്പം, സുനൈനയും ഖാലിദും
ഖാലിദ് അൽ അമേരി മമ്മൂട്ടിക്കൊപ്പം, സുനൈനയും ഖാലിദും

ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ഖാലിദ് അൽ അമേരി ഇപ്പോൾ വാർത്തകളിലിടം നേടുന്നത് ഇന്ത്യൻബന്ധത്തിന്റെ പേരിലാണ്. തമിഴ് നടി സുനൈനയുമായി പ്രണയത്തിലാണെന്ന് തന്റെ പിറന്നാൾ ദിനത്തിലാണ് അദ്ദേഹം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ ഖാലിദിനായി സുനൈന സർപ്രൈസ് പാർട്ടിയൊരുക്കിയിരുന്നു. ആ ചിത്രങ്ങൾ ഖാലിദ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. അതിൽ അവസാനത്തെ ഫോട്ടോ സുനൈനയ്‌ക്കൊപ്പമുള്ള മിറർ സെൽഫിയാണ്. മറ്റൊരു ചിത്രത്തിൽ കൈകോർത്തുപിടിച്ചിരിക്കുന്ന ഖാലിദിനെയും സുനൈനയെയും കാണാം. അതോടെ ഖാലിദ് തന്റെ പ്രണയം തുറന്നുപറഞ്ഞതായുള്ള വാർത്തകൾ വന്നത്.

കഴിഞ്ഞവർഷം ജൂലായിൽ സുനൈന ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. രണ്ട് കൈകളുടെ മാത്രം ചിത്രം. അതേപോലൊന്ന്, ഏകദേശം അതേ സമയത്ത് ഖാലിദും പോസ്റ്റ് ചെയ്തു. ആ ചിത്രത്തിന് പരസ്പരം ലൈക്ക് അടിച്ചതോടെയാണ് പ്രണയമാണെന്ന തരത്തിലുള്ള വാർത്തകൾ വന്നത്. പിന്നാലെ, തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി സുനൈന വെളിപ്പെടുത്തി. എങ്കിലും ആളാരാണെന്ന് പറഞ്ഞിരുന്നില്ല.

അതിനുശേഷവും സുനൈനയുടെയും ഖാലിദിന്റെയും പല ചിത്രങ്ങളിലും ആരാധകർ സമാനതകൾ കണ്ടുപിടിച്ചു. അതോടെ പ്രണയത്തിലാണെന്ന് ഉറപ്പിച്ചു. നേരത്തെ തന്നെ അടുത്തസുഹൃത്തുക്കളാണ് സുനൈനയും ഖാലിദും.

ദുബായിലെ ഏറ്റവും ജനകീയനായ വ്‌ളോഗർമാരിലൊരാൾ കൂടിയാണ് ഖാലിദ്. കേരളീയ ഭക്ഷണം, സംസ്‌കാരം, ആഘോഷങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അദ്ദേഹം പലപ്പോഴും വീഡിയോകൾ നിർമിച്ചിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് നടൻ മമ്മൂട്ടിയുമായുള്ള ഖാലിദിന്റെ അഭിമുഖവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽനിന്നുള്ള ചെറിയ ക്ലിപ്പുകൾ വൈറലാവുകയും ചെയ്തു.

ആ അഭിമുഖത്തിലെ മമ്മൂട്ടിയുടെ ചില ഉത്തരങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. 'എത്ര നാള് അവരെന്നെ ഓർക്കും. ഒരു വർഷം, 10 വർഷം, 15 വർഷം? കഴിഞ്ഞു. ലോകാവസാനം വരെ മനുഷ്യർ നമ്മളെ ഓർത്തിരിക്കണമെന്നു പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആർക്കുമുണ്ടാവില്ല. ഞാൻ ആയിരക്കണക്കിന് നടൻമാരിൽ ഒരാൾ മാത്രമാണ്'. ഒരു ചോദ്യത്തിനുള്ള ഉത്തരമായി മമ്മൂട്ടി അന്ന് പറഞ്ഞതിങ്ങനെ.

അതിനുശേഷം മമ്മൂട്ടി കമ്പനിയും റീൽ വേൾഡ് എന്റർടെയിൻമെന്റും ചേർന്ന് നിർമിക്കുന്ന 'ചത്ത പച്ച: ദ റിങ് ഓഫ് റൗഡീസ്' എന്ന സിനിമയിലേക്ക് അദ്ദേഹത്തിന് അവസരവും കിട്ടി. അതിഥിവേഷത്തിലാണ് ഖാലിദ് സിനിമയിൽ വരുന്നത്. കുമാർ vs കുമാരി, കാതലിൽ വിഴുന്തേൻ, നീർവറവൈ തുടങ്ങിയവയാണ് സുനൈനയുടെ പ്രധാനസിനിമകൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Dubai vlogger Khalid, known for interviewing Mammootty, confirms relationship with Tamil actress Sunaina. See surprise party pics and more