ഒൻപതാം വയസ്സിൽ കല്യാണം, പതിനാലാം വയസ്സിൽ അമ്മ; ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ ആനന്ദിബായ് ജോഷിയുടെ ജീവിതം

ആനന്ദിഭായി ജോഷി, ആനന്ദി സഹപാഠികൾക്കൊപ്പം / pic: timesnow
ആനന്ദിഭായി ജോഷി, ആനന്ദി സഹപാഠികൾക്കൊപ്പം / pic: timesnow

ഇന്ത്യയുടെ മെഡിക്കൽ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചുവരികയാണ്. സ്ത്രീ ശാക്തീകരണ ചരിത്രത്തിലെ ഒരു സുപ്രധാന നേട്ടമാണ് ഇത്. തങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഇന്ത്യൻ സ്ത്രീകൾ വൈദ്യശാസ്ത്രരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുക മാത്രമല്ല, സമൂഹത്തിൽ മാറ്റം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. മെഡിക്കൽ രംഗത്ത് സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ ഖ്യാതി ഡോ. ആനന്ദിബായ് ജോഷിക്ക് അവകാശപ്പെട്ടതാണ്. പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ നിന്ന് പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയ ആദ്യത്തെ ഇന്ത്യൻ വനിതാ ഡോക്ടറായിരുന്നു ഡോ. ആനന്ദിബായ് ജോഷി. തന്റെ ഹ്രസ്വമായ ജീവിതത്തിനുള്ളിൽ വൈകാരികവും മാനസികവും ശാരീരികവും സാമൂഹികവുമായ നിരവധി പ്രക്ഷുബ്ധതകൾ അവർ നേരിട്ടു. മെഡിക്കൽ ബിരുദം നേടിയതിൽ അഭിനന്ദിച്ചുകൊണ്ട് വിക്ടോറിയ രാജ്ഞി വരെ ആനന്ദിക്ക് കത്തയച്ചിട്ടുണ്ട്.

1865 മാർച്ച് 31-ന് മഹാരാഷ്ട്രയിലെ കല്യാണിലെ ഒരു ബ്രാഹ്‌മണ കുടുംബത്തിൽ ഗംഗാബായിയുടെയും ഗണപത്റാവു ജോഷിയുടെയും മകളായാണ് ആനന്ദി ജനിച്ചത്, പത്തുമക്കളിൽ ആറാമത്തെ കുട്ടി. യമുന എന്നാണ് മാതാപിതാക്കൾ പേരിട്ടത്. കുട്ടിക്കാലത്ത് അവളുടെ വിദ്യാഭ്യാസത്തിന് അച്ഛൻ തന്നാൽ കഴിയുന്ന വിധം എല്ലാ പ്രോത്സാഹനങ്ങളും നൽകി. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ശൈശവവിവാഹം ഒരു സാധാരണ സമ്പ്രദായമായിരുന്നതിനാൽ ഒൻപതാം വയസ്സിൽ യമുനയ്ക്ക് കല്യാണം കഴിക്കേണ്ടി വന്നു. അവളേക്കാൾ ഏകദേശം ഏകദേശം 20 വയസ്സിനു മൂത്ത ഗോപാൽറാവു ജോഷി ആയിരുന്നു വരൻ. അദ്ദേഹമാണ് അവൾക്ക് ആനന്ദി എന്ന് പേര് നൽകിയതും. പുരുഷാധിപത്യം നിലനിന്നിരുന്ന യാഥാസ്ഥിതിക ഇന്ത്യൻ സമൂഹത്തിൽ അവർക്ക് സ്വന്തമായി ഒരു പാത വെട്ടിത്തുറക്കാൻ കഴിഞ്ഞതിൽ ഭർത്താവിന്റെ പിന്തുണ ചെറുതൊന്നുമല്ല. 14-ാം വയസ്സിൽ ആനന്ദിഭായി ഒരു അമ്മയാവുകയും ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ആവശ്യമായ വൈദ്യസഹായം ലഭിക്കാത്തതിനാൽ ജനിച്ച് 10 ദിവസത്തിനുള്ളിൽ തന്നെ ആ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

സമയബന്ധിതമായ വൈദ്യസഹായത്തിന് തന്റെ നവജാതശിശുവിനെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നു മനസിലാക്കിയശേഷമാണ് അവർക്കുള്ളിൽ ഡോക്ടറാവണമെന്ന അതിയായ ആഗ്രഹം ഉണ്ടായത്. താൻ ഒരു ഡോക്ടറായാൽ വൈദ്യസഹായം ലഭിക്കാതെ കരയേണ്ട അവസ്ഥ മറ്റു സ്ത്രീകൾക്ക് ഉണ്ടാവരുതെന്ന് അവർ മനസിൽ ഉറപ്പിച്ചിരുന്നു. അതിനുശേഷമാണ് ഇംഗ്ലീഷും സംസ്‌കൃതവും പഠിക്കാനായി അവർ ഭർത്താവിനൊപ്പം കൽക്കട്ടയിലേക്ക് താമസം മാറിയത്. പിന്നീട് അമേരിക്കയിൽ വൈദ്യശാസ്ത്രം പഠിക്കാൻ ആനന്ദിബായി ജോഷിയെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഭർത്താവ് ഗോപാൽറാവു അമേരിക്കൻ മിഷനറിയായ റോയൽ വൈൽഡറിന് ഒരു കത്തെഴുതി. വൈൽഡർ പ്രിൻസ്റ്റണിന്റെ മിഷനറി റിവ്യൂവിൽ പ്രസിദ്ധീകരിച്ച ആ കത്ത് ന്യൂജേഴ്‌സിയിലെ തിയോഡീഷ്യ കാർപെന്റർ വായിക്കാനിടയായി. ആനന്ദിബായിയുടെ വൈദ്യശാസ്ത്ര പഠനത്തോടുള്ള താൽപ്പര്യത്തിലും അതിനുള്ള ഭർത്താവിന്റെ പിന്തുണയിലും അവർക്ക് അതിയായ മതിപ്പ് തോന്നി. ഏകദേശം രണ്ട് വർഷത്തോളം നീണ്ട തിയോഡീഷ്യയുമായുള്ള ആശയവിനിമയം അഡ്മിഷൻ ലഭിക്കാൻ ആനന്ദിക്ക് വളരെയധികം ഗുണം ചെയ്തു. 

1886-ൽ തന്റെ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയ അവർക്ക് കോലാപ്പൂരിലെ എഡ്വേർഡ് ആൽബർട്ട് മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ചുമതല ലഭിക്കുകയും അവിടെ ഫിസിഷ്യൻ-ഇൻ-ചാർജ് ആയി നിയമിതയാവുകയും ചെയ്തു. എന്നിരുന്നാലും 22 വയസ്സ് തികയുന്നതിന് മുമ്പു തന്നെ ക്ഷയരോഗം അവരുടെ ജീവൻ കവർന്നെടുത്തു. ഹ്രസ്വമായ ജീവിതത്തിനിടയിലും, ഡോ. ആനന്ദിബായി ജോഷി രാജ്യത്തുടനീളമുള്ള സ്ത്രീകളെ പ്രചോദിപ്പിക്കുകയും ഇന്ത്യൻ ആരോഗ്യരംഗത്തെ ഒരു വഴികാട്ടിയായി മാറുകയും ചെയ്തു. കൂടുതൽ കാലം ജീവിക്കാനായിരുന്നെങ്കിൽ ഒരുപക്ഷേ ആരോഗ്യരംഗത്ത് ലോകോത്തരമായ പല സംഭാവനകളും അവരുടെ ഭാഗത്തു നിന്നുണ്ടായേനെ എന്ന് ഉറപ്പിച്ചു പറയാം. അവരുടെ മഹത്തായ സംഭാവനയെ മാനിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ ഇൻ സോഷ്യൽ സയൻസസ്, വൈദ്യശാസ്ത്രത്തിനുള്ള ആനന്ദിബായി ജോഷി അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഗവൺമെന്റ്, സ്ത്രീകളുടെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്ന യുവതികളെ ആദരിക്കുന്നതിനായി അവരുടെ പേരിൽ ഒരു ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നുണ്ട്.സമീർ വിദ്വാൻസ് സംവിധാനം ചെയ്ത അവരുടെ ജീവിതത്തെക്കുറിച്ചുള്ള 'ആനന്ദി ഗോപാൽ' എന്ന മറാത്തി ജീവചരിത്ര സിനിമയും 2019ൽ പുറത്തിറങ്ങി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: inspiring story of Dr. Anandibai Joshi, India`s first female doctor, who overcame societal barriers to pursue her medical dream.