പണമില്ലാത്തതിനാൽ ധർമേഷിന് പഠിക്കാൻ കഴിഞ്ഞില്ല; ഇന്ന് കൊറിയോഗ്രഫിയിലൂടെ നേടുന്നത് കോടികൾ

ബോളിവുഡിലെ വിലപിടിപ്പുള്ള കൊറിയോഗ്രാഫർമാരിലൊരാളാണ് ധർമേഷ് യെലാൻഡെ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽനിന്ന് വന്ന്, ബോളിവുഡിൽ സ്വന്തമായി മേൽവിലാസമുണ്ടാക്കിയ കഥയാണ് അദ്ദേഹത്തിന്റേത്.
വഡോദരയിലാണ് ജനിച്ചതും വളർന്നതുമെല്ലാം. അച്ഛന് ചായക്കടയായിരുന്നു. അവിടുന്നുള്ള വരുമാനം കൊണ്ടാണ് മൂന്നുമക്കളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ചെറുപ്പംമുതലേ നൃത്തമായിരുന്നു ധർമേഷിന്റെ മനസ്സുമുഴുവൻ. പരിശീലിക്കാൻ വേറെ സ്ഥലമില്ലാത്തതിനാൽ, തെരുവിലായിരുന്നു നൃത്തം പഠിച്ചതും പരിശീലിച്ചതുമെല്ലാം.
അന്ന് ഗോവിന്ദയുടെയും മറ്റ് ബോളിവുഡ് താരങ്ങളുടെയും നൃത്തം അനുകരിച്ച് കൂട്ടുകാരെ രസിപ്പിച്ചു. ആറാം ക്ലാസിൽ ഒരു നൃത്തമത്സരത്തിൽ വിജയിച്ചതോടെ നൃത്തക്ലാസിൽ ചേർത്തു അച്ഛൻ. പക്ഷേ അക്കാലത്ത് കുടുംബത്തിൽ സാമ്പത്തികപരാധീനതകളേറെയായിരുന്നു. അതുകൊണ്ട് നൃത്തക്ലാസിൽ തുടരാൻ കഴിഞ്ഞില്ല. പിന്നീട് പഠനത്തിനായി ബറോഡ യൂണിവേഴ്‌സിറ്റിയിൽ ചേർന്നുവെങ്കിലും, 19-ാം വയസ്സിൽ അവിടുന്ന് പുറത്തുകടന്നു.
സാമ്പത്തികം തന്നെയായിരുന്നു പഠനം പാതിവഴിയിൽ നിർത്താൻ കാരണവും. ഒരോഫീസിൽ പ്യൂണായി ജോലിക്ക് ചേർന്നു. അതിനൊപ്പം അടുത്ത വീടുകളിലെ കുട്ടികളെ നൃത്തം പഠിപ്പിച്ചും പണമുണ്ടാക്കി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ ഗുജറാത്തി സിനിമകളിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായി. ആ പണമെല്ലാം കൂട്ടിവെച്ച് സ്വപ്‌നനഗരമായ മുംബൈയിലെത്തി.
ലക്ഷ്യം ഡാൻസിൽ ഉയരങ്ങൾ കീഴടക്കണമെന്നതുതന്നെ. പല റിയാലിറ്റി ഷോകളുടെയും ഭാഗമായി. ആദ്യം പങ്കെടുത്തത് ദൂരദർശനിലെ 'ക്രേസി കിയാ രേ' എന്ന റിയാലിറ്റി ഷോയിലാണ്. അതിൽ റണ്ണറപ്പ് ആയി. 2008-ൽ സോണിയിലെ 'ബൂഗി വൂഗി മഹായുദ്ധി'ൽ ജേതാവായി. അന്ന് സമ്മാനമായി ലഭിച്ചത് അഞ്ചുലക്ഷം രൂപയാണ്. കുടുംബത്തിന്റെ കടങ്ങൾ തീർക്കാനാണ് ആ പണം ഉപയോഗിച്ചത്. അടുത്തതായി പങ്കെടുത്ത 'ഡാൻസ് ഇന്ത്യ ഡാൻസി'ലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. മത്സരാർഥിയായെത്തിയ അതേ റിയാലിറ്റി ഷോയിൽ ജഡ്ജാവാനും ധർമേഷിന് കഴിഞ്ഞു.
2010-ലാണ് ബോളിവുഡ് സിനിമയിലേക്കെത്തുന്നത്. 'തീസ് മാർ ഖാൻ' എന്ന ഫറാ ഖാന്റെ സിനിമയ്ക്കുവേണ്ടിയായിരുന്നുവത്. 2013-ൽ 'എനിബഡി ക്യാൻ ഡാൻസ്' എന്ന ഡാൻസ് ഡ്രാമയിലൂടെ അഭിനയത്തിലേക്കും കടന്നു. സൽമാൻ യൂസഫ് ഖാൻ, പ്രഭു ദേവ എന്നിവർക്കൊപ്പമാണ് ധർമേഷ് അഭിനയിച്ചത്. 'ഡാൻസ് പ്ലസ്' എന്ന റിയാലിറ്റി ഷോയിൽ തുടർച്ചയായി അഞ്ചുവർഷം മെന്ററായി. പതുക്കെപ്പതുക്കെ ധർമേഷ് യെലാൻഡെ എന്ന പേര് ഹിന്ദിസിനിമാലോകത്ത് സുപരിചിതമായി. ഇന്ന് വഡോദരയിൽ 'ഡി വൈറസ് ഡാൻസ് അക്കാദമി' എന്ന പേരിൽ സ്വന്തമായൊരു ഡാൻസ് അക്കാദമിയുണ്ട് അദ്ദേഹത്തിന്. റിയാലിറ്റി ഷോകളിൽ ജഡ്ജാവുന്നതിന് ഒരു എപ്പിസോഡിന് എട്ടുലക്ഷം രൂപയാണ് പ്രതിഫലം. സിനിമയിൽ കൊറിയോഗ്രഫി ചെയ്യുന്നതിന് രണ്ടുകോടിയും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the inspiring journey of Dharmesh Yelande, a Bollywood choreographer who overcame financial struggles to achieve immense success and earn crores through his passion for dance