സ്ത്രീകള്‍ മാത്രം പാചകം ചെയ്യുന്ന ഡാര്‍ജിലിങ് എക്‌സ്പ്രസ്; അസ്മ ഖാന്റെ സ്വപ്‌നസംരംഭം

അസ്മ ഖാന്‍ / ഫോട്ടോ: Getty images
അസ്മ ഖാന്‍ / ഫോട്ടോ: Getty images

ലണ്ടനില്‍ ഇന്ത്യന്‍ ഭക്ഷണശാലകള്‍ ഒരുപാടുണ്ട്. അതില്‍നിന്ന് ഡാര്‍ജിലിങ് എക്‌സ്പ്രസിനെ വ്യത്യസ്തമാക്കുന്നത് ഒരുഘടകമാണ്. വീട്ടമ്മമാരാണ് ഇവിടെ പാചകം ചെയ്യുന്നത് മുഴുവന്‍. കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന അസ്മ ഖാന്‍ ആണിതിനുപിന്നില്‍. 

വിവാഹശേഷം 1991-ലാണ് അസ്മയുടെ ജീവിതം ലണ്ടനിലേക്ക് പറിച്ചുനടുന്നത്. പാചകമൊന്നും അറിയാതെയാണ് അവിടെയെത്തുന്നത്. ഭര്‍ത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ സമയം ഇഷ്ടംപോലെയാണ്. അങ്ങനെയാണ് പാചകം പഠിക്കാന്‍ തുടങ്ങുന്നത്. പിന്നെപ്പിന്നെ അത് ഹോബിയായി മാറി.  

ലണ്ടനിലെ അസ്മയുടെ വീടിനുമുന്നിലൊരു സ്‌കൂള്‍ ഉണ്ടായിരുന്നു. അവിടെയുള്ള വിദേശീയരായ കുട്ടികളെ നോക്കിയിരുന്നത് ഇന്ത്യന്‍ നാനി (കെയര്‍ടേക്കര്‍) ആയിരുന്നു. അങ്ങനെയുള്ള അഞ്ചുപേരുമായി അസ്മ സൗഹൃദം സ്ഥാപിച്ചു. സമയം കിട്ടുമ്പോഴെല്ലാം അവര്‍ അസ്മയുടെ വീട്ടിലെത്തി. അവരില്‍ പലര്‍ക്കും കണ്ണീരിന്റെ കഥകളായിരുന്നു പറയാനുണ്ടായിരുന്നത്. അവരുടെ കഥകള്‍ കേട്ട് അസ്മയും അവരോടൊപ്പം കരഞ്ഞു. ഈ വേദനയുടെയും അവഗണനയുടെയും കഥകളില്‍നിന്നാണ് ഡാര്‍ജിലിങ് എക്‌സ്പ്രസിനെക്കുറിച്ച് ചിന്തിച്ചതെന്നാണ് അസ്മ പറയുന്നത്. അങ്ങനെയുള്ള സ്ത്രീകള്‍ക്ക് ഒരാശ്രയം എന്ന നിലയില്‍. 

ആ സ്ത്രീകള്‍ക്കായി പലപ്പോഴും ഭക്ഷണവും കരുതിയിരുന്നു അസ്മ. രുചികരമായ ഭക്ഷണമെന്ന് അവരില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെ, വീട്ടില്‍ തന്നെ ഭക്ഷണമുണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി അവര്‍. സപ്പര്‍ ക്ലബ് എന്ന പേരിലാണ് തുടങ്ങിയത്. ചെറിയ തുക മാത്രമേ അതിനായി വാങ്ങിയിരുന്നുള്ളൂ.

അസ്മ ഖാന്‍ സഹപ്രവര്‍ത്തകരോടൊപ്പം / ഫോട്ടോ കടപ്പാട്: The Guardian

ഒടുവില്‍ ഡാര്‍ജിലിങ് എക്‌സ്പ്രസിലേക്ക്...
2017-ലാണ് ഭക്ഷണശാല തുടങ്ങുന്നത്. ചെറിയ രീതിയിലായിരുന്നുവെങ്കില്‍ പോലും അതിനായി അവര്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചു. ഭക്ഷണശാല തുടങ്ങുമ്പോള്‍ കുറേ തിരിച്ചടികള്‍ നേരിടേണ്ടിവന്നുവെന്ന് അസ്മ പറഞ്ഞിട്ടുണ്ട്. സ്ത്രീയായതുകൊണ്ടും നടത്തിപ്പിനായി ഒരു പുരുഷപങ്കാളി ഇല്ലാത്തതുകൊണ്ടും ഭക്ഷണശാലയ്ക്കായി സ്ഥലംപോലും കിട്ടിയില്ല. അസ്മയുടെ ആവേശത്തിനുമുന്നില്‍ അതെല്ലാം മുട്ടുമടക്കി. കൊല്‍ക്കത്തയിലെ സ്ട്രീറ്റ് ഫുഡും വീടുകളിലെ ഭക്ഷണവുമാണ് ഇവിടെ കൂടുതലായും വിളമ്പിയിരുന്നത്. ചെറുപ്പത്തില്‍ താനെപ്പോഴും യാത്ര ചെയ്തിരുന്ന തീവണ്ടിയുടെ പേര് ഭക്ഷണശാലയ്ക്ക് ഇടുകയും ചെയ്തു അസ്മ. കോവിഡ് കാലത്ത് അടച്ചുപൂട്ടേണ്ടിവന്നുവെങ്കിലും, 2023-ല്‍ പുതിയ സ്ഥലത്ത് 'ഡാര്‍ജിലിങ് എക്‌സ്പ്രസ്' എത്തി. 

ആദ്യം മുതലേ ഒരു കാര്യത്തില്‍ അസ്മ ഉറപ്പുവരുത്തിയിരുന്നു. ഭക്ഷണം തയ്യാറാക്കുന്നത് സ്ത്രീകള്‍ മാത്രമായിരിക്കണം. പുരുഷന്‍മാര്‍ കൂടുതലായുള്ള ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് അവസരം കുറവായതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അതും വലിയ പരിശീലനമൊന്നും ലഭിക്കാത്ത സ്ത്രീകളെ തന്നെ തിരഞ്ഞുപിടിക്കുകയായിരുന്നു.  

സ്ഥിരജോലിയുള്ള സ്ത്രീകളായിരുന്നു ആദ്യമൊക്കെ ഇവിടെ പാചകത്തിനായി എത്തിയിരുന്നത്. ആ ജോലി കഴിഞ്ഞുള്ള ഒഴിവുസമയം ഭക്ഷണശാലയിലേക്കും. അതിനുപിന്നിലൊരു കാരണവുമുണ്ട്. ''ഹോട്ടലില്‍ എത്രത്തോളം പൈസ കിട്ടുമെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല അന്ന്. അവര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റണമെന്നുമില്ല. ഹോട്ടല്‍ അടച്ചുപൂട്ടിയാല്‍ അവര്‍ തൊഴില്‍രഹിതരാവരുതെന്ന ചിന്തയുമുണ്ടായിരുന്നു എനിക്ക്'', അസ്മ വിശദീകരിക്കുന്നു.

ബിരിയാണി ആണിവിടത്തെ ഏറ്റവും ചെലവുള്ള വിഭവം. അതിനായി നേരത്തെ തന്നെ റിസര്‍വ് ചെയ്യുകയും വേണം. ആഴ്ചകളോളം കാത്തുനിന്നിട്ടാണ് പലരും ബിരിയാണി സപ്പര്‍ ടിക്കറ്റ് സംഘടിപ്പിക്കുന്നത്. ''എല്ലാവര്‍ക്കും ഒരുമിച്ചാണ് ബിരിയാണി വിളമ്പുക. പ്രധാന ഡൈനിങ് ഏരിയയില്‍ അതിഥികള്‍ക്ക് മുമ്പിലാണ് ബിരിയാണിച്ചെമ്പ് പൊട്ടിക്കുന്നതും. ബിരിയാണി കഴിച്ചുകഴിഞ്ഞാല്‍ ഡെസേര്‍ട്ടുമുണ്ടാവും. ബിരിയാണി ടിക്കറ്റാണ് ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്നതും. ഒരാള്‍ക്ക് 95 പൗണ്ടാണ് വില'', അസ്മ പറയുന്നു. 

ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ആളുകളുടെ ലിസ്റ്റില്‍ അസ്മയുമുണ്ട്.   

Content Highlights: darjeeling express, the famous restaurant in london and its owner asma khan