2026 ലോകകപ്പ് തന്റെ അവസാന മത്സരമായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ് പോര്‍ച്ചുഗല്‍ സ്ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026-ലെ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് റൊണാള്‍ഡോ പ്രഖ്യാപിച്ചു. ക്ലബ്ബിനും രാജ്യത്തിനുമായി 953 ഗോളുകള്‍ നേടിയ താരം, 'ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍' ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നും പറഞ്ഞു. കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് റൊണാള്‍ഡോയുടെ ആറാമത്തെ ലോകകപ്പ് മത്സരമായിരിക്കും.
റിയാദിലെ ടൂറൈസ് യോഗത്തിൽ വെച്ച് നടത്തിയ അഭിമുഖത്തില്‍, 2026-ലെ ലോകകപ്പ് അദ്ദേഹത്തിന്റെ അവസാനത്തേതായിരിക്കുമോ എന്ന ചോദ്യത്തിന് റൊണാള്‍ഡോ മറുപടി നല്‍കിയത് ഇങ്ങനെയാണ്; “തീര്‍ച്ചയായും, അതെ. അന്ന് എനിക്ക് 41 വയസ്സായിരിക്കും. ഈ വലിയ മത്സരത്തിലെ അവസാന നിമിഷം അതാണെന്ന് ഞാന്‍ കരുതുന്നു."
സൗദി അറേബ്യയില്‍ അല്‍-നസര്‍ ക്ലബ്ബിനുവേണ്ടി കളിക്കുന്ന റൊണാള്‍ഡോ പുരുഷന്മാരുടെ അന്താരാഷ്ട്ര മത്സരങ്ങളിലെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനാണ്. കരിയറില്‍ 1000 ഗോളുകള്‍ എന്ന നാഴികക്കല്ല് ലക്ഷ്യമാക്കി അദ്ദേഹം യാത്ര തുടരുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച താരമാണ് അദ്ദേഹം. കഴിഞ്ഞ ആഴ്ച താന്‍ ഉടന്‍ വിരമിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, അത് അടുത്ത ഒന്ന്-രണ്ട് വര്‍ഷത്തിനുള്ളില്‍ ആകാനാണ് സാധ്യതയെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. അടുത്തിടെ മറ്റൊരു അഭിമുഖത്തില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ താന്‍ ഉടന്‍ വിരമിക്കുമെന്നും താരം പറഞ്ഞിരുന്നു.
"സത്യത്തില്‍, ഉടന്‍ എന്ന് ഞാന്‍ പറയുമ്പോള്‍, ഒരുപക്ഷേ ഒന്നോ രണ്ടോ വര്‍ഷം കൂടി ഞാന്‍ കളത്തില്‍ തുടരും,” അദ്ദേഹം പറഞ്ഞു.
പോര്‍ച്ചുഗലിന് യൂറോ 2016 കിരീടം നേടിക്കൊടുക്കുന്നതില്‍ റൊണാള്‍ഡോ പ്രധാന പങ്ക് വഹിച്ചു. എങ്കിലും അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരത്തിന്റെ ട്രോഫി കാബിനറ്റില്‍ ഇല്ലാത്ത കിരീടങ്ങളില്‍ ഒന്നാണ് ലോകകപ്പ്.
ക്ലബ്ബിനും രാജ്യത്തിനുമായി 950-ലധികം ഗോളുകള്‍ നേടിയ ഈ പോര്‍ച്ചുഗല്‍ താരം 2002-ല്‍ സ്പോര്‍ട്ടിങ്ങിലാണ് അരങ്ങേറ്റം കുറിച്ചത്.
പോര്‍ച്ചുഗലിനായി 225 മാച്ചുകളില്‍ റൊണാള്‍ഡോ ബൂട്ടണിഞ്ഞിട്ടുണ്ട്. 143 ഗോളുകളും നേടി. പോര്‍ച്ചുഗലിനൊപ്പം യുവേഫ നാഷന്‍സ് ലീഗ് കിരീടവും, യൂറോക്കപ്പും നേടിയ താരം ലോകകപ്പിലും മുത്തമിട്ട് പടിയിറങ്ങണമെന്നാണ് ആരാധകരുടെ മോഹം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Cristiano Ronaldo confirms the 2026 World Cup in North America will be his final tournament. Explore his legacy & future plans.