സ്വന്തം രാജ്യമുണ്ടെന്ന് പറഞ്ഞ നിത്യാനന്ദ;തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും പരാതി

നിത്യാനന്ദ / PTI
നിത്യാനന്ദ / PTI

വിവാദനായകനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമ്മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ 'സ്വാമി' ജീവത്യാഗം ചെയ്തുവെന്നാണ് അനുയായിയും സഹോദരീപുത്രനുമായ സുന്ദരേശ്വരൻ അറിയിച്ചത്. 

മറ്റ് അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു വെളിപ്പെടുത്തൽ. ഏപ്രിൽ ഫൂൾ ദിനത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. അതുകൊണ്ട് വ്യാജവാർത്തയാണോ എന്നും സംശയമുണ്ട്. മരണത്തെ പറ്റിയുള്ള ഔദ്യോഗികവാർത്തകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം വാർത്ത തെറ്റാണെന്ന് അദ്ദേഹത്തിന്റെ രാജ്യമായ 'കൈലാസ' അറിയിച്ചു. 

തിരുവണ്ണാമലയിലാണ് ജനിച്ചത്. കുറച്ചുകഴിഞ്ഞപ്പോഴാണ് ആത്മീയതയോട് താത്പര്യം തോന്നുന്നത്. നിത്യാനന്ദയുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നതുപ്രകാരം 12-ാം വയസ്സിലാണ് ആത്മീയതയിലേക്ക് തിരിയുന്നത്. ആത്മീയമായ കഴിവുകളുണ്ടെന്ന് പറഞ്ഞാണ് കുറേ ആളുകളെ നിത്യാനന്ദ ആകർഷിച്ചത്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ആശ്രമങ്ങളുണ്ട് ഇദ്ദേഹത്തിന്. 47 രാജ്യങ്ങളിലായിട്ടാണ് തനിക്ക് ആശ്രമങ്ങളുള്ളതെന്ന് ഇദ്ദേഹം ഒരിക്കൽ പറഞ്ഞു.

2010-ൽ ഒരു പ്രശസ്തനടിക്കൊപ്പമുള്ള ലൈംഗികവീഡിയോ പുറത്തുവന്നിരുന്നു. എന്നാലിത് വ്യാജമായി നിർമിച്ചതാണെന്നായിരുന്നു അവരുടെ വാദം. ഫോറൻസിക് ലാബിൽ നടന്ന പരിശോധനയിൽ ആ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. 

അതേവർഷം തന്നെ ഒരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും, ജാമ്യം ലഭിച്ചു. 2012-ൽ ഒരു അമേരിക്കൻ സ്വദേശിനിയാണ് നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി വന്നത്. വർഷങ്ങളോളം തന്നെ നിത്യാനന്ദ ലൈംഗികമായി പീഡിപ്പിച്ചുവെന്നതായിരുന്നു അവരുടെ പരാതി. 2019-ൽ നിത്യാനന്ദയ്ക്കും രണ്ട് അനുയായികൾക്കുമെതിരെ മറ്റൊരു കേസ് വന്നു. തങ്ങളുടെ മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ദമ്പതിമാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ഇതിനുപുറകെ നിത്യാനന്ദ രാജ്യംവിട്ടു. 

ഇക്വഡോറിനു സമീപമുള്ള ദ്വീപുകളിലൊന്ന് വാങ്ങി 'കൈലാസ' എന്ന പേരിൽ സ്വന്തം രാജ്യമാക്കി മാറ്റിയിരുന്നു നിത്യാനന്ദ. രാജ്യം വിട്ടശേഷം നിത്യാനന്ദ അവിടെയാണെന്ന് പറയപ്പെടുന്നു. കൈലാസയ്ക്ക് സ്വന്തമായി പാസ്‌പോർട്ടും കറൻസിയുമൊക്കെ ഉണ്ടെന്നാണ് അനുയായികൾ പറഞ്ഞുപരത്തിയത്. 

Content Highlights: report says that self proclaimed god nithyananda is no more