'രണ്ടു കുട്ടികൾ ഉണ്ടാകുന്നതിന് സ്നേഹത്തിന്റെ ആവശ്യമില്ല. ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും 15 വർഷം കടന്നുപോയി'

ബസ്സിന്റെ വേഗത്തിനൊപ്പം പിന്നോട്ട് പായുന്ന മരങ്ങളും സ്ഥലങ്ങളും ഒക്കെ കണ്ട് സന്തോഷത്തോടെ അമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു ഞാൻ. എന്റെ ആദ്യ ബസ് യാത്ര. സ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുകയായിരുന്നു എന്നെ. ദൂരെ ഒരു സ്കൂളിലേക്കാണു പോകുന്നതെന്നു തലേദിവസംതന്നെ അമ്മ പറഞ്ഞിരുന്നു. അവിടെ എന്റെ ചേട്ടനും ചേച്ചിയും പിന്നെ വേറെയും കുറെ കുട്ടികൾ ഉണ്ടാവും എന്നും. ബസ്സിറങ്ങി നടന്ന് ഒരു വലിയ ഗേറ്റിന് മുമ്പിലെത്തി, അതു കടന്നു പിന്നെയും കുറേദൂരം നടന്നപ്പോൾ മറ്റൊരു കെട്ടിടത്തിനു മുമ്പിലെത്തി. എന്നെ ഒരു ബെഞ്ചിലിരുത്തി അമ്മ അകത്തേക്കു പോയി. അല്പം കഴിഞ്ഞ് അമ്മ തിരിച്ചു വന്നപ്പോൾ കൂടെ ഒരു പെൺകുട്ടിയും ഒരു ചെക്കനും ഉണ്ടായിരുന്നു. 'നിനക്ക് മനസ്സിലായില്ലെ? നിന്റെ ഏട്ടനും ചേച്ചിയുമാ. പോയി ഇവരുടെകൂടെ കളിച്ചോ.' അമ്മ ചേച്ചിയോട് എന്തോ പറഞ്ഞു. ഞാൻ ഏട്ടന്റെ കൈപിടിച്ചു മുറ്റത്തേക്കിറങ്ങി. ചേച്ചിയും ഒപ്പം വന്നു. കുറേ ദൂരം നടന്നു മറ്റൊരു കെട്ടിടത്തിനു മുമ്പിലെത്തി. അവിടെ കുറേ കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഞാനും അവരുടെകൂടെ കളിക്കാൻ കൂടി. കുറേ കഴിഞ്ഞപ്പോഴാണ് എനിക്ക് അമ്മയെ ഓർമ്മ വന്നത്. ഞാൻ ഓടി ഏട്ടന്റടുത്തു ചെന്നു.
'അമ്മേടടുത്തു പോകാം.' ഞാൻ ചോദിച്ചു. ഏട്ടൻ ചേച്ചിയെ നോക്കി. ചേച്ചി ഒന്നും മിണ്ടാതെ എന്റെ കൈ പിടിച്ച് ആ കെട്ടിടത്തിനുള്ളിലേക്കു നടന്നു.
Content Highlights: Details from Bhagyalakshmi's autobiography 'Swarabhedangal', Memories of her childhood in an orphanage and early struggles, Insights into her siblings and deceased father, Her journey as the iconic voice of Malayalam cinema's heroines