അന്ന് സൽമാൻ ഖാന്റെ മുന്നി; 10 വർഷങ്ങൾക്കുശേഷം തെലുഗുസിനിമയിലൂടെ തിരിച്ചുവരവ്

2015-ൽ പുറത്തിറങ്ങിയ സിനിമയാണ് 'ഭജ് രംഗി ഭായ്ജാൻ'. സൽമാൻ ഖാൻ, കരീന കപൂർ എന്നിവർക്കൊപ്പം തന്നെ അതിൽ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ഒരു ഏഴുവയസ്സുകാരിയാണ്, ഹർഷാലി മൽഹോത്ര. പാകിസ്താനിൽനിന്നുള്ള ആറുവയസ്സുകാരിയായ മുന്നി, അബദ്ധത്തിൽ ഇന്ത്യയിലെത്തുന്നു. ആ പെൺകുട്ടിയെ തിരിച്ചുനാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പവൻകുമാർ എന്ന കഥാപാത്രം. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് സൽമാൻ ഖാനാണ്. മുന്നിയായി ഹർഷാലിയും.
ആ വർഷത്തെ ഏറ്റവും കൂടുതൽ പണംവാരിയ പടമായി മാറിയപ്പോൾ, ഹർഷാലിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടക്കക്കാരിയുടെ യാതൊരു പകപ്പുമില്ലാതെയാണ് സൽമാനൊപ്പം ഹർഷാലി തകർത്തഭിനയിച്ചത്. നിരൂപകരെല്ലാം അവളുടെ പ്രകടനത്തെ പ്രശംസിച്ചു. ''സൽമാനല്ല സിനിമയിലെ താരം, ഹർഷാലിയാണ്'', എന്ന് കരീന കപൂർ പോലും പറഞ്ഞു.
സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖതാരത്തിനുള്ള ഫിലിംഫെയർ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു ആ പെൺകുട്ടി. ആ വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞയാളുമായി ഹർഷാലി. കൂടാതെ ഒട്ടേറെ പുരസ്‌കാരങ്ങൾ അവളെ തേടിയെത്തി. 2022-ലെ ഭാരത് രത്‌ന ഡോ.അംബേദ്കർ അവാർഡും ഹർഷാലിക്ക് ലഭിച്ചു.
സീരിയലുകളിലൂടെയാണ് ഹർഷാലി സിനിമയിലെത്തുന്നത്. 2014-ൽ ആറാം വയസ്സിലാണ് സീരിയൽ അഭിനയത്തിലേക്ക് കടക്കുന്നത്. ഖുബൂൽ ഹെ, ലൗട്ട് ആവോ ത്രിഷ എന്നിവയാണ് അവൾ അഭിനയിച്ച സീരിയലുകൾ. 'ഭജ് രംഗി ഭായ്ജാനു'ശേഷം പിന്നീട് ഒരുസിനിമയിലും അവൾ അഭിനയിച്ചില്ല. അതിനെക്കുറിച്ച് പിന്നീട് ഹർഷാലി പറഞ്ഞതിങ്ങനെ, ''നല്ല രസമായിരുന്നു സിനിമാഷൂട്ടിങ്. സൽമാൻ അങ്കിളിന് എന്നോട് നല്ല സ്‌നേഹമായിരുന്നു. അദ്ദേഹം നല്ല ദയയും സ്‌നേഹവുമുള്ള മനുഷ്യനാണ്. ആ സിനിമയ്ക്കുശേഷവും നിരവധി ഓഫറുകൾ വന്നിരുന്നുവെങ്കിലും, അതൊന്നും മുന്നിയുടെ അത്ര നല്ലതായിരുന്നില്ല. അതുകൊണ്ട് സിനിമ മാറ്റിവെച്ച് പഠനത്തിലേക്ക് തിരിയുകയായിരുന്നു''.
ഇപ്പോഴിതാ 10 വർഷങ്ങൾക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഹർഷാലി. ഇത്തവണ ബോളിവുഡിലൂടെയല്ലെന്ന് മാത്രം. തെലുഗുചിത്രമായ 'അഖണ്ഡ 2'ലാണ് ഹർഷാലി അഭിനയിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണ, സംയുക്ത എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഈ വർഷം ജൂലായിലാണ് ഹർഷാലിയും സിനിമയുടെ ഭാഗമാണെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്.
ഡിസംബറിൽ റിലീസാവുന്ന ചിത്രത്തിൽനിന്നുള്ള പാട്ടിന്റെ റിലീസ് ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിൽ പ്രധാനതാരങ്ങൾക്കൊപ്പം ഹർഷാലിയും പങ്കെടുത്തു. അപ്പോഴാണ് പലരും ഹർഷാലിയെ ശ്രദ്ധിച്ചത്. സൽമാന്റെ മുന്നി ഇത്ര വലുതായോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Harshali Malhotra, the unforgettable `Munni` from `Bajrangi Bhaijaan`, makes a comeback after 10 years. Discover her new Telugu film and journey.