'പള്ളിച്ചട്ടമ്പി'യിലെ കാട്ടുചെമ്പകം എന്ന ഹിറ്റ് പാട്ടിലൂടെ മലയാളക്കരയുടെ ഹൃദയംതൊട്ട് ആവണി

അക്ബറിന്റെ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു മിയാൻ താൻസൻ. അദ്ദേഹത്തിന് മിയാൻ മൽഹാർ എന്ന പേരിൽ തന്റേതായ ഒരു രാഗമുണ്ടായിരുന്നു. താൻസൻ ആ രാഗം ആലപിച്ചപ്പോഴൊക്കെയും ആകാശത്ത് മഴമേഘങ്ങൾ ഓടിക്കൂടുകയും ഭൂമി പുതുമഴ നനയുകയും ചെയ്തു എന്ന് കഥകളുണ്ട്. കോഴിക്കോട്ടെ 'മൽഹാർ' എന്ന വീട്ടിലും മഴത്തണുപ്പുള്ള സംഗീതം മാറ്റൊലികൊള്ളുന്നു. ശ്രുതിമധുരമായ പാട്ടിന്റെ അങ്ങേതലയ്ക്കൽ ഗായികയുടെ മുഖം തെളിഞ്ഞു. മലയാള സിനിമാ ലോകത്ത് സംഗീതമഴയായി എത്തിയ ഗായിക, ആവണി മൽഹാർ. ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ 'പള്ളിച്ചട്ടമ്പി'യിലെ കാട്ടുചെമ്പകം എന്ന ഹിറ്റ് പാട്ടിലൂടെ അവർ മലയാള സിനിമയ്ക്ക് സുപരിചിതയാവുകയാണ്.
സംഗീതയാത്ര
കുഞ്ഞായിരിക്കുമ്പോൾ മുതൽ പാട്ടിനോടായിരുന്നു ആവണിയുടെ കൂട്ട്. എവിടെ പാട്ട് കേട്ടാലും അവിടേക്ക് ശ്രദ്ധതിരിക്കുന്ന ആവണിയെ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. അഞ്ചാം വയസ്സിൽ ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങി. പാട്ടിനൊപ്പം നൃത്തവും ചിത്രരചനയും ആവണിയോടിണങ്ങി.
''ആദ്യമായി ഒപ്പനയ്ക്ക് മണവാട്ടിയായി വേദിയിൽ കയറിയപ്പോൾ, കരഞ്ഞു ബഹളമുണ്ടാക്കിയ ഞാൻ ഇനിയൊരിക്കലും സ്റ്റേജിൽ കയറില്ലെന്നാണ് അന്ന് അച്ഛനും അമ്മയും വിചാരിച്ചത്. അന്നത്തെ അധ്യാപികയായിരുന്ന വാസന്തി ടീച്ചർ കാരണമാണ് വീണ്ടും അരങ്ങിലേക്കെത്തുന്നത്.'' ആവണി ഓർത്തു. എന്നാൽ, പിന്നീട് കലോത്സവങ്ങളിൽ ആവണി നിറസാന്നിധ്യമായി.
''കോളേജ് കാലഘട്ടത്തിലാണ് സംഗീതം കരിയറാക്കാൻ ആഗ്രഹം തോന്നിയത്. കോളേജിൽ നിന്നും കിട്ടിയ ആത്മവിശ്വാസവും അഭിനന്ദനങ്ങളും സ്വപ്നങ്ങൾക്ക് ഊർജമായി. എംടെക്ക് പൂർത്തിയാക്കി ഒരു വർഷം ജോലി ചെയ്തു. എങ്കിലും സംതൃപ്തിയുണ്ടായിരുന്നില്ല. സംഗീതമായിരുന്നു എന്റെ മേഖല. അതുകൊണ്ട് ജോലി ഉപേക്ഷിച്ചു.'' ചെറിയ ആൽബങ്ങളിലും മറ്റും പാടിക്കൊണ്ടാണ് സംഗീതയാത്ര തുടങ്ങിയത്. അത് ചെന്നെത്തിയത് മലയാള സിനിമയിലെ പിന്നണിഗാന രംഗത്തേക്കും.
പിന്നണി ഗായിക
''വളരെ യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. സംഗീത സംവിധായകൻ അഫ്സൽ യൂസഫിനുവേണ്ടി, ഒരു ട്യൂൺപാടിക്കൊടുത്ത് വരികളെഴുതി വാങ്ങാനായി കൈതപ്രം സാറിന്റെ വീട്ടിൽ എത്തിയതായിരുന്നു ഞാൻ. പാടിയത് ഇഷ്ടപ്പെട്ടിട്ടാവാം, അദ്ദേഹത്തിന്റെ മകൻ സംഗീതം നൽകുന്ന പുതിയ ചിത്രം 'തട്ടുംപുറത്ത് അച്യുതനി'ൽ പാടാൻ ഡെമോ അയക്കാൻ അദ്ദേഹം പറഞ്ഞു. ആ സിനിമയിലെ ഒരു ട്രാക്ക് പാടാനാണ് ആദ്യം വിളിച്ചത്. പിന്നീട് ഗായിക മഞ്ജരിയോടൊപ്പം മംഗളകാരക എന്ന തിരുവാതിരപ്പാട്ട് പാടി. അതായിരുന്നു തുടക്കം. സിനിമയിൽ കൂടുതൽ അവസരങ്ങൾക്കായി 2019-ൽ കൊച്ചിയിലേക്ക് താമസംമാറി.''
മൽഹാർ എന്ന പേര്
''ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തമായ രാഗമാണ് മൽഹാർ. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട്ടെ വീട്ടിൽ താമസം തുടങ്ങുന്നത്. സംഗീതത്തോടുള്ള അഭിനിവേശംകൊണ്ട്, അമ്മയാണ് വീടിന് 'മൽഹാർ' എന്നു പേരിട്ടത്. ഞാൻ ആവണി മൽഹാറുമായി. ഇപ്പോൾ കൊച്ചിയിലെ വീടിനും അതേ പേരാണ്.''
പരിചിത മുഖം
ഐശ്വര്യ ലക്ഷ്മി നായികയായി 2022-ൽ പുറത്തിറങ്ങിയ 'കുമാരി' എന്ന ചിത്രത്തിലെ മന്ദാരപ്പൂവേ എന്ന ഗാനമാണ് ആവണിയുടെ ആദ്യത്തെ ഹിറ്റ്.
''ആ സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടായിരുന്നു മന്ദാരപ്പൂവേ. ഒരുപാടാളുകൾ ആ പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോകൾ വന്നിരുന്നു. യുട്യൂബിൽ രണ്ട് കോടിയോളം ആളുകൾ കണ്ടു. അന്നു മുതലാണ് എന്റെ ശബ്ദത്തെ ആളുകൾ അറിഞ്ഞു തുടങ്ങുന്നത്.
അതൊരു സോളോ സോങ്ങായിരുന്നു. ജേക്ക്സ് ബിജോയ് യാണ് ഈണം നൽകിയത്. ജേക്ക്സ് സാറിന് വേണ്ടി പാടിയപ്പോൾ സന്തോഷം തോന്നി. ആദ്യമായി റെക്കോർഡിങ്ങിനെത്തിയപ്പോൾ നല്ല പേടിയുണ്ടായിരുന്നു. പക്ഷെ, പാടിത്തുടങ്ങിയപ്പോൾ കംഫർട്ടബിളായി.'' 'കപ്പേള' എന്ന ചിത്രത്തിലെ ദൂരം തീരും നേരം എന്ന പാട്ടായിരുന്നു ആവണിയുടെ മറ്റൊരു വഴിത്തിരിവ്.
പുതിയ വിശേഷങ്ങൾ
''സിനിമയിലെ ആർട്ടിസ്റ്റ് കോർഡിനേറ്ററായ കെ.ഡി. വിൻസെന്റ്് സാർ വഴിയാണ് മിക്ക പാട്ടുകളും എന്നിലേക്കെത്തുന്നത്. കാട്ടുചെമ്പകം എന്ന പാട്ട് സിനിമ ഇറങ്ങും മുമ്പേ ഹിറ്റായിരുന്നു. വിശാൽ മിശ്രയോടൊപ്പമുള്ള ഡ്യുവറ്റ് സോങ്ങായിരുന്നു അത്. പാട്ടിന്റെ റീൽസും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്നും പലർക്കും എന്റെ ശബ്ദം മാത്രമേ അറിയൂ, പാടിയ ആളെ അറിയാത്തവരുണ്ട്. എന്നാൽ കാട്ടുചെമ്പകം റിലീസായതോടെ ആളുകൾ എന്നെ തിരിച്ചറിയുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പാട്ടിനൊപ്പം എന്റെ പേരുകൂടി ചേർക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. തമിഴിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി പുതിയ പാട്ടുകൾ ഇറങ്ങാനുണ്ട്. അതൊക്കെയാണ് പുതിയ വിശേഷങ്ങൾ.
അവസരങ്ങൾ
സിനിമയിൽ അവസരം കിട്ടാൻ പ്രയാസമാണ്. ഭാഗ്യംകൊണ്ടാണോ എന്നറിയില്ല, നല്ല അവസരങ്ങൾ തേടിയെത്തി. ഹിഷാമിക്ക (ഹിഷാം അബ്ദുൽ വഹാബ്) ജേക്ക്സ് സാർ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ഇൻസ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ വല്ലപ്പോഴും പാട്ടു പാടുന്ന വീഡിയോ ഇടുമായിരുന്നു. അങ്ങനെയൊക്കെയാവാം ഞാൻ ശ്രദ്ധിക്കപ്പെട്ടത്.
പൃഥ്വിരാജ് ചിത്രം 'ജനഗണമന'യിലെ നിലാ, 'തുടരും' സിനിമയിലെ നെഞ്ചേ എന്ന പാട്ടിന്റെ ഫീമെയിൽ വേർഷൻ എന്നിങ്ങനെ പാട്ടുകൾക്ക് അവസരം കിട്ടി. ജി.വി. പ്രകാശ്, ഗോവിന്ദ് വസന്ത, ജസ്റ്റിൻ വർഗീസ് എന്നിവരുടെ പാട്ടുകൾ പാടാൻ സാധിച്ചതിൽ സന്തോഷം.''
തെലുഗു ചിത്രമായ 'ഹായ് നന്ന'യിലെ നീതേ...നീതേ എന്ന ഗാനം ആവണിയുടെ ശബ്ദത്തിൽ പിറന്ന മറ്റൊരു ഹിറ്റായിരുന്നു. ''ആ പാട്ട് മറ്റ് അഞ്ച് ഭാഷകളിലും ഞാൻ തന്നെയാണ് പാടിയത്. ഭാഷകൾ അറിയാത്തത് ഒരു വെല്ലുവിളിയായിരുന്നു. അതിനാൽ ഓരോ വാക്കിന്റെയും ഉച്ചാരണം അയച്ചുതന്നു. അത് നോക്കി പഠിച്ചാണ് പാടിയത്. ആ പാട്ടുകൾക്കും വലിയ സ്വീകാര്യത ലഭിച്ചു. ചില പാട്ടുകൾ സിമ്പിൾ അണെന്ന് തോന്നുമെങ്കിലും അത് ഫീൽ ചെയ്ത് പാടാൻ പ്രയാസപ്പെടും. എനിക്ക് ഏറ്റവും ഇഷ്ടം മെലഡികളാണ്.''
മാറുന്ന സംഗീതലോകം
''എല്ലാ മേഖലയും പോലെ സംഗീതത്തിലും മാറ്റങ്ങൾ വരുന്നുണ്ട്. ആ മാറ്റത്തിൽ, കൂടുതൽ നല്ല പാട്ടുകൾ പാടാനും എല്ലാത്തരം പാട്ടുകളും വഴങ്ങുന്ന ഒരു പാട്ടുകാരിയാവാനും ആഗ്രഹമുണ്ട്. നമുക്ക് പകരമാവാൻ കഴിവുള്ള എത്രയോ പേരുണ്ട്. അതിനാൽ ഇവിടെ പിടിച്ചുനിൽക്കുക എളുപ്പമല്ല. വലിയ സംഗീത സംവിധായകരുടെ പിന്തുണയാണ് സന്തോഷം.''
സ്വപ്നങ്ങൾ
''ഒരു ബാൻഡ് തുടങ്ങണമെന്നുണ്ട്. ഗസലുകളും അൺപ്ലഗ്ഗ്ഡുമൊക്കെയായി ലൈവ് ഷോകൾ ചെയ്യണം. ഏറ്റവും വലിയ സ്വപ്നം പിന്നണി ഗാനരംഗത്ത് എല്ലാ ഭാഷകളിലും പാടുന്ന ബഹുമുഖഗായികയാവണമെന്നതാണ്. എപ്പോഴെങ്കിലും ഒരു പാട്ടിന് ഈണം നൽകാനും മോഹമുണ്ട്.'' കുടുംബമാണ് ആവണിയുടെ സപ്പോർട്ട്സിസ്റ്റം. അമ്മ രജിതയും കോളേജ് അധ്യാപകനായ അച്ഛൻ സത്യനും ആവണിയുടെ പാട്ടുകൾക്ക് കൂട്ടായുണ്ട്.
തയ്യാറെടുപ്പുകൾ
ചിട്ടയോടെയുള്ള പരിശീലനമാണ് പാട്ടിനുള്ള തയ്യാറെടുപ്പെന്ന് ആവണി. ''എപ്പോഴും പ്രാക്ടീസ് ചെയ്യും. ആദ്യമൊക്കെ തണുത്ത ഭക്ഷണം ഒഴിവാക്കി. എങ്കിലും തൊണ്ടയിൽ അണുബാധവന്നിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ നിർദ്ദേശത്തിൽ തണുത്തത് കഴിച്ച് ശീലിച്ചു. ഇപ്പോൾ പ്രശ്നമില്ല. ഇറങ്ങാനിരിക്കുന്ന ഒരു കന്നഡ സിനിമയ്ക്കായി േശ്രയ ഘോഷാൽ മാമിന് ഞാനൊരു ട്രാക്ക് പാടിയിരുന്നു. ഞാൻ പാടിയതിൽ വെച്ച് ഏറ്റവും ഹൈപ്പിച്ചായിരുന്നു അത്. പാട്ടിന്റെ റെക്കോർഡിങ്ങിന് ശേഷം മാം എനിക്ക് ഒരു കത്ത് കൊടുത്തുവിട്ടു. എന്നെ അഭിനന്ദിക്കുന്ന ആ വാക്കുകൾ കണ്ട് കണ്ണുനിറഞ്ഞു. സംഗീതമാണ് എന്റെ ജീവിതം. അതിനപ്പുറത്തേക്ക് ഒരു ലോകമില്ല.''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Avani Malhar's transition from an MTech graduate to a professional playback singer., The story behind the name 'Malhar' and its musical significance., Breakthrough hits including 'Mandara Poove' from Kumari and 'Kattuchembakam' from Pallichattambi., Her dedication to mastering multiple languages for pan-Indian music projects., Future aspirations of starting a band and composing music.