തോക്കേന്തിയ കമൽഹാസൻ വേറെ ലെവൽ; 'സണ്ടിയർ' പോസ്റ്ററിന് പിന്നിലെ അനുഭവം പങ്കുവെച്ച് അരുൺ അജികുമാർ

അഭിനയമോഹവുമായി സിനിമയുടെ വഴികളിലൂടെ നടന്നുതുടങ്ങിയ ചെറുപ്പക്കാരൻ, ആ യാത്രയ്ക്കിടയിൽ കൗതുകത്തിന് തുടങ്ങിയ പോസ്റ്റർ ഡിസൈനിങ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയമായ പല ചിത്രങ്ങളുടെയും മുഖമായി മാറി. മലയാളികളുടെ സ്വന്തം 'ഏസ്തറ്റിക് കുഞ്ഞമ്മ'യുടെ സാരഥി അരുൺ അജികുമാറിന്റെ കഥയാണിത്. ‘ഭ്രമയുഗ’ത്തിലൂടെ മമ്മൂട്ടിയെയും ‘ഹിറ്റ് 3’യിലൂടെ നാനിയെയും ‘ഡീയസ് ഈറെ’യിലൂടെ പ്രണവ് മോഹൻലാലിനെയും ‘ആവേശ’ത്തിലൂടെ ഫഹദിനെയുമെല്ലാം വേറിട്ട ദൃശ്യഭാഷയിൽ അവതരിപ്പിച്ച അരുൺ, അഭിനയത്തിലും തന്റേതായ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. മധുരം, പൂക്കാലം, അന്വേഷിപ്പിൻ കണ്ടെത്തും, പടക്കളം, ലൗലി, സർവംമായ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധനേടാനും അരുണിന് കഴിഞ്ഞു.
ഡിസൈനിങ്ങിലും അഭിനയത്തിലും ഒരുപോലെ മികവ് തെളിയിക്കുന്ന അരുണിനെ തേടിയെത്തിയ പുതിയ അംഗീകാരമാണ് ഉലകനായകൻ കമൽഹാസന്റെ പുതിയ ചിത്രമായ 'സണ്ടിയറി'ന്റെ പോസ്റ്റർ ഡിസൈനും ഫോട്ടോഷൂട്ടും. കമൽഹാസനെ ആദ്യമായി നേരിൽ കണ്ടതിന്റെ അമ്പരപ്പും ഫോട്ടോഷൂട്ടിനിടെ അദ്ദേഹത്തിന്റെ സാങ്കേതിക അറിവും സൂക്ഷ്മതയും നേരിട്ടറിഞ്ഞതിന്റെ ആവേശവും അരുണിന് ഇപ്പോഴും മാറിയിട്ടില്ല. ആ അനുഭവങ്ങൾക്കൊപ്പം പുതിയ സിനിമയുടെ പോസ്റ്ററുകൾക്കു പിന്നിലെ അധ്വാനവും പങ്കുവെക്കുകയാണ് അരുൺ.
“ഞങ്ങൾ ചെയ്ത 'മണ്ടാടി' എന്ന സിനിമയുടെ പോസ്റ്ററുകൾ കണ്ടിട്ടാണ് കമൽഹാസൻ സാറിന്റെ പുതിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഞങ്ങളെ സമീപിച്ചത്. ആർ.കെ.എഫ്. ഓഫീസിൽനിന്നാണ് വിളിച്ചത്. ചെന്നൈയിൽവെച്ചായിരുന്നു ചർച്ചകളൊക്കെ. സംവിധായകൻ അരുൺകുമാർ സാറിനെ ആദ്യം പോയി കണ്ടു. അദ്ദേഹത്തിന്റെ മനസ്സിലുള്ള പോസ്റ്ററുകളുടെ സങ്കൽപ്പവും ചിത്രത്തിന്റെ മൂഡുമെല്ലാം വിശദീകരിച്ചു. പക്ഷേ, വലിയൊരു വെല്ലുവിളിയുണ്ടായിരുന്നു. കമൽ സാറിന്റെ പിറന്നാളിന് പോസ്റ്റർ പുറത്തിറക്കണം. ഞങ്ങൾ അവിടെ ചെന്നപ്പോൾ വെറും മൂന്നോ നാലോ ദിവസമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യാൻ കഴിയുമോ എന്നായി സംശയം. എങ്കിലും കുറച്ച് ആശയങ്ങൾ തയ്യാറാക്കി അടുത്ത ദിവസംതന്നെ അവരെ കാണിച്ചു. അത് അവർക്ക് ഇഷ്ടപ്പെട്ടു. പിന്നീട് കമൽ സാറിനും സംവിധായകനും ചില നിർദേശങ്ങളുണ്ടെന്നും ഫോട്ടോഷൂട്ടിനായി വരണമെന്നും അറിയിച്ചു. അങ്ങനെയാണ് കമൽ സാറിനെ ആദ്യമായി നേരിൽ കാണുന്നത്.
എനിക്ക് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. വലിയൊരു ആഗ്രഹവും സ്വപ്നവുമൊക്കെയാണല്ലോ നടക്കാൻ പോകുന്നത്. അദ്ദേഹം സെറ്റിലെത്തിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് അവിടെ ഒരുക്കിയിരുന്ന തോക്കുകളും കത്തികളുമൊക്കെയാണ്. അവ ഓരോന്നും എടുത്തുനോക്കുകയും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംവിധായകനോട് സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വളരെ കൂളായും രസകരവുമായാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്. അതോടെ എന്റെ പേടി മാറി. വളരെ കൂളായി ഇടപെടുന്ന ഒരാളാണ് അദ്ദേഹമെന്ന് മനസ്സിലായി.
ഫോട്ടോഷൂട്ട് തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത മനസ്സിലായത്. ഓരോ ചിത്രത്തിനും അദ്ദേഹം സ്വന്തമായി ആശയങ്ങളും അഭിപ്രായങ്ങളും പറയും. 'നമുക്ക് ഇങ്ങനെ ചെയ്തുനോക്കാം, കുറച്ചുകൂടി എക്സ്പ്രഷൻ നൽകാം' എന്നൊക്കെ പറയും. ഇന്നലെ പുറത്തിറങ്ങിയ പോസ്റ്ററിലെ ഒരു ഗൺ ഷൂട്ടിന്റെ സമയത്തുപോലും അദ്ദേഹം ഒരു ഐഡിയ പറഞ്ഞു. 'ഞാൻ തോക്ക് ഇങ്ങനെ ഫ്ലിപ്പ് ചെയ്ത് തുറക്കാം. അപ്പോൾ ബുള്ളറ്റ് തെറിക്കും. നീ അത് ക്യാമറയിൽ പകർത്തണം' എന്നായിരുന്നു നിർദേശം. അത്രയൊന്നും ബുദ്ധിമുട്ടേണ്ടെന്നും പിന്നീട് പോസ്റ്ററിൽ ചെയ്താൽ മതിയെന്നും സംവിധായകൻ പറഞ്ഞെങ്കിലും കമൽ സാറിന് അത് സമ്മതമായിരുന്നില്ല. തനിക്ക് ചെയ്യണമെന്നുതന്നെ പറഞ്ഞു. അദ്ദേഹംതന്നെ അത് ചെയ്തെടുത്തു.
തോക്കുകളെക്കുറിച്ചും അവയുടെ പ്രവർത്തനരീതിയെക്കുറിച്ചുമൊക്കെ അദ്ദേഹത്തിന് കൃത്യമായ അറിവുണ്ട്. ഓരോ ഷോട്ടിലും അത്തരത്തിലുള്ള സാങ്കേതിക കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരുമായിരുന്നു. അദ്ദേഹത്തിന്റെ ഓരോ അഭിപ്രായങ്ങളും ചിത്രങ്ങളെ കൂടുതൽ മികച്ചതാക്കി. അതെല്ലാം നേരിൽ കാണുന്നത് എന്നെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു. ഒരു ലെജൻഡ് ഇത്രയും ആത്മാർഥതയോടെ ഓരോ കാര്യവും ചെയ്യുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ചില ഷോട്ടുകൾക്കായി അദ്ദേഹം എടുത്ത ശാരീരിക അധ്വാനം ചെറുതല്ല. അത്രയും വലിയ താരമായിട്ടും ഓരോ കാര്യത്തിനും നൽകുന്ന പ്രാധാന്യം കാണുമ്പോൾ വലിയ സന്തോഷം തോന്നും. അദ്ദേഹത്തോടൊപ്പം മോണിറ്ററിനുമുന്നിൽനിന്ന് ഓരോ ഷോട്ടും നോക്കാനും അതിന്റെ ഭാഗമാകാനും കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്.
ഞങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ക്യാമറാമാൻ മലയാളിയായ സുനിൽ ചേട്ടനായിരുന്നു. അദ്ദേഹത്തോടും ഓരോ ഫ്രെയിമിനെക്കുറിച്ചും കമൽ സാർ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. ചിലപ്പോൾ പുതിയ ആശയങ്ങൾ പറയും. 'നമുക്ക് ഇങ്ങനെ ഫ്രെയിം ചെയ്തുനോക്കിയാലോ, ഇങ്ങനെയൊരു ഷോട്ട് എടുത്താൽ നന്നായിരിക്കില്ലേ' എന്നൊക്കെ ചോദിക്കും. ഒരു ഫോട്ടോഷൂട്ടിനെ എത്രത്തോളം മികച്ചതാക്കാം എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരു അഭിനേതാവ് എന്ന നിലയിൽ നോക്കുമ്പോഴും അദ്ദേഹത്തിന്റെ ചില കാര്യങ്ങൾ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കണ്ണുകൾ ഉപയോഗിക്കുന്ന രീതി, എപ്പോൾ ഒരു പ്രത്യേക ഭാവത്തിൽ നിൽക്കണം, എപ്പോൾ ഫ്രീസ് ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. ഗൺ ഉപയോഗിക്കുന്ന ഒരു ഷോട്ടിൽ ബുള്ളറ്റ് തെറിക്കുന്ന നിമിഷവും അദ്ദേഹത്തിന്റെ കണ്ണുകളുടെയും മുഖഭാവത്തിന്റെയും ചലനവും കൃത്യമായി ഒത്തുവരണം. അത്രയും സൂക്ഷ്മമായാണ് അദ്ദേഹം ഓരോ കാര്യവും ചെയ്യുന്നത്. പല ഷോട്ടുകളും എഡിറ്റിങ്ങിലൂടെ കൂട്ടിച്ചേർത്തുണ്ടാക്കേണ്ടിവരുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഒറ്റ ഷോട്ടിൽത്തന്നെ അദ്ദേഹം അത് ചെയ്തെടുത്തു. അതുകണ്ട് ശരിക്കും അത്ഭുതപ്പെട്ടു.
ഫോട്ടോഷൂട്ടിന് കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കിൽ ഇനിയും മികച്ച ചിത്രങ്ങൾ ചെയ്യാമായിരുന്നു. പക്ഷേ, സമയപരിമിതിയുണ്ടായിരുന്നു. ഏകദേശം നാല് ദിവസംകൊണ്ടാണ് ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ തയ്യാറാക്കിയത്. ഈ പ്രോജക്ട് ഞങ്ങളെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്വം കൂടിയായിരുന്നു. കമൽ സാറിന്റെ സിനിമയ്ക്കുവേണ്ടി ആദ്യമായാണ് കേരളത്തിൽനിന്നുള്ള ഒരു ഡിസൈൻ ടീമിനെ ഇത്തരത്തിൽ ഏൽപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങൾക്കും അത് വലിയൊരു അവസരമായിരുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞ് ചിത്രങ്ങളുമായി തിരിച്ചെത്തിയപ്പോൾത്തന്നെ ജോലികൾ തുടങ്ങി. കുറച്ച് ചിത്രങ്ങളിൽ വിശദമായ എഡിറ്റിങ്ങും മറ്റ് ജോലികളുമുണ്ടായിരുന്നു. എന്റെ ടീമിലെ ദീപക്, അരവിന്ദ്, വൈഷ്ണവ്, കിഷോർ, രാഹുൽ, ടീന എന്നിവരൊക്കെ തുടർച്ചയായി രണ്ടു രാത്രികൾ ഉറക്കമൊഴിച്ചിരുന്നാണ് പണികൾ പൂർത്തിയാക്കിയത്. എല്ലാവരും പരമാവധി അധ്വാനിച്ചു. പ്രത്യേകിച്ച് കമൽ സാറിന്റെ സിനിമയായതുകൊണ്ടുതന്നെ ടീമിലെല്ലാവർക്കും വലിയ ആവേശമായിരുന്നു. അവരുടെ കഠിനാധ്വാനംകൊണ്ടാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച രീതിയിൽ പോസ്റ്ററുകൾ പുറത്തിറക്കാൻ കഴിഞ്ഞത്. അതും അദ്ദേഹത്തിന്റെ പിറന്നാളായ ഇന്നലെ തന്നെ.
ഈ സിനിമയ്ക്കുവേണ്ടിയുള്ള കൂടുതൽ വിപുലമായ പ്രമോഷൻ ക്യാംപെയിനിന്റെ ഭാഗമായി ഇനിയും ഫോട്ടോഷൂട്ടുകളും മറ്റ് വർക്കുകളും ചെയ്യാനുണ്ട്. അതിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ. കമൽ സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് കരിയറിലെ വളരെ സ്പെഷ്യലായ ഒരു അനുഭവമായി എന്നും മനസ്സിലുണ്ടാകും.
അതുപോലെ ആലിയഭട്ട് ചിത്രം ‘ആൽഫ’യ്ക്കുശേഷം യഷ് രാജ് ഫിലിംസിന്റെ മറ്റൊരു ചിത്രത്തിന്റെ വർക്കുകൂടി ലഭിച്ചിട്ടുണ്ട്. ബോളിവുഡിൽനിന്ന് വീണ്ടുമൊരു ചിത്രം ഞങ്ങളെത്തേടി എത്തിയതിൽ ഒരുപാട് സന്തോഷമുണ്ട്.”
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi