മറികടന്നത് പി.സി.ഒ.ഡിയും അമിതഭാരവും. മകനൊപ്പം പഞ്ചഗുസ്തിയില്‍ വിജയം കൊയ്ത് രഹ്ന

നിറവേറ്റപ്പെടാതെ പോയ ആഗ്രഹങ്ങള്‍ മക്കളിലൂടെ സഫലീകരിച്ച് തൃപ്തിയടയുന്ന ഒരുപാട് മാതാപിതാക്കളുണ്ട്. എന്നാല്‍ പാതിയില്‍ നിലച്ച മോഹം മക്കളുടെ പിന്തുണയോടെ നടപ്പാക്കുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്. തൃശ്ശൂര്‍ പാവറട്ടി സ്വദേശി രഹ്ന സ്‌കൂള്‍കാലത്ത് പൊലിഞ്ഞുപോയ കായികമോഹത്തെ തിരിച്ചുപിടിക്കുകയാണ്, മക്കളുടെ കരുത്തില്‍. പഞ്ചഗുസ്തിയിലെ പെണ്‍കരുത്തായി മാറിയ രഹ്ന സംസ്ഥാന,ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ഒട്ടേറെ മെഡലുകള്‍ സ്വന്തമാക്കി. മക്കളായ അദ്നാനും അഫ്നാനും പഞ്ചഗുസ്തിയില്‍ കരുത്തുറ്റ പ്രകടനം നടത്തി ഭാവിപ്രതീക്ഷയായി മാറാന്‍ പരിശ്രമിക്കുന്നു.
മൂത്തമകന്‍ അദ്നാന്‍ പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് തീര്‍ത്തും സാധാരണമായി നീങ്ങിക്കൊണ്ടിരുന്ന രഹ്നയുടെ ജീവിതത്തിന് വഴിത്തിരിവാകുന്ന സംഭവമുണ്ടായത്. മകന്റെ ക്ലാസിലേക്ക് ലോക പഞ്ചഗുസ്തി ചാമ്പ്യനായ ഹരി കണ്ടശ്ശാംകടവ് എത്തുന്നു. പഞ്ചഗുസ്തിയില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തുക, പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് കുട്ടികളോട് പരസ്പരം പഞ്ചപിടിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ടത്തില്‍ അദ്നാന്റെ കൈക്കരുത്ത് തിരിച്ചറിഞ്ഞ അദ്ദേഹം താല്പര്യമുണ്ടെങ്കില്‍ തന്റെ ജിമ്മിലേക്ക് വരാനും പരിശീലനം നല്‍കാമെന്നും ഏറ്റു. അദ്നാന്‍ തന്റെ താല്പര്യം ഉമ്മയോട് പറഞ്ഞു. ജിമ്മിലേക്ക് ദൂരം കൂടുതലായതുകൊണ്ട് മകനെ കൊണ്ടുപോയാക്കണമെന്ന ഉത്തരവാദിത്തം മാത്രമേ രഹ്നയ്ക്ക് അപ്പോഴുണ്ടായിരുന്നുള്ളൂ. എല്ലാദിവസവും കൊണ്ടുപോകുകയും മകന്റെ പരിശീലനം കണ്ട് ജിമ്മില്‍ സമയം ചെലവഴിക്കുകയും ചെയ്തപ്പോള്‍ രഹ്നയുടെ പഞ്ചഗുസ്തിമോഹം വീണ്ടും ഉണര്‍ത്തെഴുന്നേറ്റു. ശൂന്യതയില്‍നിന്നുണ്ടായ ഒരു മോഹമായിരുന്നില്ല അത്. രഹ്നയുടെ സ്‌കൂള്‍കാലവുമായി കെട്ടുപിണഞ്ഞിരിക്കുന്ന ഒരു കഥ അതിനുപിന്നിലുണ്ട്. രഹ്ന തന്നെ ആ കഥ പറയുന്നു...
പഞ്ചപിടിച്ച സ്‌കൂള്‍കാലം
ഏഴാംക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് സ്പോര്‍ട്സിനോട് വലിയ താല്പര്യമായിരുന്നു. സ്‌കൂളിലെ കായികമത്സരങ്ങളിലെല്ലാം അന്ന് സ്ഥിരം പങ്കാളിയായിരുന്നു ഞാന്‍. ഒട്ടുമിക്ക മത്സരയിനത്തിലും ചാമ്പ്യനാകാറുണ്ട്. കൂട്ടത്തില്‍ പഞ്ചപിടിക്കാനും ഇഷ്ടമായിരുന്നു. ക്ലാസിലെ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും പഞ്ചപിടിച്ച് ജയിക്കാറുണ്ട്. കൂട്ടുകാരില്‍ ചിലര്‍ പഞ്ചപിടിത്തത്തിന്റെ പേരുപറഞ്ഞ് കളിയാക്കും. ഞാനതൊന്നും കാര്യമാക്കില്ല. സ്പോര്‍ട്സിലെ താല്‍പര്യം വീട്ടില്‍ പറഞ്ഞാലും അത് ഫലംകാണുകയൊന്നുമില്ല. അതുകൊണ്ട് സ്പോര്‍ട്സിനോടുള്ള താല്പര്യം പാതിവഴിയിലുപേക്ഷിച്ച് പഠനം തുടര്‍ന്നു. അതിനിടയില്‍ കല്യാണം കഴിഞ്ഞു. ഹിസ്റ്ററിയില്‍ ബിരുദമെടുത്തു. തുടര്‍ന്ന് ലൈബ്രറി സയന്‍സ് പഠിച്ചു. കുറച്ചുകാലം ജോലിക്കുപോയി.
അദ്നാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് അവന് പഞ്ചഗുസ്തിയോട് താല്പര്യം വരുന്നതും അവനെ പരിശീലനത്തിന് കൊണ്ടുപോകുന്ന ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തതും. എല്ലാ ദിവസും പോയി അവിടുത്തെ പരിശീലനമെല്ലാം കണ്ടപ്പോള്‍ ഒന്ന് പഞ്ചപിടിച്ചാലോ എന്ന് വീണ്ടും തോന്നലുണ്ടായി. ഒരു രസത്തിന് അവിടെയുള്ളവരുമായി പഞ്ചപിടിച്ചുനോക്കി. അപ്പോള്‍ മോന്‍ പറഞ്ഞു, ഉമ്മയുടെ കൈയ്ക്ക് നല്ല ബലമുണ്ടല്ലോ, പരിശീലനം ചെയ്തൂടേ എന്ന്. വീട്ടിലുള്ളപ്പോള്‍ മകനുമായി പഞ്ചപിടിച്ചുനോക്കാറുണ്ട്. ആണ്‍കുട്ടികളുടെ കൈയിന് നല്ല ശക്തിയാണല്ലോ, അവരുമായിട്ട് പഞ്ച പിടിച്ചാലേ സ്വന്തം കരുത്ത് മനസ്സിലാക്കാനും വര്‍ദ്ധിപ്പിക്കാനും കഴിയൂ.
കൈക്കരുത്തോടെ മത്സരരംഗത്തേക്ക്
അങ്ങനെ 2016ല്‍ ജില്ലാതല മത്സരത്തില്‍ ആദ്യമായി പങ്കെടുത്തു. അതില്‍ വിജയിച്ചപ്പോള്‍ സ്വയം ആത്മവിശ്വാസം വന്നു. വൈകാതെ സംസ്ഥാനതലത്തിലും മത്സരിച്ചു. വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു. പഞ്ചാബില്‍ നടന്ന ദേശീയ പഞ്ചഗുസ്തിയില്‍ വെങ്കലവും നേടി. വലിയ പരിശീനമൊന്നുമില്ലാതെ പങ്കെടുത്ത് നന്നായി മത്സരിക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം കൂട്ടി. മകളെ പ്രസവിക്കുന്നത് അതിനുശേഷമാണ്. അതുകൊണ്ട് രണ്ട് വര്‍ഷം മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. 2018ല്‍ ആണ് മത്സരരംഗത്തേക്ക് തിരിച്ചുവരുന്നത്. സംസ്ഥാനതലം വരെയേ പങ്കെടുക്കാന്‍ പറ്റിയുള്ളൂ. കാരണം അദ്നാന് പരീക്ഷ നടക്കുകയായിരുന്നു. അതുകഴിഞ്ഞപ്പോഴേക്കും കോവിഡ് വന്നു. കഴിഞ്ഞ വര്‍ഷമാണ് മത്സരങ്ങള്‍ സജീവമായിത്തുടങ്ങിയത്. ജില്ലാ,സംസ്ഥാനതല മത്സരങ്ങളില്‍ അദ്നാനൊപ്പം എനിക്കും സ്വര്‍ണമെഡല്‍ ലഭിച്ചു. ഹൈദരാബാദില്‍ നടന്ന ദേശീയ മത്സരത്തിലാണ് ഞാനും അദ്നാനും ഒന്നിച്ച് പങ്കെടുത്തത്. അദ്നാന് വെങ്കല മെഡലും എനിക്ക് വെള്ളിയും കിട്ടി.
തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം അപ്പോഴാണ് ലഭിക്കുന്നത്. സംസ്ഥാനം,ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതുപോലെ എളുപ്പമല്ല അന്താരാഷ്ട്രതലത്തിലെത്തുക. പല കാരണങ്ങളാല്‍ തുര്‍ക്കിയിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ല.
86ല്‍നിന്ന് 78ലേക്ക്
പഞ്ചഗുസ്തി പ്രാക്ടീസ് ചെയ്യുന്നതിനുമുമ്പ് വരെയും എന്റെ ശരീരഭാരം വളരെ കൂടുതലായിരുന്നു. 86 കിലോയുണ്ടായിരുന്നു. ശരീരത്തിന് വലിയ ശ്രദ്ധ കൊടുക്കാതെയുള്ള ജീവിതമായിരുന്നു അതുവരെയും. കൂടാതെ പി.സി.ഒ.ഡി.യും പ്രശ്നമായി. ഭാരം കുറയ്ക്കുക മാത്രമേ പോംവഴിയായുണ്ടായിരുന്നുള്ളൂ. അങ്ങനെ ദിവസവും വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ഭാരം 78 കിലോയിലെത്തിക്കാന്‍ കഴിഞ്ഞു. ഒരുഘട്ടത്തില്‍ സ്റ്റെപ്പ് കേറാന്‍ വരെ ബുദ്ധിമുട്ടിയിരുന്നു. പഞ്ചഗുസ്തി പരിശീലനം വലിയ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാക്കി.
മുന്‍കാലങ്ങളേക്കാള്‍ ഇപ്പോള്‍ പഞ്ചഗുസ്തിക്ക് കൂടുതല്‍ പ്രാധാന്യം കിട്ടുന്നുണ്ട്. ഒപ്പം ധാരാളം സ്ത്രീകളും ഈ കായികയിനത്തിലേക്ക് കടന്നുവരുന്നുണ്ട്. ഞാന്‍ ആദ്യം മത്സരിക്കുമ്പോള്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറവായിരുന്നു. ഇപ്പോള്‍ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. പലകാരണങ്ങളാല്‍ ഈ വര്‍ഷത്തെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. എന്നാലും ദിവസവുമുള്ള പ്രാക്ടീസില്‍ ഒരു മുടക്കവുമില്ല. അടുത്തവര്‍ഷം അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന മത്സരത്തില്‍ ഞങ്ങള്‍ മൂന്ന് പേര്‍ക്കും പങ്കെടുക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് പേര്‍ക്കും മെഡല്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. അതിനായി ഇപ്പോഴേ പരിശീലനം തുടങ്ങി.
ഭാര്യക്കും മക്കള്‍ക്കും പൂര്‍ണപിന്തുണയേകി ഭര്‍ത്താവ് റഷീദ് കെ. മുഹമ്മദ് ഒപ്പമുണ്ട്. ഖത്തറില്‍ ആണ് റഷീദിന് ജോലി. രഹ്നയെപ്പോലെ പഞ്ചപിടുത്തത്തിലല്ല, എഴുത്തില്‍ ആണ് റഷീദിന്റെ കരുത്ത്. ധാരാളം കവിതകളും കഥകളും നോവലുകളും എഴുതി ശ്രദ്ധേയരായ എഴുത്തുകാരുടെ കൂട്ടത്തില്‍ ഇടംനേടുകയാണ് റഷീദ്. വരുംവര്‍ഷത്തേക്കുള്ള മത്സരങ്ങളില്‍ സജീവമാകാനുള്ള കഠിനപരിശ്രമത്തിലാണ് രഹ്നയും അദ്നാനും അഫ്നാനും.
Content Highlights: arm wrestling champion mother rehna rasheed in thrissur inspired life