കാലുകളില്‍ തീപ്പന്തമേന്തിയ അമ്പുമായി യുവതി; ഗിന്നസ് റെക്കോഡിട്ട വൈറല്‍ വീഡിയോ

രണ്ടു കൈകള്‍ നിലത്തൂന്നി തലകീഴായി നില്‍ക്കുന്നതുതന്നെ വലിയ പരിശ്രമമാണ്. മുകളിലേക്ക് നില്‍ക്കുന്ന കാലുകള്‍ക്കിടയില്‍ വില്ല് വെച്ച് ഒരു കാലുകൊണ്ട് ഞാണില്‍ സ്ഥിരപ്പെടുത്തിയ അമ്പ് ലക്ഷ്യം നോക്കി പായിക്കുകയെന്ന് പറഞ്ഞാലോ! അത്തരമൊരു വീഡിയോ കഴിഞ്ഞ കുറെ മാസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതാരാണെന്ന അന്വേഷണം വന്നുനിന്നത് സാമൂഹിക മാധ്യമങ്ങളില്‍ ഷാനന്‍ മൈക്കല എന്ന പേരിലുള്ള ഓസ്‌ട്രേലിയന്‍ യുവതിയിലും. ശരിയായ പേര് ഷാനന്‍ ജോണ്‍സ്.
18.27 മീറ്റര്‍ ദൂരെനിന്ന് കാലുകൊണ്ട് ടാര്‍ഗറ്റിലേക്ക് കൃത്യമായി അമ്പെയ്തു കൊള്ളിക്കുന്ന ഷാനന്‍ അമ്പിന്റെ അറ്റത്ത് തീപ്പന്തം കെട്ടിയും മറ്റു വേറിട്ട കാഴ്ചകളുമായും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നു. 2022 ഓഗസ്റ്റിലാണ് ഷാനന്‍ റെക്കോഡിട്ടതെങ്കിലും ഔദ്യോഗിത സ്ഥിരീകരണം വന്നത് ജനുവരിയിലാണ്. ഗിന്നസ് റെക്കോഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അവര്‍ ഷാനന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പരിശീലനത്തിന്റെ ഫലം
കാലില്‍ അമ്പുവെച്ച് ലക്ഷ്യംകൊള്ളിക്കുകയെന്നത് ഇതിനുമുമ്പും പലരും ചെയ്തിട്ടുണ്ട്്. ഇതേരീതിയില്‍ മുന്‍പുള്ള ഗിന്നസ് റെക്കോഡ് ആറുമീറ്ററില്‍ താഴെയായിരുന്നു. അതിനുമുകളിലേക്ക് ലക്ഷ്യമെന്നത് വലിയൊരു ശ്രമം തന്നയാണ്. ആറ് വര്‍ഷത്തിലേറെയായി കാല്‍ അമ്പെയ്ത്ത് പരിശീലിക്കുന്നുണ്ട് ഷാനന്‍. ചെറുപ്പംമുതല്‍ ജിംനാസ്റ്റിക്‌സില്‍ പരിശീലനം നേടിയ ഷാനന്‍ കൗമാരപ്രായത്തില്‍ത്തന്നെ കോണ്ടറിസത്തിലും (ശരീരം വളച്ചുപുളയ്ക്കുന്ന കായികാഭ്യാസം) ഹാന്‍ഡ്സ്റ്റാന്‍ഡിലും (കൈയില്‍ ബലം കൊടുത്ത് കാല്‍ മുകളിലാക്കി തലകുത്തി നില്‍ക്കല്‍) മിടുമിടുക്കിയായി. സര്‍ക്കസിലും ജോലി ചെയ്തു. ആ സമയത്താണ് യൂ ട്യൂബില്‍ ചിലര്‍ കാലുകൊണ്ട് അമ്പെയ്യുന്നത് കണ്ടത്. അതോടെ അങ്ങനെ ചെയ്തുനോക്കിയാലോ എന്നായി ഷാനന്റെ ചിന്ത. അധ്വാനം ഫലംകണ്ടുതുടങ്ങിയപ്പോള്‍ ഗിന്നസ് റെക്കോഡായി പിന്നെ ലക്ഷ്യം.
ആറു വര്‍ഷം മുമ്പ്് പരിശീലനം തുടങ്ങുമ്പോള്‍ കേവലം ഒരു മീറ്ററായിരുന്നു അവരുടെ ടാര്‍ഗറ്റ്. ആറുവര്‍ഷംകൊണ്ട് ടാര്‍ഗറ്റ് 18 മീറ്ററിനുമുകളിലാക്കിയ ഷാനറ്റിന്റെ അടുത്ത ലക്ഷ്യം കണ്ണുകള്‍ കെട്ടി കാലുകൊണ്ട് അമ്പെയ്ത് ലക്ഷ്യം കാണുക എന്നതാണ്. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി യോഗയുടെ പാതയും ഷാനന്‍ സ്വീകരിക്കുന്നുണ്ട്.
ഷാനന്‍ ഇപ്പോള്‍ അമ്മ റോളില്‍
ടിക് ടോക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം നിറയെ ഫോളോവേഴ്‌സ് ഉള്ള ഇന്‍ഫ്‌ളുവന്‍സര്‍ ആണ് ഷാനന്‍ ഇപ്പോള്‍. ശാരീരിക ആരോഗ്യത്തിനുതകുന്ന വീഡിയോകള്‍ നിറയെ ചെയ്യാറുള്ള ഷാനന്‍ പോസ്റ്റ് ചെയ്യുന്ന കുടുംബ ജീവിതത്തിലെ ചില ഏടുകളും പൊതു അറിവുകളും ആരാധകര്‍ ഇരുകൈയും നീട്ടി ഏറ്റെടുക്കാറുണ്ട്. നിലവില്‍ അമ്മ റോളിലാണ് ഷാനന്‍. ഓസ്‌ട്രേലിയയില്‍നിന്നും കോസ്റ്ററിക്കയിലേക്ക് താമസം മാറിയ ഷാനന്‍ അവിടെവെച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കി. സാമൂഹികമാധ്യമങ്ങളില്‍ ഇതെല്ലാം പറന്നുനടക്കുന്നുവെങ്കിലും തീപ്പന്തംപേറിയ അമ്പുമായി കടല്‍ത്തീരത്തുനിന്ന് ലക്ഷ്യത്തിലേക്ക് കാലുകള്‍കൊണ്ട് വില്ലുകുലയ്ക്കുന്ന ഷാനന്റെ വീഡിയോ ഇപ്പോഴും വൈറലായി ഓടിക്കൊണ്ടേയിരിക്കുന്നു.
Content Highlights: shannen johnes, foot archery, guinnes record