വിവാഹം,വിവാഹമോചനം,വിഷാദം,മടങ്ങിവരവ്; അര്‍ച്ചന കവിയുടെ പത്തുവര്‍ഷം

അര്‍ച്ചന കവി
അര്‍ച്ചന കവി

'വിവാഹം കഴിച്ചു, പിന്നെയൊരു ഡിവേഴ്‌സ് നടന്നു, പിന്നെയൊരു ഡിപ്രഷന്‍, അതില്‍ നിന്ന് റിക്കവര്‍ ചെയ്തു, പിന്നെ ഈ പടം ചെയ്തു. ഇതിനൊക്കെക്കൂടി ഒരുപത്തുവര്‍ഷം എടുക്കുമല്ലോ... ഐ ഹോപ്പ് ദാറ്റ്‌സ് ക്ലിയര്‍' 'ഐഡന്റിറ്റി' സിനിമയുടെ പത്രസമ്മേളനത്തിനിടെ സിനിമയിലെ പത്തുവര്‍ഷത്തെ ഇടവേളയെ കുറിച്ച് ചോദിച്ചയാള്‍ക്ക് അര്‍ച്ചന കവി നല്‍കിയ ഈ മറുപടിയ്ക്ക് മലയാളി യുവത്വം ഹൃദയംകൊണ്ട് കൈയടിച്ചു. 

ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ വിവാഹജീവിതത്തില്‍ നിന്നുള്ള പടിയിറക്കത്തെപ്പറ്റി അര്‍ച്ചന സംസാരിക്കുന്നു.

''വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ വളരെ പ്രകടമായിത്തുടങ്ങിയപ്പോഴാണ് ഞാന്‍ മാതാപിതാക്കളോട് പറഞ്ഞത്. അതുവരെ ആരോടും പറഞ്ഞില്ല. കുടുംബജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും രണ്ടുപേര്‍ക്കിടയില്‍ തന്നെ തീര്‍ക്കണം എന്നാണല്ലോ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. എന്റെ മാതാപിതാക്കളും ആദ്യം നോക്കിയത് ആ പ്രശ്‌നം പരിഹരിക്കാനാണ്. 

എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളത് നിങ്ങള്‍ വിവാഹം ചെയ്യുന്നതിന് മുമ്പായാലും ശേഷമായാലും സാമ്പത്തിക സ്വാതന്ത്ര്യം നേടുക. അങ്ങനെയെങ്കില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ കുടുംബം പിന്തുണച്ചില്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാനാകും. ജോലി ചെയ്യരുത് അല്ലെങ്കില്‍ ഈ ജോലിയെ ചെയ്യാവൂ എന്ന് പറയുന്ന ഒരാളെ ഒരിക്കലും വിവാഹം ചെയ്യരുത്. 

വിവാഹം കഴിഞ്ഞ് ചെല്ലുന്ന ആദ്യദിനം മുതല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നമ്മുടെ കൂടി അമ്മയും അച്ഛനുമാണ്. ആ വീടിനെ നിങ്ങള്‍ സ്വന്തം വീടാക്കി മാറ്റി, അവിടത്തെ എല്ലാവരുമായി വളരെ അടുത്തു. കുടുംബത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വരെ പ്രധാന അംഗമായി. പിന്നീട് വിവാഹം വേര്‍പിരിയുമ്പോള്‍ വീട്ടില്‍ നിന്ന് മാത്രമല്ല വാട്‌സ് ആപ്പ് ഗ്രൂപ്പ് അടക്കം ഒരുപാടിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഇറങ്ങിപ്പോരേണ്ടിവരും. കേള്‍ക്കുമ്പോള്‍ ചെറിയൊരു കാര്യമായി തോന്നാം. എന്നാല്‍ അനുഭവിക്കുന്നവര്‍ക്ക് അത് വളരെ വേദന നല്‍കുന്ന കാര്യമാണ്. 

ഞാന്‍ ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഇറങ്ങിയത് എന്റെ സുഹൃത്തിനെ ഒന്നിച്ചിരുത്തി ഒരുമെസേജ് ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്തശേഷമാണ്. ഞാന്‍ കരയുകയായിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണെന്ന് തോന്നിയിട്ടുണ്ട്. കാരണം അവര്‍ പങ്കാളിയുടെ കുടുംബവുമായി സ്ത്രീയെപ്പോലെ അടുക്കാറില്ല.'' 

(അഭിമുഖത്തിന്റെ പൂര്‍ണരൂപം ജനുവരി രണ്ടാം ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Content Highlights: archana kavi talks about her divorce