സുഖമാണോ എന്നുപോലും ആരും ചോദിച്ചിരുന്നില്ല, അമ്മയുടെ മരണശേഷം 25 കിലോയോളം ഭാരം കൂടി; അന്‍ഷുല കപൂര്‍

ആത്മവിശ്വാസമില്ലാതെ വളര്‍ന്നതും, ശരീരത്തെക്കുറിച്ചുള്ള ആശങ്കകളുമായി മല്ലിട്ടതിനെക്കുറിച്ചും, പ്രയാസകരമായ സമയങ്ങളെ തരണം ചെയ്തതിനെക്കുറിച്ചും മനസ്സ് തുറന്ന് ബോണി കപൂറിന്റെ മകളും അര്‍ജുന്‍ കപൂറിന്റെ സഹോദരിയുമായ അന്‍ഷുല കപൂര്‍. 'ഞാന്‍ ആത്മവിശ്വാസമില്ലാതെയാണ് വളര്‍ന്നത്', സ്‌കൂള്‍ കാലഘട്ടം ഓര്‍ത്തുകൊണ്ട് അടുത്തിടെ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. തടിച്ച ശരീരപ്രകൃതമുള്ള, ചുരുണ്ട മുടിയുള്ള, സഹപാഠികളേക്കാള്‍ ഉയരമുള്ള ഒരു കുട്ടിയായിരുന്നു. അതിനാല്‍ രൂപത്തിന്റെ പേരില്‍ എപ്പോഴും കളിയാക്കപ്പെട്ടിരുന്നുവെന്നും അവര്‍ പറയുന്നു.
സഹപാഠികളില്‍ നിന്ന് താന്‍ വ്യത്യസ്തയാണെന്ന് അറിയാമായിരുന്നെങ്കിലും, കളിയാക്കലുകളും പരിഹാസങ്ങളും തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് അന്‍ഷുല കപൂര്‍ വിശദീകരിച്ചു. 'ഞാന്‍ തടിച്ചവളാണെന്നും, എന്റെ രൂപം വ്യത്യസ്തമാണെന്നും എനിക്കറിയാമായിരുന്നു. പല കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ശരീരം നോക്കാതെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. സ്വയം സഹായിക്കാനും ആരോഗ്യം വീണ്ടെടുക്കാനും കഴിയുന്ന ഒരു ഘട്ടത്തിലെത്തുന്നത് വരെ ഞാന്‍ കൂടുതല്‍ കൂടുതല്‍ തടിച്ചുകൊണ്ടിരുന്നു.' അവര്‍ പറഞ്ഞു.
ആളുകള്‍ കൂടുതല്‍ പരിഹസിക്കുന്തോറും കൂടുതല്‍ ഉള്‍വലിഞ്ഞുവെന്നും അവര്‍ ഓര്‍ത്തു. 'നീ കാണാന്‍ ഭംഗിയില്ല, നീ തടിച്ചിട്ടാണ്' എന്നൊക്കെ പറഞ്ഞ് മറ്റുള്ളവരെ കളിയാക്കുന്നത് അവരെ സഹായിക്കുമെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ അത് അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്. രൂപത്തില്‍ വ്യത്യസ്തരായതുകൊണ്ട് മാത്രം, നിങ്ങളോടൊപ്പം ഒരേ വായു ശ്വസിക്കാന്‍ പോലും അവര്‍ക്ക് അര്‍ഹതയില്ലെന്ന് ഒരാളെ നിരന്തരം തോന്നിപ്പിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കും.' പ്രശ്‌നം ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ പറഞ്ഞു,
ശരീരഭാരത്തെ ചുറ്റിപ്പറ്റിയുള്ള മോശം പ്രതികരണങ്ങള്‍ കാരണം വര്‍ഷങ്ങളോളം തന്റെ മാനസികാരോഗ്യം മോശമായിരുന്നുവെന്നും അന്‍ഷുല കൂട്ടിച്ചേര്‍ത്തു. 'ആളുകളുടെ കളിയാക്കലുകള്‍ നേരിടുന്നവരുടെ മാനസികാരോഗ്യത്തില്‍ എപ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടാകും. ആദ്യമായി ഒരാള്‍ എന്റെ ശരീരഭാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് 19 വയസ്സായിരുന്നു. അപ്പോഴേക്കും, ചുറ്റുമുള്ള എല്ലാവരും എന്റെ ശരീരത്തെക്കുറിച്ച് മോശമായി സംസാരിച്ചിരുന്നു, ആരും എന്നോട് സുഖമാണോ എന്ന് പോലും ചോദിച്ചിരുന്നില്ല.'
21-ാം വയസ്സില്‍ അമ്മയുടെ മരണശേഷം ദുഃഖത്തെ അതിജീവിക്കാന്‍ ഭക്ഷണത്തെ ആശ്രയിച്ചതിനെക്കുറിച്ചും അവര്‍ മനസ്സ് തുറന്നു. 'അമ്മയുടെ മരണശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ 25 കിലോയോളം കൂടിയിരിക്കണം. എല്ലാം നിയന്ത്രണാതീതമായി തോന്നിയപ്പോള്‍ ഭക്ഷണം എന്റെ ആശ്വാസമായി മാറി. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല,' അവര്‍ പറഞ്ഞു.
സമ്മര്‍ദ്ദത്തെ നേരിടാനും ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യകരമായ വഴികള്‍ താന്‍ കണ്ടെത്തിയതായി അന്‍ഷുല പങ്കുവെച്ചു. 'മറ്റുള്ള കാര്യങ്ങളില്‍ ആശ്വാസം കണ്ടെത്താനുള്ള പക്വത പ്രായത്തിലൂടെയും, തെറാപ്പിയിലൂടെയും കൈവരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: anshula kapoor shares her struggles with body image, emotional eating, and grief after her mother`s death. she emphasizes the impact of body shaming on mental health.