‘വർഷങ്ങൾക്ക് മുമ്പേ ഇക്കാര്യങ്ങൾ പഠിക്കാനായില്ല, ഊർജം കുറയുന്നു’-83-ാം വയസ്സിൽ ഖേദിച്ച് ബച്ചൻ

അമിതാഭ് ബച്ചൻ | AFP
അമിതാഭ് ബച്ചൻ | AFP

ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചൻ. നാല് പതിറ്റാണ്ടിലേറെയായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്, ഇതൊരു റെക്കോഡും കൂടിയാണ്. എങ്കിലും, വർഷങ്ങൾക്ക് മുൻപ് പഠിക്കാമായിരുന്ന പലതും താൻ പഠിച്ചില്ലെന്നു പറഞ്ഞ് ഖേദിക്കുകയാണ് 83-ാം വയസ്സിൽ ബച്ചനിപ്പോൾ. സമയമുണ്ടായിരുന്നപ്പോൾ തന്റെ ജോലിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാത്തതിലുള്ള ഖേദമാണ് അദ്ദേഹം തന്റെ ബ്ലോഗിലൂടെ പങ്കുവെച്ചത്.

"ഓരോ ദിവസവും ഒരു പഠനമാണ്. എന്താണോ പഠിക്കേണ്ടത്, അത് വളരെ വർഷങ്ങൾക്ക് മുമ്പ് പഠിക്കേണ്ടതായിരുന്നു എന്നതാണ് ഖേദം.. ഇപ്പോൾ പഠിക്കുന്ന കാര്യങ്ങൾ അന്ന് നിലവിലില്ലായിരുന്നു എന്നതാണ് ഖേദത്തിന്റെ പ്രധാന കാരണം.. ഇപ്പോഴാകട്ടെ, പഠിക്കാനുള്ള ആഗ്രഹവും പരിശ്രമവും ഊർജ്ജവും പ്രായത്തിനും സമയത്തിനുമൊപ്പം കുറഞ്ഞുവരുന്നു."

അദ്ദേഹം തുടർന്നു- 'പുതിയ കണ്ടുപിടിത്തങ്ങളുടെയും സംവിധാനങ്ങളുടെയും വേഗത വളരെ കൂടുതലാണ്, അതിനാൽ നിങ്ങളത് പഠിച്ചു തുടങ്ങുമ്പോഴേക്കും സമയം കഴിഞ്ഞിരിക്കും.. അതിനാൽ ഇന്നത്തെ പല കൂടിക്കാഴ്ചകളിൽ നിന്നും ലഭിച്ച പാഠം, അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കിയ ശേഷം ഏറ്റവും മികച്ച പുതിയ പ്രതിഭകളെയും വിദഗ്ധരെയും ജോലിക്കെടുത്ത് അത് പൂർത്തിയാക്കുക എന്നതാണ്. നിങ്ങൾക്ക് ഒരു ജോലി ചെയ്യാൻ അറിയില്ലെങ്കിലോ യോഗ്യതയില്ലെങ്കിലോ വിഷമിക്കേണ്ടതില്ല. അത് സ്വീകരിക്കുക, എന്നിട്ട് ഇഷ്ടമുള്ള വിദഗ്ധരെക്കൊണ്ട് അത് ചെയ്യിപ്പിക്കുക. ജോലി ഏറ്റെടുത്തു.. ഏൽപ്പിച്ചു.. പൂർത്തിയാക്കി.."

ഇന്നത്തെ തൊഴിൽ സ്ഥലങ്ങളിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ് അദ്ദേഹം അവസാനിപ്പിച്ചു. "എന്റെ കാലത്ത്.. ജോലി അറിയില്ലെങ്കിൽ, നിങ്ങൾക്ക് ഖേദമേ ഉണ്ടായിരുന്നുള്ളൂ, അത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോൾ നിങ്ങൾ ജോലി ഏറ്റെടുക്കുന്നു, എന്നിട്ട് ഔട്ട്‌സോഴ്‌സിങ് വഴി അത് ചെയ്യിക്കുന്നു. ഭാഗ്യവശാൽ ശരിയായ വാക്ക് കിട്ടി" അദ്ദേഹം എഴുതി.

ബച്ചൻ അടുത്തിടെ 'കോൻ ബനേഗാ ക്രോർപതി' യുടെ 17-ാം സീസൺ പൂർത്തിയാക്കിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Amitabh Bachchan reflects on missed learning opportunities in his career, citing diminished energy with age. Read his thoughts.