മൃതദേഹം അഴുകുംവരെ അയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടും, ടെഡ് ബണ്ടി കൊന്നുതീര്‍ത്ത ജിവിതങ്ങള്‍

ടെഡ് ബണ്ടി | Getty Images
ടെഡ് ബണ്ടി | Getty Images

മുത്തച്ഛനെ അച്ഛനെന്നും മുത്തശ്ശിയെ അമ്മയെന്നും വിളിച്ചാണ് തിയോഡോര്‍ റോബര്‍ട്ട് കോവല്‍, എന്ന ടെഡ് ബണ്ടി വളര്‍ന്നത്. മൂത്ത ചേച്ചിയെന്ന് വീട്ടുകാര്‍ പറഞ്ഞുവിശ്വസിപ്പിച്ചത് സ്വന്തം അമ്മയെയാണെന്ന് ബാല്യത്തിലൊന്നും അവനറിഞ്ഞില്ല. 1946 നവംബര്‍ 24-ന് അമേരിക്കയിലെ വെര്‍മോണ്ടിലെ ബര്‍ലിങ്ടണില്‍ ജനിച്ച തിയോഡോര്‍ റോബര്‍ട്ട് കോവല്‍ ലോകത്തെ തന്നെ ഏറ്റവും ക്രൂരനായ കൊലയാളിയായതിനു പിന്നില്‍ ഒരുപക്ഷേ, ബാല്യകാലത്തെ ദുരനുഭവങ്ങളുമുണ്ടാവാമെന്ന് പലരും കരുതുന്നു.

അമ്മ മറ്റൊരാളെ പ്രണയിച്ച് അയാളെ വിവാഹംചെയ്തപ്പോള്‍ മകനേയും കൂടെ കൊണ്ടുപോയി. പക്ഷേ, രണ്ടാനച്ഛനൊപ്പമുള്ള ജീവിതം അവന് കഠിനമായി. അപ്പോഴും മൂത്ത ചേച്ചിയായിരുന്നു അമ്മയവന്. പിന്നീടൊരിക്കല്‍ ഒരു ബന്ധു അവനോട് സത്യം വെളിപ്പെടുത്തി, ജനനസര്‍ട്ടിഫിക്കറ്റ് ടെഡിന് കാണിച്ചുകൊടുക്കുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് അവന്‍ സത്യമറിഞ്ഞത്. അച്ഛനാരാണെന്ന് അമ്മ ഒരിക്കലും അവനോട് പറഞ്ഞതുമില്ല. അച്ഛന്റെ പേര് ജനനസര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങളറിയില്ല. അച്ഛനെ അന്വേഷിക്കാന്‍ ടെഡ് ഇറങ്ങിപ്പുറപ്പെട്ടിരുന്നെന്നും കണ്ടെത്തിയിരുന്നെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ടെഡ് ബണ്ടിയിലെ സീരിയല്‍ കില്ലര്‍ 
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളാണ് ടെഡ്. കാഴ്ചയില്‍ സുന്ദരന്‍, വ്യക്തിപ്രഭാവവും ബുദ്ധിയും മുന്നിട്ടുനില്‍ക്കുന്ന പ്രകൃതം, എല്ലാവരോടും നല്ല പെരുമാറ്റം. അങ്ങനെയൊരാള്‍ക്ക് എങ്ങനെ സീരിയല്‍ കില്ലറാവാന്‍ സാധിച്ചുവെന്നതില്‍ ഇന്നും ചര്‍ച്ചയവസാനിച്ചിട്ടില്ല. ഭയാനകമായ, അത്യാകര്‍ഷണമുള്ള കൊടുംകുറ്റവാളി വര്‍ഷങ്ങളോളം ആരാലും സംശയിക്കപ്പെടാതെ, ഇരകളെ വശീകരിക്കാന്‍ സൗന്ദര്യവും ബുദ്ധിയും ആയുധമാക്കിക്കൊണ്ടേയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും സൗമ്യതയുടെയും മറവില്‍ അയാളിലെ കൊലയാളി ഒളിച്ചിരുന്നു. 

ലഭ്യമായ വിവരങ്ങളനുസരിച്ച് ബണ്ടിയുടെ കൊലപാതക പരമ്പര 1970-കളുടെ മധ്യത്തോടെയാണ് തുടങ്ങിയതെന്നു കരുതുന്നു. അമേരിക്കയിലെ ഏഴ് സംസ്ഥാനങ്ങളിലെങ്കിലും ഇയാള്‍ കൊലനടത്തി. വര്‍ഷങ്ങള്‍ക്കുമുമ്പ് ബന്ധം വേര്‍പെടുത്തിയ തന്റെ കോളേജ് കാമുകിയോടുള്ള പ്രതികാരമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന് ടെഡ് പറഞ്ഞിരുന്നു. കറുത്ത മുടിയും വെളുത്ത നിറവുമുള്ള സുന്ദരികളായ യുവതികളെ തേടിപ്പിടിച്ച് കൊലനടത്താന്‍ ഇത് പ്രേരിപ്പിച്ചത്രേ. 

ശാരീരിക വൈകല്യമുള്ളയാളെപ്പോലെ അഭിനയിച്ച്, പെണ്‍കുട്ടികളുടെ സഹായം തേടിയും താന്‍ അധികാരിയാണെന്ന് അഭിനയിച്ചുമൊക്കെയാണ് ഇരകളെ ആകര്‍ഷിച്ചിരുന്നത്. ശേഷം, ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന തന്റെ വാഹനത്തിലേക്ക് ഇരകളെ എത്തിക്കും. കാറിലെത്തിയ ഉടനെ പെണ്‍കുട്ടികളെ അബോധാവസ്ഥയിലാക്കും, കൈവിലങ്ങും ധരിപ്പിക്കും. ശേഷം ലൈംഗികബന്ധത്തിനും കൊലപാതകത്തിനുമായി വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. 

മൃതദേഹത്തോടും ക്രൂരത
കാടിനുള്ളിലോ ആളൊഴിഞ്ഞ ഇടങ്ങളിലോ വെച്ചാണ് ക്രൂരകൊലപാതകങ്ങള്‍ നടന്നിരുന്നത്. ബലാംത്സംഗം ചെയ്തുകൊന്ന  പെണ്‍കുട്ടികളുടെ മൃതദേഹം ബണ്ടി വീണ്ടും സന്ദര്‍ശിക്കുമായിരുന്നു. അഴുകുന്നതുവരെ അയാള്‍ അവയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടും. തന്റെ അപ്പാര്‍ട്ട്മെന്റില്‍ അവരുടെ അറ്റുപോയ തലകള്‍ ബണ്ടി സൂക്ഷിക്കുകയും ചെയ്തിരുന്നുവത്രേ. ഇരകളില്‍ കുറഞ്ഞത് പന്ത്രണ്ടുപേരുടെയെങ്കിലും തല ഇയാള്‍ വെട്ടിസൂക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചില അവസരങ്ങളില്‍, ബണ്ടി രാത്രിയില്‍ വീടുകളില്‍ അതിക്രമിച്ച് കയറി, ഉറക്കത്തില്‍ ഇരകളെ തല്ലിവീഴ്ത്തുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തശേഷം ലൈംഗികമായി പീഡിപ്പിച്ചിരുന്നു. 

വിദ്യാര്‍ഥിനികളടക്കം 30-ഓളം യുവതികളെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ യഥാര്‍ഥസംഖ്യ അതിനേക്കാളും വരുമെന്നാണ് കരുതുന്നത്. സമൂഹവുമായി ഇഴുകിച്ചേരാനുള്ള കഴിവായിരുന്നു ബണ്ടിയുടെ ചടുലമായ തന്ത്രങ്ങളിലൊന്ന്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിയമപാലകരും പോലും ഈ യുവാവ് ഇത്രയധികം ക്രൂരകൃത്യങ്ങള്‍ ചെയ്തുവെന്ന് വിശ്വസിക്കാന്‍ പാടുപെട്ടു. ടെഡ് വളരെ സാധാരണക്കാരനെപ്പോലെയാണ് തോന്നിയതെന്നാണ്  ഒപ്പം സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിട്ടുള്ള ക്രൈം റൈറ്ററായ ആന്‍ റൂള്‍ അനുസ്മരിച്ചത്. 

ഒടുവില്‍ പിടിവീഴുന്നു
പോലീസിനെ വെട്ടിച്ചതിന് 1975-ല്‍ യൂട്ടായില്‍ അറസ്റ്റിലായതോടെയാണ് ബണ്ടിയുടെ നേര്‍ക്ക് സംശയത്തിന്റെ മുന നീളുന്നത്. കാണാതായ ഒരുപാട് പെണ്‍കുട്ടികളുമായി ബന്ധപ്പെടുത്തി ഇയാളുടെ പേര് ഉയര്‍ന്നതോടെ, കേസുകള്‍ ഒന്നൊന്നായി പുറത്തുവന്നു. വിചാരണയ്ക്കായി കാത്തിരിക്കുമ്പോള്‍, രണ്ടുതവണ ടെഡ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഫ്‌ളോറിഡയില്‍ ഒരു കൊലപാതക പരമ്പര തന്നെയാണ് രക്ഷപ്പെട്ട ശേഷം ടെഡ് നടത്തിയത്. ടെഡിന്റെ മാനസികനിലയെപ്പറ്റി തോമസ് വിഡിഗര്‍ അടക്കം പ്രശസ്തരായ സൈക്കോളജി വിദഗ്ധര്‍ വര്‍ഷങ്ങളോളം പഠനം നടത്തിയിരുന്നു. 

ടെഡിന്റെ വിചാരണ വലിയ ചര്‍ച്ചയായിരുന്നു, ഒരു 'സെലിബ്രിറ്റി' സീരിയല്‍ കില്ലറായി ടെഡ് ബണ്ടി മാറി. 1979-ല്‍, ഫ്‌ളോറിഡയിലെ കൊലപാതകങ്ങള്‍ക്ക് ടെഡിന് വധശിക്ഷ വിധിച്ചു. 1989 ജനുവരി 24-ന് വൈദ്യുതക്കസേരയില്‍ വെച്ച് വധശിക്ഷ നടപ്പാക്കി. അന്ന് ജയിലിന് പുറത്ത്, ജനക്കൂട്ടം 'ബണ്ടിയെ കത്തിക്കൂ, ബണ്ടിയെ കത്തിക്കൂ' എന്നെഴുതിയ ബോര്‍ഡുകള്‍ ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചു. 

ബണ്ടിയെ പലതരത്തില്‍ പഠനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഒരുപാടുപേര്‍ അഭിമുഖം നടത്തി. സൈക്കോളജിസ്റ്റുകള്‍ ഇയാള്‍ ഒരു സോഷ്യോപാത്ത് ആണോ, ഒരു സൈക്കോപാത്ത് ആണോ, അതോ ഒരു തനതായ കൊലയാളിയാണോ എന്നെല്ലാം ചര്‍ച്ച ചെയ്തു. തന്റെ അക്രമ പ്രവണതകള്‍ക്ക് കാരണം ലൈംഗികാസക്തിയാണെന്ന് ടെഡ് കുറ്റപ്പെടുത്തിയിരുന്നു.
 

Content Highlights: american serial killer ted bundy raped and murdered dozens of young women