അപൂര്‍വ ഇനം ട്യുലിപിന് ഐശ്വര്യയുടെ പേരുനല്കി നെതര്‍ലാന്‍ഡ്സ്

അഭിനേതാക്കളുടെ പേരില്‍ റോഡും നഗരചത്വരങ്ങളും ഉണ്ടാകുന്നതില്‍ പുതുമയില്ല. താരങ്ങള്‍ക്കായി അമ്പലം പണിയുന്ന രീതിപോലുമുണ്ട് നമ്മുടെ ഇടയില്‍. ഭക്ഷ്യവിഭവങ്ങള്‍ക്കും സിനിമാതാരങ്ങളുടെ പേരിടാറുണ്ട്. ഇന്ത്യന്‍ സിനിമയുടെ സുന്ദരമുഖമായ ഐശ്വര്യ റായിയുടെ പേരിലുള്ളത് ഒരു പ്രത്യേക ഇനം ട്യൂലിപ് പുഷ്പമാണ്. നെതര്‍ലാന്‍ഡ്സ് ആണ് ഐശ്വര്യയ്ക്കുള്ള ആദരമായി അപൂര്‍വയിനം ട്യുലിപിന് അവരുടെ പേര് നല്‍കിയത്. ഐശ്വര്യയുടെ അന്താരാഷ്ട്രസ്വധീനവും ജനപ്രീതിയും തിരിച്ചറിഞ്ഞാണ് ഡച്ച് ഭരണകൂടം ഈ തീരുമാനത്തിലെത്തിയത്. 2025 മാര്‍ച്ചിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
വിഖ്യാതമായ കൊക്കെന്‍ഹോഫ് ഗാര്‍ഡനിലാണ് ഐശ്വര്യ റായ് എന്ന് പേരുള്ള ട്യൂലിപ് വളര്‍ത്തുന്നത്. 79 ഏക്കറുള്ള ഈ ഗാര്‍ഡന്‍ ലോകത്തെ ഏറ്റവും വലിയ ഗാര്‍ഡനുകളില്‍ ഒന്നാണ്. 7 മില്യണ്‍ പൂക്കളാണ് ഇവിടെയുള്ളത്. അതും 800ലധികം വ്യത്യസ്ത ഇനം പൂക്കള്‍. ‘യൂറോപ്പിന്റെ പൂന്തോപ്പ്’ എന്നാണ് ഇവിടം അറിയപ്പെടുന്നത്.
വിക്രം നായകനായ ‘അന്യന്‍’ ചിത്രത്തിലെ ‘കുമാരി’ എന്ന ഗാനരംഗം പ്രശസ്തമാണല്ലോ. ട്യൂലിപ് പാടത്തിനുള്ളില്‍ വെച്ചാണ് ഈ ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത്. ആദ്യം കൊക്കെന്‍ഹോഫ് ഗാര്‍ഡനിലാണ് ഗാനം ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒരു ഇന്ത്യന്‍ ഷൂട്ടിങ് സംഘം ചെടികള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് അന്യന്‍ ടീമിന് അധികൃതര്‍ അനുമതി നിഷേധിച്ചു. ആംസ്റ്റര്‍ഡാമില്‍ മറ്റൊരു ട്യൂലിപ് തോട്ടത്തില്‍ വെച്ച ഷൂട്ടിങ് നടത്തുകയായിരുന്നു.
മോഡലിങ്ങിലൂടെയാണ് ഐശ്വര്യയുടെ തുടക്കം. 1994-ല്‍ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നാണ് ഐശ്വര്യ അറിയപ്പെടുന്നത്. 2003-ല്‍ കാന്‍ ചലച്ചിത്രമേളയില്‍ ഐശ്വര്യ ജൂറി അംഗമായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അന്താരാഷ്ട്ര അരങ്ങില്‍ കിട്ടിയ വലിയ ബഹുമതിയായിരുന്നു അത്. ലണ്ടനിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ അമിതാഭ് ബച്ചന് ശേഷം വന്ന രണ്ടാമത്തെ മെഴുകുപ്രതിമ ഐശ്വര്യയുടേതാണ്. തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി നാല്‍പതിലധികം സിനിമകളില്‍ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.