മൂല്യം അളക്കേണ്ടത് ലൈക്കുകളിലൂടെയല്ല, സോഷ്യൽ മീഡിയക്കപ്പുറം സ്വന്തം വില കണ്ടെത്തൂവെന്ന് ഐശ്വര്യ റായ്

ഐശ്വര്യ റായ് ബച്ചൻ | AP
ഐശ്വര്യ റായ് ബച്ചൻ | AP

നമ്മുടെ കഴിവുകളും താത്പര്യങ്ങളുമൊക്കെ പ്രകടിപ്പിക്കാന്‍ വലിയൊരു വേദിയാണ് സോഷ്യൽ മീഡിയ തുറന്നുതന്നിരിക്കുന്നത്. പക്ഷേ, കരുതലോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നുകൂടിയാണത്. സോഷ്യൽ മീഡിയയിലെ അംഗീകാരമാണ് ഏറ്റവും വലിയ കാര്യമെന്ന് പുതിയ തലമുറയിൽ പലരും കരുതുന്നുണ്ട്. മുൻലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് ഇക്കാര്യത്തിൽ തന്റെ നയം വ്യക്തമാക്കുകയാണ്. ലൈക്കുകളോ സോഷ്യൽ മീഡിയയിലെ സംസാരങ്ങളോ തൻ്റെ ആത്മാഭിമാനത്തെ നിർവചിക്കാൻ അനുവദിക്കില്ലെന്ന് അവർ പറയുന്നു. ഒപ്പം പ്രേക്ഷകരോടും അങ്ങനെ ചെയ്യാൻ അവർ അഭ്യർഥിക്കുന്നു.

ലോറിയൽ പാരിസിൻ്റെ പുതിയ വീഡിയോയിലാണ് ഐശ്വര്യയുടെ പ്രതികരണം. 'കാരണം നിങ്ങൾ അത് അർഹിക്കുന്നു' എന്ന ബ്രാൻഡിൻ്റെ ടാഗ്‌ലൈന്‍ അവർ വിശദീകരിക്കുന്നുമുണ്ട്.

വ്യക്തികൾ തങ്ങളുടെ മൂല്യം അളക്കുന്നത് പുറത്തുനിന്നുള്ള അംഗീകാരത്തിൽ നിന്നാകരുതെന്ന് ഐശ്വര്യ പറയുന്നു. 'ഞാൻ വിലപ്പെട്ട വ്യക്തിയാണ്, പക്ഷേ, എന്തൊക്കെയാണ് അത് ശരിക്കും തീരുമാനിക്കുന്നത്? പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളാണോ? ലൈക്കുകളുടെ എണ്ണമാണോ? അതോ സോഷ്യൽ മീഡിയയിലെ കമൻ്റുകളാണോ? ഈ കാര്യങ്ങൾക്കെല്ലാം നമ്മൾ ഒരുപാട് ശക്തി നൽകിയിരിക്കുന്നു. നമ്മുടെ മൂല്യം സ്വന്തമാക്കാനുള്ള ശക്തി.'-അവർ വിലയിരുത്തി.

'ഒരു അമ്മ എന്ന നിലയിൽ ഇതെനിക്ക് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സോഷ്യൽ മീഡിയയും സാമൂഹിക സമ്മർദ്ദവും തമ്മിൽ വലിയ വ്യത്യാസമില്ല. ഒരു സ്ത്രീയും അമ്മയും എന്ന നിലയിൽ, യുവമനസ്സുകളിൽ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ആശങ്കയുണ്ട്. എളുപ്പത്തിൽ സ്വാധീനിക്കപ്പെടാവുന്ന മുതിർന്നവരുടെ കാര്യത്തിലും ഇത് ബാധകമാണ്.' നമ്മുടെ ആത്മാഭിമാനം തേടി മറ്റെവിടെയും പോവരുത്, തീർച്ചയായും സോഷ്യൽ മീഡിയയിലല്ല, മൂല്യം ജന്മസിദ്ധമാണ്. അംഗീകാരത്തിനായി എല്ലാവരും ഉള്ളിലേക്ക് നോക്കണം. ആളുകൾ വിലപ്പെട്ടവരാണ്. അത് വിശ്വസിക്കണം, എന്നു പറഞ്ഞുകൊണ്ടാണ് അവർ വീഡിയോ അവസാനിപ്പിച്ചത്.

ഐശ്വര്യയുടെ സന്ദേശം സോഷ്യൽ മീഡിയ ഏറ്റെടുത്തു. അവർ പറയുന്നത് ലോകത്തിലെ പകുതി പേരെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തു. മണിരത്നത്തിൻ്റെ 'പൊന്നിയിൻ സെൽവനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. പുതിയ ചിത്രങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഭർത്താവ് അഭിഷേക് ബച്ചനുമായി വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നെങ്കിലും ഒരിക്കൽപോലും അവര്‍ അതിനോട് പ്രതികരിച്ചിട്ടില്ല. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi