'നീ സുന്ദരിയാണ്, അതുകൊണ്ട് ഈ സിനിമയിൽ അഭിനയിപ്പിക്കാൻ പറ്റില്ലെന്ന് ആ സംവിധായകൻ പറഞ്ഞു'

നീനാ ഗുപ്ത / AFP
നീനാ ഗുപ്ത / AFP

ഫൂലൻ ദേവിയെക്കുറിച്ചുള്ള സിനിമയാണ് 'ബാൻഡിറ്റ് ക്വീൻ'. 1994-ൽ പുറത്തിറങ്ങിയ സിനിമ, സംവിധാനം ചെയ്തത് ശേഖർ കപൂറാണ്. സീമാ ബിശ്വാസ് ആണ് നായികയായെത്തിയത്, കാൻ ഉൾപ്പെടെയുള്ള നിരവധി ഫെസ്റ്റിവലുകളിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു സിനിമ.

പ്രശസ്തിക്കൊപ്പം തന്നെ വിവാദങ്ങളും സിനിമയെ പിടിച്ചുകുലുക്കി. ചിത്രത്തിന്റെ കൃത്യതയെ ശക്തമായി എതിർത്ത് ഫൂലൻ ദേവി തന്നെ രംഗത്തെത്തി. ഇന്ത്യയിൽ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചിത്രം പിൻവലിച്ചില്ലെങ്കിൽ, തിയേറ്ററിന് മുന്നിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നും അവർ ഭീഷണിപ്പെടുത്തി. എന്നാൽ, ഒടുവിൽ 40,000 രൂപ നഷ്ടപരിഹാരമായി നൽകിയപ്പോൾ, ഫൂലൻ ദേവി പരാതികൾ പിൻവലിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.

ആ വർഷത്തെ ദേശീയപുരസ്‌കാരങ്ങളിൽ മൂന്നെണ്ണം 'ബാൻഡിറ്റ് ക്വീൻ' നേടി. മികച്ച ഹിന്ദിസിനിമ, മികച്ച നടി, മികച്ച കോസ്റ്റിയൂം ഡിസൈനർ എന്നീ പുരസ്‌കാരങ്ങളാണ് സിനിമയെ തേടിയെത്തിയത്.

ഫൂലൻ ദേവിയായി തന്നെ ഓഡിഷൻ നടത്തിയിരുന്നുവെന്നും പിന്നീട് വേണ്ടെന്നുവെക്കുകയായിരുന്നുവെന്നും പറയുകയാണ് നടി നീനാ ഗുപ്ത. ''ബാൻഡിറ്റ് ക്വീൻ സിനിമയുടെ കാസ്റ്റിങ് നടക്കുന്ന സമയം. ഫൂലൻ ദേവി എന്ന പ്രധാനകഥാപാത്രം വളരെ സങ്കീർണതകൾ നിറഞ്ഞതാണ്. അതിനുവേണ്ടി ഓഡിഷൻ നടത്താൻ സംവിധായകൻ തീരുമാനിച്ചു. ഞാനും ആ ഓഡിഷനിൽ പങ്കെടുത്തിരുന്നു. ഓഡിഷനായി സംവിധായകന് എന്റെ ഫോട്ടോ അയച്ചുകൊടുത്തത് ഇപ്പോഴും ഓർമയുണ്ട്. കഥാപാത്രത്തിന് ആവശ്യമായ രീതിയിലുള്ള ചിത്രങ്ങളായിരുന്നുവത്. പക്ഷേ ഞാൻ ആ കഥാപാത്രത്തിന് അനുയോജ്യയല്ലെന്ന് അദ്ദേഹത്തിന് തോന്നി. നിങ്ങൾ ഒരുപാട് സുന്ദരിയായതുകൊണ്ട്, ഈ കഥാപാത്രത്തിന് യോജിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അവർക്ക് കുറച്ച് ഇരുണ്ടനിറത്തിലുള്ള ആളെയായിരുന്നു വേണ്ടിയിരുന്നത്. സീമാ ബിശ്വാസ് നന്നായി അഭിനയിച്ചിട്ടുണ്ട് ചിത്രത്തിൽ''.

ഒരിടയ്ക്ക് സിനിമയിൽനിന്ന് മാറിനിന്ന നീന, സജീവമായി രംഗത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ്. 'വധ് 2' ആണ് ഇനി അവരുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the controversies, awards, and the untold story of Neena Gupta`s audition for `Bandit Queen,` the film about Phoolan Devi