അന്ന്‌ മുംതാസ് ആദ്യമായി ടിവിയിൽ പ്രത്യക്ഷപ്പെട്ടു; പ്രതിഫലമായി 20 ലക്ഷം രൂപ

മുംതാസ് (അന്നും ഇന്നും)
മുംതാസ് (അന്നും ഇന്നും)

11-ാം വയസ്സിൽ സിനിമയിലെത്തിയ താരമാണ് മുംതാസ്. സെക്‌സ് സിംബൽ, ഫാഷൻ ഐക്കൺ തുടങ്ങിയ പേരുകളായിരുന്നു അക്കാലത്ത് മാധ്യമങ്ങൾ അവർക്ക് ചാർത്തിക്കൊടുത്തത്. 60കളിലെ ബോളിവുഡ് സ്റ്റൈൽ ഐക്കണായിരുന്നു മുംതാസ്. അവരുടെ മേക്കപ്പും സ്‌റ്റൈലും അന്നത്തെ കൗമാരം ആവേശത്തോടെ ഏറ്റെടുത്തു. അവരുടെ പഫി ഹെയർ സ്‌റ്റൈലിന് അന്ന് ആരാധകരേറെയായിരുന്നു. അവരുടെ ഡ്രേപ് സ്റ്റൈൽ സാരി ഇന്നും ഫാഷനിസ്റ്റകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1970- കളുടെ തുടക്കത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ നടിയായിരുന്നു മുംതാസ്.

1990-ൽ 'ആന്ധിയാം' എന്ന സിനിമയിലാണ് അവർ അവസാനമായി അഭിനയിച്ചത്. അതിനുശേഷം പൊതുവിടങ്ങളിൽ മുംതാസ് അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. സിനിമാസംബന്ധമായ ചടങ്ങുകളിലും അവാർഡ് നിശകളിലുമൊന്നും അവർ പങ്കെടുത്തതുമില്ല.

എത്രയോ വർഷങ്ങൾക്കുശേഷം അവർ പുറംലോകത്തിന് മുന്നിലേക്ക് വന്നത് ധർമേന്ദ്രയ്‌ക്കൊപ്പമാണ്. 2023-ൽ ഇന്ത്യൻ ഐഡൽ സീസൺ 13-ൽ മുംതാസ് പങ്കെടുത്തതോടെ അവർ വാർത്തകളിലിടം നേടി. മുംതാസിന്റെ ജീവിതത്തിലാദ്യമായിട്ടായിരുന്നു അവർ ഒരു ചാനൽപരിപാടിയിൽ പങ്കെടുക്കുന്നതും. അന്ന് തനിക്ക് പ്രതിഫലമായി ലഭിച്ച തുകയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മുംതാസ് ഇപ്പോൾ.

വിക്കി ലാൽവാനിയുമായി തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിനിടെ, താൻ സാധാരണയായി ചാനലുകളിൽനിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണവും മുംതാസ് വെളിപ്പെടുത്തി. ''ഇപ്പോഴും എന്നെ ചാനലുകളിൽനിന്ന് വിളിക്കാറുണ്ട്. അന്ന് ധരംജിക്കൊപ്പം ആദ്യമായി ടിവിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വേദിയിൽ നൃത്തം ചെയ്തു. അതിനുശേഷം 100-ലധികം തവണയെങ്കിലും പല ചാനലുകളിൽനിന്നായി എന്നെ വിളിച്ചിട്ടുണ്ട്. ഞാനവരോട് എന്റെ പ്രതിഫലത്തെക്കുറിച്ച് പറയും. അപ്പോൾ അവർ പറയും, പലരും 3-4 ലക്ഷം രൂപയേ വാങ്ങാറുള്ളൂ എന്ന്. അതവരുടെ ഇഷ്ടം, എനിക്ക് പറ്റില്ലെന്ന് ഞാൻ പറയും. ഞാൻ എപ്പോഴും അങ്ങനെയാണ്. ഒരു ഷോ മാത്രമേ ചെയ്തിട്ടുള്ളൂ, അതിനായി ഞാൻ 20 ലക്ഷം വാങ്ങി''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood icon Mumtaz makes a rare TV appearance on Indian Idol 13, revealing her substantial fee for her first-ever channel program and past experiences