'കേരളത്തിലെ ആയുർവേദ ഡോക്ടർ 3 ദിവസം കൊണ്ടെന്നെ നടത്തിച്ചു; അദ്ദേഹമാണ് രക്ഷകനായത്'

അരവിന്ദ് സ്വാമി / mathrubhumi library
അരവിന്ദ് സ്വാമി / mathrubhumi library

ഒരുകാലത്ത് സിനിമാപ്രേക്ഷകരുടെ സ്വപ്‌നതാരമായിരുന്നു അരവിന്ദ് സ്വാമി. ദളപതി, റോജ, ബോംബെ, ദേവരാഗം, മിൻസാര കനവ്...ഇങ്ങനെ എത്രയെത്ര സിനിമകൾ. എന്നാൽ 2000-ത്തിനുശേഷം അദ്ദേഹം സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നതായിരുന്നു ആ തീരുമാനത്തിനുപിന്നിൽ.

അച്ഛന്റെ സംരംഭമായ വി.ഡി. സ്വാമി ആൻഡ് കമ്പനിയുടെ തലപ്പത്തേക്ക് കടന്നുവന്നു അദ്ദേഹം. അതിനുശേഷം സ്വന്തമായൊരു കമ്പനിയുണ്ടാക്കുകയും ചെയ്തു. അതിനിടയിലാണ് ഒരപകടത്തിന്റെ രൂപത്തിൽ അരവിന്ദ് സ്വാമിയുടെ ജീവിതം മാറിമറിയുന്നത്. 2005-ലായിരുന്നു ആ അപകടമുണ്ടാവുന്നത്. നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തിന്റെ, കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു. അഞ്ചുവർഷത്തോളം കിടന്ന കിടപ്പിൽ തന്നെ. മരുന്നുകളും ചികിത്സകളും തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ഈയിടെ മെൽബണിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ അരവിന്ദ് സ്വാമി ആ അപകടം ഓർത്തെടുത്തു. പരിക്ക് ഭാഗികമായുള്ള പക്ഷാഘാതത്തിന് കാരണമായി. ആ കാലത്ത് ശാരീരികവേദന മാത്രമല്ല, മാനസികമായും തളർന്നുവെന്ന് അദ്ദേഹം തുറന്നുപറയുന്നു. ''കടുത്ത വേദനയായിരുന്നു എപ്പോഴും. ചലനശേഷി നഷ്ടപ്പെടുന്നത് എന്റെ ആത്മാവിനെ വളരെയധികം ഭയപ്പെടുത്തി. പക്ഷേ പിന്നീടാണ് എനിക്കൊരു കാര്യം മനസ്സിലായത്. വേദനയെയും ചലനമില്ലായ്മയെയും നേരിടാനുള്ള കഴിവ്, ഒരു വലിയ പരിധിവരെ, നമ്മുടെ മനസ്സിലാണ്. വേദനയെ നേരിടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് നിസ്സഹായതയെ നേരിടുന്നത്''. അതു മനസ്സിലായപ്പോൾ നിരാശയെ അകറ്റി നിർത്താൻ, ബോർഡ് ഗെയിമുകൾ, പസിലുകൾ, ചെസ് എന്നിവയിലേക്ക് അരവിന്ദ് സ്വാമി തിരിഞ്ഞു.

ഒടുവിൽ ഡോക്ടർമാർ നിർദേശിച്ചു, എഴുന്നേറ്റ് നടക്കാനുള്ള അവസാനശ്രമമെന്ന നിലയിൽ ശസ്ത്രക്രിയ നടത്താം. അതിനിടയിലാണ് കേരളത്തിൽനിന്നുള്ള ഒരു ആയുർവേദ ഡോക്ടറെ പരിചയപ്പെടുന്നത്. ''അതോടെ ആയുർവേദ ചികിത്സാരീതികളിൽ വിശ്വാസം അർപ്പിച്ചു. വെറും മൂന്നുദിവസത്തിനുള്ളിലാണ് ഞാൻ നടന്നുതുടങ്ങിയത്. അതെല്ലാവരെയും ഞെട്ടിച്ചു''.

ചികിത്സകൾ വിജയകരമായി പൂർത്തിയാക്കിയപ്പോൾ അരവിന്ദ് സ്വാമിയെത്തേടി അടുത്ത അവസരമെത്തി. 'കടൽ' എന്ന സിനിമയിലേക്കുള്ള അവസരവുമായി മണിരത്‌നം തന്നെ സമീപിച്ചപ്പോൾ അതുവേണ്ടെന്നാണ് അരവിന്ദ് സ്വാമി ആദ്യം തീരുമാനിച്ചത്. ''അപ്പോഴേക്കും സിനിമയിൽനിന്ന് വിട്ടുനിന്നിട്ട് 13 വർഷമായിരുന്നു. ഞാനൊരു സിനിമ ചെയ്യാൻ മാനസികമായി തയ്യാറായിരുന്നില്ല. എന്റെ ശരീരഭാരം വല്ലാതെ കൂടി, മുടിയെല്ലാം നഷ്ടപ്പെട്ടു''. 'തൻവി ദ ഗ്രേറ്റി'ലാണ് അരവിന്ദ് സ്വാമി അവസാനമായി അഭിനയിച്ചത്. ഒടുവിലായി തിയേറ്ററിലെത്തിയ ‘ഗാന്ധി ടോക്‌സി’ലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Arvind Swamy shares his inspiring journey of recovery from paralysis, aided by Kerala Ayurveda. Learn how he overcame physical and mental challenges