150 ബോഡിഗാർഡുകളുണ്ടെന്ന് പറഞ്ഞ താന്യ; വീടിന്റെ ഒരുനില അവരുടെ വസ്ത്രങ്ങൾക്കുമാത്രം, അടുക്കളയിൽ ലിഫ്റ്റും

ഹിന്ദി ബിഗ് ബോസ് 19-ാം സീസണിലെ ശക്തരായ മത്സരാർഥികളിലൊരാളാണ് താന്യ മിത്തൽ. സ്പിരിച്വൽ ഇൻഫ്‌ളുവൻസറും മോഡലും സംരംഭകയുമായ താന്യ, ആദ്യദിവസം മുതൽ തന്റെ ജീവിതശൈലിയുടെയും ഹൗസിലെ ഇടപെടലുകളുടെയും പേരിൽ ചർച്ചാവിഷയമായിട്ടുണ്ട്. ആഡംബരജീവിതത്തിന് പേരുകേട്ട അവർ 800 സാരികളുമായാണ് ബിഗ് ബോസ് ഹൗസിലേക്ക് വന്നതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
''എന്റെ ആഭരണങ്ങളും അലങ്കാരങ്ങളും 800-ലധികം സാരികളും ഞാൻ കൊണ്ടുപോകുന്നുണ്ട്. ഓരോ ദിവസവും മൂന്നു സാരികളുടുക്കും'', എന്നാണ് അവർ പറഞ്ഞത്. 150 ബോഡിഗാർഡുകൾ ഉണ്ടെന്ന അവരുടെ തുറന്നുപറച്ചിലും താന്യയുടേതായി പുറത്തുവന്നിരുന്നു. 150 ബോഡിഗാർഡുകളും 800-ലധികം ഓഫീസ് സ്റ്റാഫുകളുമുണ്ടെന്നാണ് അവർ പറഞ്ഞത്.
തന്നെ 'ബോസ്' എന്ന് വിളിക്കണമെന്ന് ബിഗ് ബോസ് ഹൗസിലെ മത്സരാർഥികളോട് അവർ പറഞ്ഞതും വിവാദമായിരുന്നു. തന്റെ സഹോദരൻ പോലും 'ബോസ്' എന്നാണ് തന്നെ വിളിക്കുന്നതെന്നും താന്യ പറഞ്ഞു. അതിനിടെ നിലപാടുകൾ തമ്മിലുള്ള പൊരുത്തക്കേടും അവരെ വിവാദകഥാപാത്രമാക്കി. താനിതുവരെ സാരിയല്ലാതെ മറ്റൊരു വസ്ത്രവും ധരിച്ചിട്ടില്ലെന്നായിരുന്നു താന്യ പറഞ്ഞിരുന്നത്. അതോടെ നെറ്റിസൺസ് മോഡേൺ വസ്ത്രങ്ങൾ ധരിച്ച താന്യയുടെ പഴയ റീലുകൾ കുത്തിപ്പൊക്കി.
തനിക്കും അമ്മയ്ക്കും പാചകമറിയില്ലെന്ന് താന്യ പറഞ്ഞതിനുപിന്നാലെ, പാചകം ചെയ്യാൻ അറിയാമെന്ന് താന്യ തന്നെ പറയുന്ന പഴയ വീഡിയോകളും പൊങ്ങിവന്നു. തന്റെ വീട് ഒരു സെവൻ സ്റ്റാർ ഹോട്ടലിന്റെ അത്രയും ആഡംബരങ്ങൾ നിറഞ്ഞതാണെന്നും അതിൽ ഒരുനില മുഴുവൻ തന്റെ വസ്ത്രങ്ങൾക്കായി മാത്രമുള്ളതാണെന്നും അടുക്കളയിൽ ലിഫ്റ്റ് ഉണ്ടെന്നുമുള്ള വെളിപ്പെടുത്തലും അവരെ ട്രോളർമാരുടെ ഇഷ്ടതാരമാക്കി മാറ്റി.
ഈ വർഷത്തെ കുംഭമേളയിൽ ഒട്ടേറെ പേർ മരിച്ചുവെന്നും ആ മൃതദേഹങ്ങൾ താൻ കണ്ടുവെന്നും താന്യ അവകാശപ്പെട്ടിരുന്നു. തന്റെ ബോഡിഗാർഡുകളാണ് പലരെയും രക്ഷപ്പെടുത്തിയതെന്നും അവർ പറഞ്ഞു. ട്രോൾ ചെയ്യപ്പെട്ടപ്പോൾ താന്യയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനയുമായി കുടുംബവും രംഗത്തെത്തിയിരുന്നു. ഇതെല്ലാം താന്യയുടെ പിആർ തന്ത്രങ്ങളാണെന്നാണ് പലരുടെയും അഭിപ്രായം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bigg Boss contestant Tanya Mittal`s extravagant lifestyle, including 800 sarees, 150 bodyguards, and a dedicated floor for clothes, sparks debate and amusement