'എനിക്ക് രൺവീറിനെ ഇഷ്ടമല്ലായിരുന്നു' എന്ന് യഷ്; ധുരന്ധറും ടോക്‌സിക്കും ഏറ്റുമുട്ടുമ്പോൾ

യഷ്, രൺവീർ സിങ് / IMDb
യഷ്, രൺവീർ സിങ് / IMDb

'ധുരന്ധർ രണ്ടാം ഭാഗം' മാർച്ച് 19-ന് റിലീസാവുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രൺവീർ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ.മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ, രാകേഷ് ബേദി തുടങ്ങിയവർ അഭിനയിച്ച ആദ്യഭാഗം നിലവിൽ 1300 കോടിക്കടുത്ത് നേടിക്കഴിഞ്ഞു. അതിന്റെ ആവേശത്തിൽ രണ്ടാം ഭാഗവും പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് അണിയറപ്രവർത്തകർ കണക്കുകൂട്ടുന്നത്. യഷ്, നയൻതാര, കിയാര അദ്വാനി തുടങ്ങിയവർ അഭിനയിക്കുന്ന 'ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്പ്‌സ്' എന്ന സിനിമയും അതേ ദിവസം തന്നെയാണ് റിലീസാവുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് സിനിമയുടെ ടീസർ പുറത്തിറങ്ങിയത്. ഒട്ടേറെ വിവാദങ്ങളുണ്ടെങ്കിലും സിനിമാലോകവും പ്രേക്ഷകരും അതിന്റെ മേക്കിങ്ങിനെ പുകഴ്ത്തുന്നു. മണിക്കൂറുകൾ കൊണ്ട് 73 ദശലക്ഷം പേരാണ് ടീസർ കണ്ടത്.

അതോടെ മാർച്ച് 19-ന്റെ പോരാട്ടം യഷും രൺവീർ സിങ്ങും തമ്മിലുള്ളതായിരിക്കുമെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. അതിനിടെ രൺവീർ സിങ്ങിനെക്കുറിച്ച് മുമ്പ് യഷ് പറഞ്ഞൊരു അഭിപ്രായം വീണ്ടും വൈറലാവുകയാണ്. ഇഷ്ടപ്പെട്ട സമകാലിക ബോളിവുഡ് താരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യഷ് പറഞ്ഞ ഉത്തരം, 'റൺബീർ കപൂർ, രൺവീർ സിങ്' എന്നാണ്. അതിനൊപ്പം യഷ് ഇങ്ങനെ കൂട്ടിച്ചേർത്തു, ''രണ്ടുപേരും വളരെ നല്ലതാണ്. എനിക്ക് മുമ്പ് രൺവീറിന്റെ സിനിമകൾ ഇഷ്ടമായിരുന്നില്ല. രൺവീറിന്റെ അഭിനയവും ഇഷ്ടമല്ലായിരുന്നു. എന്നാലിപ്പോൾ അദ്ദേഹത്തെ വളരെ നന്നായി തോന്നുന്നു. ബാജിറാവു മസ്താനി, പത്മാവത് എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു''. പിന്നീട് കെ.ജി.എഫ് റിലീസായപ്പോൾ രൺവീർ സിങ് ആ സിനിമയെക്കുറിച്ച് സംസാരിച്ചു, ''ആ സിനിമ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. അതെന്റെ ആദ്യപ്രണയം'' എന്നാണ് അന്ന് രൺവീർ പറഞ്ഞത്.

എന്തായാലും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ആരാണ് ഈ മത്സരത്തിൽ വിജയിക്കുകയെന്ന്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Yash`s past comments on Ranveer Singh resurface as `Toxic` and `Dhurandhar 2` set for a March 19th release. Who will win the box office battle?