'ടോക്സിക്കി'ലെ ഗ്ലാമറസ് രംഗങ്ങളിൽ വിമർശനം: കിയാരയ്ക്ക് പിന്തുണയുമായി യഷ്!

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' (Toxic: A Fairy Tale for Grown-Ups) ട്രെയിലർ ലോഞ്ചിനിടെ സഹതാരം കിയാര അദ്വാനിക്ക് പിന്തുണയുമായി കന്നഡ സൂപ്പർതാരം യഷ്. ചിത്രത്തിലെ 'തബാഹി' എന്ന ഗാനരംഗത്തിലെ പ്രകടനത്തിന്റെ പേരിൽ കിയാര നേരിടുന്ന സോഷ്യൽ മീഡിയ വിമർശനങ്ങളോടായിരുന്നു യഷിന്റെ പ്രതികരണം.
“കിയാര, ഈ ചിത്രത്തിൽ നിങ്ങൾ ചെയ്ത കഥാപാത്രത്തോട് കാണിച്ച സമർപ്പണം അവിശ്വസനീയമാണ്. ഇത്രയും വലിയ താരനിരയെ ചിത്രത്തിൽ ഉൾപ്പെടുത്തുന്നത് പ്രയാസകരമായിരിക്കും എന്നാണ് ആദ്യം ഞങ്ങൾ കരുതിയത്. എന്നാൽ കിയാര വളരെ എളിമയുള്ള വ്യക്തിയാണ്. ഒരു അഭിനേത്രിയെന്ന നിലയിൽ ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നത് നിർഭാഗ്യകരമാണ്, പക്ഷേ അതൊന്നും കാര്യമാക്കേണ്ടതില്ല. സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നോട്ട് പോവുക, ആളുകൾ അത് ആഘോഷിക്കും. നമ്മൾ കാലത്തിന് അൽപ്പം മുന്നിൽ സഞ്ചരിക്കുന്നു എന്ന് മാത്രം കരുതുക," ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ യഷ് പറഞ്ഞു.
ചിത്രം റിലീസ് ചെയ്യുന്നതോടെ പ്രേക്ഷകർ അഭിനേതാക്കളെ കാണുന്ന രീതി തന്നെ മാറുമെന്നും ചിത്രത്തിന്റെ സഹരചയിതാവും നിർമ്മാതാവും കൂടിയായ യഷ് കൂട്ടിച്ചേർത്തു.
'ടോക്സിക്' സിനിമയെ കന്നഡ-തമിഴ്-തെലുങ്ക് സിനിമ എന്ന് വേർതിരിച്ചു കാണേണ്ടതില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകൾ ഒന്നിക്കുന്ന ഒരു ഇന്ത്യൻ സിനിമയാണിത്. മികച്ച അഭിനേതാക്കൾ അണിനിരക്കുന്നു," അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിൽ തന്റെ സഹോദരിയുടെ വേഷത്തിലെത്തുന്ന 'ലേഡി സൂപ്പർസ്റ്റാർ' നയൻതാരയെപ്പറ്റിയും യഷ് പുകഴ്ത്തി.
"നയൻതാര, നിങ്ങൾ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. നിങ്ങളുടെ താരമൂല്യവും ആരാധകർ നൽകുന്ന സ്നേഹവും എനിക്കറിയാം. ഡേറ്റിന്റെ കാര്യത്തിൽ ചില തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും ഈ ചിത്രത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധത അഭിനന്ദനാർഹമാണ്. ഏതൊരാളും ആഗ്രഹിക്കുന്ന ഏറ്റവും ബോൾഡായ സഹോദരിയായിരിക്കും ഈ ചിത്രത്തിൽ നിങ്ങൾ," യഷ് പറഞ്ഞു.
ചിത്രീകരണ വേളയിൽ തനിക്ക് നൽകിയ പിന്തുണയ്ക്ക് ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റിനും യഷ് നന്ദി പറഞ്ഞു. ശാരീരികമായും മാനസികമായും ഏറെ പ്രയാസമേറിയതായിരുന്നു സിനിമയിലെ തന്റെ കഥാപാത്രമെന്നും, പലവിധത്തിലുള്ള ലുക്കുകൾക്കായി ഒരുപാട് സമയം വേണ്ടിവന്നപ്പോൾ രാധിക നൽകിയ പിന്തുണ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഓഗസ്റ്റ് 26-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. കിയാര അദ്വാനി, നയൻതാര എന്നിവർക്ക് പുറമെ രുക്മിണി വസന്ത്, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Yash backed Kiara Advani over criticisms regarding her glamourous scenes in Toxic., Yash stated that they are travelling a bit ahead of time., Toxic: A Fairy Tale for Grown-Ups is directed by Geetu Mohandas and releases on August 26., Yash praised Nayanthara for her commitment and role as his bold sister in the movie.