ധുരന്ധറിനെ പേടിച്ചില്ല, തന്റെ ഭയം ഇതായിരുന്നുവെന്ന് യഷ്; ഒന്നും നഷ്ടപ്പെടാനുമില്ല

ടോക്‌സിക് സിനിമയിൽനിന്ന്‌
ടോക്‌സിക് സിനിമയിൽനിന്ന്‌

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ-അപ്‌സ്' (Toxic: A Fairy Tale for Grown-ups). യഷ് നായകനാവുന്ന ചിത്രത്തിൽ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത്, സുദേവ് നായർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗീതുവിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്നത് യഷ്. 1000 കോടി ബജറ്റിൽ നിർമിക്കുന്ന ചിത്രം, ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് ഇപ്പോൾ താരങ്ങൾ.

2023 ഡിസംബറിലാണ് സിനിമ അനൗൺസ് ചെയ്യുന്നത്. യഷിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് 2026 ജനുവരിയിലാണ് ചിത്രത്തിൽ യാഷ് അവതരിപ്പിക്കുന്ന 'റായ' എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഔദ്യോഗിക ടീസർ പുറത്തിറക്കിയത് ഫെബ്രുവരി 20-നാണ്. ഏറ്റവുമൊടുവിൽ ഈ മാസം 8-നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറക്കിയത്.

ആഗസ്റ്റ് 26-നാണ് സിനിമ റിലീസ് ചെയ്യുന്നത്. നേരത്തെ പല തവണ ചിത്രത്തിന്റെ റിലീസിങ് മാറ്റിവെച്ചിരുന്നു. മാർച്ചിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചെങ്കിലും, പിന്നീട് മാറ്റിവെക്കുകയായിരുന്നു. 'ധുരന്ധർ: ദ റിവഞ്ച്' (Dhurandhar: The Revenge) എന്ന ചിത്രവും അതേസമയത്ത് റിലീസ് ചെയ്യുന്നതുകൊണ്ടാണ് റിലീസിങ് മാറ്റിയതെന്നാണ് അന്ന് പുറത്തുവന്ന വാർത്തകൾ. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ യഷ്. 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് യഷ് റിലീസിങ്ങിനെക്കുറിച്ച് സംസാരിച്ചത്. ''മാർച്ച് 19-ന് റിലീസ് ചെയ്യാനിരുന്ന 'ടോക്‌സിക്' മാറ്റിവെച്ചപ്പോൾ, ഭയംമൂലമാണ് ഞാനാ തീരുമാനമെടുത്തതെന്ന് പലരും പറഞ്ഞതായി എനിക്കറിയാം. ജീവിതത്തിൽ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, അതിനാൽ എനിക്ക് ഭയമില്ല''.

എന്നാൽ തനിക്കൊരു കാര്യത്തിൽ ഭയമുണ്ടെന്നും യഷ് വെളിപ്പെടുത്തി. എന്നാലത് ബോക്‌സോഫീസിലെ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ഭയമല്ല. ''ആളുകൾ വിചാരിക്കുന്നത് സിനിമയുടെ ലാഭം നൂറോ ഇരുന്നൂറോ കോടി കുറഞ്ഞാൽ അതെന്നെ ബാധിക്കുമെന്നാണ്. പക്ഷേ ഇല്ല. എന്തായാലും ഞങ്ങൾക്ക് ഇപ്പോൾ ലാഭമുണ്ടാകും. പക്ഷേ ഞാൻ ഉണ്ടാക്കുന്നതൊന്നും മോശമാകരുതെന്നാണ് എനിക്ക്. അതാണെന്റെ ഭയം'', താരം തുറന്നുപറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Yash addresses rumours about fearing Dhurandhar: The Revenge for the Toxic release delay. Toxic: A Fairy Tale for Grown-ups is set for an August 26 release.