'അന്ന് അവരെന്നെ ക്രൂരമായി ട്രോൾ ചെയ്തു'; രശ്മികയുടെ വാക്കുകൾക്ക് കൈയടിച്ച് വിജയ്‌യുടെ അമ്മ

ഇക്കഴിഞ്ഞ ദിവസമാണ് രശ്മിക മന്ദാനയ്ക്ക് മികച്ച നടിക്കുള്ള തെലങ്കാന ഗദ്ദർ ഫിലിം അവാർഡ് (Telengana Gaddar Film Awards) ലഭിച്ചത്. 'ദ ഗേൾഫ്രണ്ട്' എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം നേടിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം ഏറെ വികാരാധീനയായിട്ടാണ് താരം സംസാരിച്ചത്.
ഒരു മകളായി തെലുഗുസിനിമയിലേക്ക് വന്ന താനിപ്പോൾ അവരുടെ മരുമകളായി മാറിയതിനെക്കുറിച്ചും രശ്മിക പരാമർശിച്ചു.
അവാർഡ് സ്വീകരിച്ചുകൊണ്ട് രശ്മിക പറഞ്ഞു, ''ഞാൻ ഇവിടെ വന്നപ്പോൾ, നിങ്ങൾ എന്നെ ഒരു മകളെപ്പോലെയാണ് പരിപാലിച്ചത്. ഇപ്പോൾ, ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി ഒരു മരുമകളായി നിൽക്കുന്നു.'' ഒരു അഭിനേത്രി എന്ന നിലയിൽ താൻ കടന്നുവന്ന വഴികളെക്കുറിച്ചും നീണ്ട പാതയെക്കുറിച്ചും രശ്മിക ഓർത്തു. ''നേരത്തെ, സിനിമകളിലെ എന്റെ പ്രകടനത്തിന് ഞാൻ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന്, എന്റെ അഭിനയത്തിന് ഒരു സംസ്ഥാന അവാർഡ് ലഭിച്ചു.''
രശ്മികയുടെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. അത്രയും കഷ്ടപ്പെട്ടാണ് താരം ഇവിടെ എത്തിയതെന്നും അവർ ഓർമിച്ചു. കരിയറിലുടനീളം ക്രൂരമായ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് രശ്മികയ്ക്ക്. കഥാപാത്രങ്ങളുടെ പേരിലും അഭിനയത്തിന്റെ പേരിലും, എന്തിനേറെ സ്വകാര്യജീവിതം പോലും ആളുകൾ ട്രോളുകൾക്ക് വിഷയമാക്കി. അതെല്ലാം മറികടന്നാണ് അവർ മുൻനിരതാരമായത്. ഇന്ന് തെലുഗുവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് രശ്മിക.
താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 'ദ ഗേൾഫ്രണ്ടി'ലെ ഭൂമാദേവി. പുരസ്‌കാരം സ്വീകരിക്കാൻ വിജയ്‌യുടെ അമ്മ മാധവി ദേവരകൊണ്ടയ്‌ക്കൊപ്പമാണ് രശ്മിക എത്തിയത്. ഇരുവരും ക്യാമറകൾക്കായി ഒരുമിച്ച് പുഞ്ചിരിയോടെ പോസ് ചെയ്തു. രശ്മിക പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കുമ്പോൾ, മാധവി ദേവരകൊണ്ട ആവേശത്തോടെ കൈയടിക്കുകയും ചെയ്തു.
പുരസ്‌കാരവിവരം അറിഞ്ഞയുടൻ, വിജയ് ദേവരകൊണ്ട തന്റെ ഭാര്യയെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമിട്ടിരുന്നു. 'Happy and proud' എന്നാണ് വിജയ് കുറിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna wins Best Actress at the Telangana Gaddar Film Awards for 'The Girlfriend'. Reflected on her journey from being a daughter of the industry to a daughter-in-law. Openly addressed the severe online trolling and criticism she faced during her career.