സൽമാന്റെ ഭീഷണിയിൽ സിനിമകൾ നഷ്ടപ്പെട്ട വിവേക്; അന്ന് സഹായിച്ചത് അക്ഷയ് കുമാർ

ബോളിവുഡിലെ സൂപ്പർതാരങ്ങളിലൊരാളാവുമെന്ന് എല്ലാവരും കരുതിയിരുന്നൊരു താരമാണ് വിവേക് ഒബ്‌റോയ്. 'കമ്പനി'യെന്ന ചിത്രത്തിലൂടെ രാംഗോപാൽ വർമയാണ് വിവേകിനെ സിനിമയിലേക്കെത്തിക്കുന്നത്. പിന്നാലെ റോഡ്, സാഥിയ, മസ്തി തുടങ്ങിയ ചിത്രങ്ങളിലൂടെ വിവേക് തന്റെ സ്ഥാനമുറപ്പിച്ചു. ബോളിവുഡിലെ പുത്തൻ താരോദയമെന്നാണ് അന്ന് സിനിമാലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പക്ഷേ, സംഭവിച്ചത് ഇതൊന്നുമല്ല.
ഐശ്വര്യ റായ്‌യുമായുള്ള പ്രണയം അദ്ദേഹത്തിന്റെ കരിയറിൽ ചില്ലറ നഷ്ടങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. ആ പ്രണയത്തിന്റെ പേരിൽ പലപ്പോഴും വിവേകിന് സൽമാന്റെ ഭീഷണി നേരിടേണ്ടിവന്നു. അദ്ദേഹത്തിന്റെ കൈയിലെത്തിയ പല അവസരങ്ങളും നഷ്ടമായി. ബോളിവുഡ് ഒന്നടങ്കം അദ്ദേഹത്തെ ബഹിഷ്‌കരിച്ചു. കിട്ടിയ ചുരുക്കം ചില സിനിമകൾ പരാജയങ്ങളായി മാറുകയും ചെയ്തു. ഒടുവിൽ അദ്ദേഹം സിനിമയോട് വിടപറഞ്ഞു, ബിസിനസ്സിലേക്ക് തിരിയുകയും ചെയ്തു. ഇന്ന് വിവേകിന്റെ ആസ്തി 1200 കോടിയിലേറെയാണ്. ബിസിനസ് ലാഭത്തിലായശേഷം അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവന്നു.
മസ്തി 4, ലൂസിഫർ, കടുവ, രുസ്തം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വീണ്ടും ജനങ്ങൾക്ക് പ്രിയങ്കരനായി. റൺബീർ കപൂർ നായകനായ 'രാമായണ' എന്ന ചിത്രത്തിലും അദ്ദേഹം ഭാഗമാണ്. ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് സിനിമ നിർമിക്കപ്പെടുന്നത്.
തന്റെ കരിയറിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിൽ തന്നെ സഹായിച്ചത് നടൻ അക്ഷയ് കുമാറാണെന്ന് പറയുകയാണ് വിവേക് ഇപ്പോൾ. മിർച്ചി പ്ലസുമായുള്ള അഭിമുഖത്തിലാണ് വിവേക് ഈ തുറന്നുപറച്ചിൽ നടത്തിയത്. അത് വിവേക് ഓർത്തെടുക്കുന്നു. ''ഒരിക്കൽ അദ്ദേഹമെന്നെ വിളിച്ചു ചോദിച്ചു, 'നീ എവിടെയാണ്?' ഞാൻ വീട്ടിലാണെന്നും വലിയ വിഷമത്തിലാണെന്നും അദ്ദേഹത്തോട് പറഞ്ഞു. അര മണിക്കൂറിനുള്ളിൽ അദ്ദേഹം എന്റെ വീട്ടിലെത്തി. എന്നോടൊപ്പം ഇരുന്ന് സംസാരിക്കണമെന്ന് പറഞ്ഞു. തുടർന്ന്, ഞാൻ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, 'നോക്കൂ, ഇതിലൊന്നും എനിക്ക് നേരിട്ട് ഇടപെടാനാവില്ല, പക്ഷേ നിന്റെ ചിന്താഗതി പോസിറ്റീവാക്കി മാറ്റാൻ എനിക്ക് സഹായിക്കാനാകും'. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി''.
നിലവിൽ നിരവധി ഷോകൾ നടക്കുന്നുണ്ടെന്നും അതിൽ തനിക്കൊരുപാട് ചെയ്യാനുണ്ടെന്നും അക്ഷയ് പറഞ്ഞു. എന്നാൽ ഷൂട്ടിങ് തിരക്കുകൾ കാരണം അവയിലൊന്നും പങ്കെടുക്കാൻ കഴിയില്ലെന്നും അക്ഷയ് തുറന്നുപറഞ്ഞു. തന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനായി അക്ഷയ് തന്റെ ഷോകൾ വിവേകിന് വിട്ടുനൽകാൻ തയ്യാറായതാണ് വിവേകിനെ അദ്ഭുതപ്പെടുത്തിയത്.
''നീ അവ ചെയ്യാൻ തുടങ്ങൂ. എനിക്ക് വരുന്ന ഷോകളെല്ലാം ഞാൻ നിനക്ക് കൈമാറാം,' എന്ന് അദ്ദേഹം പറഞ്ഞു. ആ പരിപാടികൾ ചെയ്യാൻ അദ്ദേഹത്തിന് താത്പര്യമില്ലാതിരുന്നതുകൊണ്ട് അവ ഏറ്റെടുക്കാൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്തൊരു കാര്യമാണിത്! മറ്റൊരാൾക്ക് വേണ്ടി ഇങ്ങനെയൊക്കെ ആര് ചെയ്യും?'', വിവേക് തുടരുന്നു.
''ആ സഹായത്തോടെ ഞാൻ വീണ്ടും വേദിയിൽ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി; ആരാധകരെ കാണാനും അവർ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്നത് കേൾക്കാനും കഴിഞ്ഞപ്പോൾ എനിക്ക് നല്ലൊരു പോസിറ്റീവ് അനുഭവം ലഭിച്ചു. എനിക്ക് പണവും ലഭിച്ചു. 'ഞാൻ നിനക്കുവേണ്ടി നിലകൊള്ളാം', 'ലോബിക്കെതിരെ പോരാടാം' എന്നൊന്നും അദ്ദേഹം പറഞ്ഞില്ല. പകരം, ലളിതവും പ്രായോഗികവുമായ ഒരു പരിഹാരമാണ് അദ്ദേഹം എനിക്ക് നൽകിയത്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vivek Oberoi faced professional isolation due to industry conflicts. Akshay Kumar provided practical support by offering his own stage shows to Vivek