ജൂൺ ആദ്യവാരമാണ് മുംബൈ ബോറിവലിയിലുള്ള രണ്ട് അപ്പാർട്ട്‌മെന്റുകൾ നടൻ അക്ഷയ്കുമാർ വിറ്റത്. പിന്നാലെ ജൂൺ 30-ന് മുലുന്ദ് വെസ്റ്റിലുള്ള രണ്ട് ആഡംബര അപ്പാർട്ട്‌മെന്റുകൾ കൂടി വിറ്റിരിക്കുകയാണ് അക്ഷയ്. എൽബിഎസ് റോഡിലുള്ള ഒബ്‌റോയ് എനിഗ്മയിലെ 18-ാം നിലയിലുള്ള രണ്ട് അപ്പാർട്ട്‌മെന്റുകളാണിത്. റിപ്പോർട്ടുകൾ പ്രകാരം 12.38 കോടി രൂപയ്ക്കാണ് ഇവ വിറ്റുപോയത്. മൂന്ന് കാർ പാർക്കിങ് ഏരിയ വീതമുള്ള അപ്പാർട്ട്‌മെന്റിന്, 6.19 കോടി വീതമാണ് അക്ഷയ്ക്ക് ലഭിച്ചത്.

2017-ലാണ് ഇവ അക്ഷയ് സ്വന്തമാക്കിയത്. അന്ന് 9 കോടി രൂപയ്ക്കാണ് ഫ്‌ളാറ്റുകൾ അദ്ദേഹം വാങ്ങിയത്. ഈ വ്യവഹാരത്തിൽനിന്ന് അദ്ദേഹത്തിന് ലഭിച്ച ലാഭം ഏകദേശം 3.3 കോടി രൂപയാണ്.

ജൂൺ 1-നാണ് ബോറിവലി ഈസ്റ്റിലെ ഒബ്‌റോയ് സ്‌കൈ സിറ്റി കോംപ്ലക്‌സിലുള്ള മറ്റ് രണ്ട് അപ്പാർട്ട്‌മെന്റുകൾ അദ്ദേഹം വിറ്റഴിച്ചത്. 1,101 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു അപ്പാർട്ട്മെന്റ് 5.75 കോടി രൂപയ്ക്കും, 252 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ടാമത്തെ അപ്പാർട്ട്മെന്റ് 1.35 കോടി രൂപയ്ക്കുമാണ് വിറ്റത്. രണ്ട് ഫ്‌ളാറ്റുകളും കൂടി വിറ്റത് 7.10 കോടി രൂപയ്ക്ക്. റിപ്പോർട്ടുകൾ പ്രകാരം വലിയ അപ്പാർട്ട്‌മെന്റ് മൂന്നുകോടി രൂപയ്ക്കാണ് 2017-ൽ അദ്ദേഹം വാങ്ങിയത്. ചെറിയ ഫ്‌ളാറ്റ് വാങ്ങിയത് 67.6 ലക്ഷം രൂപയ്ക്കും. അപ്പോൾ ഈ ഫ്‌ളാറ്റുകൾ വിറ്റ വകയിൽ അദ്ദേഹത്തിന് ലഭിച്ച ലാഭം ഏകദേശം ഇരട്ടി തന്നെ. ഒരുമാസത്തിനുള്ളിൽ നാലു ഫ്‌ളാറ്റുകൾ വിറ്റ വകയിൽ അദ്ദേഹത്തിന് ലഭിച്ചത് 20 കോടി രൂപയാണ്, ലാഭം ഏഴുകോടിയും.

മാർച്ച് 2025-ലും ഒബ്‌റോയ് സ്‌കൈ സിറ്റി കോംപ്ലക്‌സിലുള്ള മറ്റൊരു ഫ്‌ളാറ്റ് 4.35 കോടിക്ക് അദ്ദേഹം വിറ്റിരുന്നു. ഏകദേശം രണ്ടുകോടിക്കടുത്ത് ലാഭമാണ് ഈ വിറ്റഴിക്കലിൽ അക്ഷയ്ക്ക് ലഭിച്ചത്.

ജുഹുവിലുള്ള ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റിലാണ് ഇപ്പോൾ അക്ഷയ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇവയുടെ ഇന്റീരിയർ ഡിസൈൻ ചെയ്തത് ട്വിങ്കിൾ ഖന്നയും. 80 കോടി രൂപയാണ് ഇതിന് വില വരുന്നത്. അതുകൂടാതെ പല സ്ഥലങ്ങളിലായി ആഡംബര വില്ലകളും ഫ്‌ളാറ്റുകളുമുണ്ട് അദ്ദേഹത്തിന്. ഗോവയിലെ അഞ്ചുന ബീച്ചിനോട് ചേർന്ന് പോർച്ചുഗീസ് മാതൃകയിലുള്ളൊരു വില്ലയും അദ്ദേഹത്തിന് സ്വന്തം. ഇതിനുപുറമെ വിദേശരാജ്യങ്ങളിലും അദ്ദേഹത്തിന് വസ്തുവകകളുണ്ട്. ടൊറന്റോയിൽ പെന്റ് ഹൗസ്, ഒരു വീട്, ആഡംബരവസതി എന്നിവയാണ് സ്വന്തമായുള്ളത്. മൗറീഷ്യസിൽ ഒരു ബീച്ച്‌സൈഡ് ബംഗ്ലാവും താരത്തിനുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi