'വെള്ളം കുടിക്കാൻ അനുവാദമുണ്ടായില്ല, ഐസ്‌ക്യൂബ് നുണഞ്ഞിറക്കും, ഒരുദിവസം 200 മില്ലി വെള്ളം മാത്രം'

'റണബാലി' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. അതിനിടെ പല അഭിമുഖങ്ങൾക്കായും ഇരുവരും സമയം കണ്ടെത്തുന്നു. 'രണബാലി'യിൽ വിമതനായ ഒരു പോരാളിയുടെയും സ്വാതന്ത്ര്യസമര സേനാനിയുടെയും വേഷങ്ങളിലാണ് വിജയ് എത്തുന്നത്.

സിനിമയ്ക്കായി തന്റെ ശരീരപ്രകൃതിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്ന് വിജയ് പറയുന്നു. സുധീർ ശ്രീനിവാസന്റെ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരത്തിൽ ശരീരപ്രകൃതിയിൽ മാറ്റം വരുത്തേണ്ടി വരുന്നത് ഇതാദ്യമല്ലെന്ന് വിജയ് വെളിപ്പെടുത്തി.

2022-ൽ പുറത്തിറങ്ങിയ 'ലൈഗർ' എന്ന ബോളിവുഡ് ചിത്രത്തിലും ഇത്തരത്തിൽ കഠിനാധ്വാനം ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നാലത് ആരോഗ്യത്തിന് ഹാനികരമായുള്ള രീതിയിലായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു. വിജയ്‌യുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണത്. എന്നാൽ ചിത്രം ബോളിവുഡിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. മിക്‌സഡ് മാർഷ്യൽ ആർട്ട്‌സ് ഫൈറ്ററായിട്ടാണ് ഇതിൽ വിജയ് വേഷമിട്ടത്. അതിനനുസരിച്ച്

''ലൈഗർ ചെയ്യുന്ന സമയത്ത് എനിക്ക് ക്രമേണ വെള്ളം കുടിക്കുന്നത് കുറയ്‌ക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ്ങിന് തൊട്ടുമുമ്പുള്ള അവസാന 10 മണിക്കൂറിൽ വെള്ളം കുടിക്കാൻ പാടില്ലായിരുന്നു. പകരം ഒരു ഐസ് ക്യൂബ് നുണഞ്ഞിരിക്കുക മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അതൊട്ടും ആരോഗ്യകരമായ രീതിയല്ല. ദിവസവും 200 മില്ലി ലിറ്റർ വെള്ളം മാത്രം കുടിച്ചിരുന്ന ആ സമയത്ത്, ഓരോ നിമിഷവും മനസ്സിൽ 'വെള്ളം, വെള്ളം, വെള്ളം' എന്ന ചിന്ത മാത്രമാണുണ്ടായിരുന്നത്. അപ്പോൾ നമുക്ക് വേണ്ടതും ആഗ്രഹിക്കുന്നതും വെള്ളം മാത്രമാണ്''. അന്ന് താനാകെ ചിന്തിച്ചിരുന്നതും വെള്ളത്തിനെക്കുറിച്ച് മാത്രമാണെന്ന് അദ്ദേഹം ഓർക്കുന്നു. ദിവസവും നാലുമുതൽ ആറുലിറ്റർ വെള്ളമായിരുന്നു വിജയ് ആദ്യം കുടിച്ചിരുന്നത്. അത് പതുക്കെപ്പതുക്കെ കുറച്ച് 200 മില്ലി ലിറ്ററിലേക്കെത്തിച്ചു.

''ആ ഐസ് ക്യൂബ് നുണഞ്ഞിരിക്കുമ്പോൾ, വെള്ളം കുടിക്കാൻ അനുവാദമില്ലാതിരുന്ന ആ സമയത്ത്, വെള്ളത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഞാൻ ഉറങ്ങിയിരുന്നത്. 'ഇങ്ങനെ മുന്നോട്ട് പോകാനാവില്ല' എന്ന് എനിക്ക് തോന്നി. ഞാൻ അവരോട് പറഞ്ഞു, 'എനിക്ക് ഇളനീർ വേണം, നാല് ലിറ്റർ കൊണ്ടുവരൂ.' എനിക്ക് ഭക്ഷണം വേണ്ടായിരുന്നു, തണുത്ത ഇളനീർ മാത്രം മതിയായിരുന്നു. മൂന്ന് മണിക്കൂർ കഴിയുമ്പോൾ അസ്വസ്ഥത തോന്നും, അപ്പോൾ തണുത്ത ഇളനീർ കൊണ്ടുവരാൻ ഞാൻ ടീമിനോട് പറയും. അതിനുശേഷം, ആ സിനിമ വിജയിക്കാതെ പോകുമ്പോൾ വലിയ വിഷമം തോന്നും; കാരണം അതിനായി നമ്മൾ നമ്മളെത്തന്നെ പൂർണ്ണമായും സമർപ്പിച്ചിട്ടുണ്ടാകുമല്ലോ'', താരം ഓർക്കുന്നു.

പാൻ-ഇന്ത്യൻ ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയാണ് 'റണബാലി'. ഒക്ടോബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. രാഹുൽ സംക്രിത്യനാണ് സംവിധാനം. നിർമിക്കുന്നത് നവീൻ യെർനേനിയും വൈ.രവി ശങ്കറും ചേർന്നാണ്. 2019-ൽ റിലീസായ 'ഡിയർ കൊമേഡ്രി'ലാണ് വിജയ്‌യും രശ്മികയും അവസാനമായി ഒരുമിച്ചഭിനയിച്ചത്. അതിനുശേഷം അവരൊരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'റൗഡി ജനാർദന' എന്ന ചിത്രവും വിജയ്‌യുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'മൈസാ', അല്ലു അർജുന്റെ 'റാക്കാ' എന്നിവയാണ് രശ്മികയുടെ റിലീസാവാനിരിക്കുന്ന ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vijay Deverakonda revealed he drank only 200ml of water daily during the shooting of 'Liger'. He had to suck on ice cubes and avoided water entirely for 10 hours before shoots. His upcoming pan-Indian historical action drama 'Ranabali' is set to release on October 16. The actor stars alongside Rashmika Mandanna in 'Ranabali' after their last collaboration in 'Dear Comrade'.