നിറത്തിന്റെ പേരില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി; വെല്ലുവിളികളെക്കുറിച്ച് വാണി കപൂര്‍

വാണി കപൂര്‍,AFP
വാണി കപൂര്‍,AFP

യാഥാര്‍ഥ്യബോധമില്ലാത്ത സൗന്ദര്യസങ്കല്പങ്ങള്‍ ഇന്നും സിനിമാമേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ബോഡിഷെയിമിങ്ങിനെക്കുറിച്ച് പറയുകയാണ് ബോളിവുഡ് നടി വാണി കപൂര്‍. 2013-ല്‍ സുശാന്ത് സിങ് രാജ്പുത്, പരിണീതി ചോപ്ര എന്നിവര്‍ക്കൊപ്പം 'ശുദ്ധ് ദേശി റൊമാന്‍സ്' എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ബോളിവുഡ് നടിയാണ് വാണി കപൂര്‍. പിന്തുണക്കാനോ പ്രോത്സാഹിപ്പിക്കാനോ ആരുമില്ലാത്തതിനാല്‍ പുറംനാട്ടുകാരിയായ തനിക്ക് കരിയറില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും അവര്‍ വ്യക്തമാക്കി.

''ബോളിവുഡില്‍ പുറംനാട്ടുകാരിയാകുക എന്നാല്‍ സ്വയം വളരെയധികം ആശ്രയിക്കേണ്ടിവരുമെന്നാണ് അർഥം.

ഒരു സിനിമാ കുടുംബത്തില്‍ നിന്നല്ലെങ്കിലും ഒരു ഗോഡ്ഫാദറിന്റെ സംരക്ഷണ വലയമില്ലെങ്കിലും ഒരാളുടെ ശാരീരിക രൂപത്തെക്കുറിച്ചുള്ള പരിശോധന കൂടുതല്‍ തീവ്രമാകും.'' കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ബോഡിഷെയിമിങ്ങ് അനുഭവിച്ച ഒരു നടിയാണ് വാണി കപൂര്‍. സിനിമയോടുള്ള താല്പര്യം മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറി.

ഒരു നിര്‍മാതാവ് നിറത്തിന്റെ പേരില്‍ ഒരു സിനിമയില്‍ നിന്ന് തന്നെ പുറത്താക്കിയ സമയത്തെക്കുറിച്ചും വാണി ഓര്‍മ്മിക്കുന്നു. '' ഒരു ചലച്ചിത്ര നിര്‍മാതാവ് ഒരിക്കല്‍ ഒരു വേഷം ചെയ്യാന്‍ എനിക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞിരുന്നു. എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല, പക്ഷേ, വിവരങ്ങള്‍ മറ്റുള്ളവരിലൂടെയാണ് എത്തുന്നത്. ഞാന്‍ മില്‍ക്കി വൈറ്റ് അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് വെളുത്ത ചര്‍മ്മത്തോടുള്ള സിനിമാ വ്യവസായത്തിന്റെ അഭിനിവേശത്തെയാണ് കാണിക്കുന്നത്.’’

''ഞാന്‍ പലപ്പോഴും കേള്‍ക്കാറുള്ള ഒരു കാര്യം, ഞാന്‍ വളരെ മെലിഞ്ഞിരിക്കുന്നുവെന്നും, ശരീരഭാരം കൂടുതലുള്ള സ്ത്രീകളെ ആളുകള്‍ ഇഷ്ടപ്പെടുന്നതിനാല്‍ ഭാരം കൂട്ടണമെന്നും ആണ്. പക്ഷേ എനിക്ക് എന്നെ ഇഷ്ടമാണ്, എന്നില്‍ ഒരു മാറ്റവും വരുത്താന്‍ ആഗ്രഹമില്ല. ഞാന്‍ തികച്ചും ആരോഗ്യവതിയുമാണ്. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ വിഷമിക്കാറില്ല.''അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഹാ കല്യാണം, വാര്‍, ബെല്‍ ബോട്ടം, ചണ്ഡീഗഢ് കരേ ആഷിഖി, ഖേല്‍ ഖേല്‍ മേം, റെയ്ഡ് 2 തുടങ്ങിയ നിരവധി സിനിമകളിലൂടെ വാണി ബോളിവു‍ഡിലെ മുൻനിരതാരമായി മാറി.  ജൂലൈ 25 ന് സ്ട്രീമിംഗ് ആരംഭിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ത്രില്ലര്‍ മണ്ഡല മര്‍ഡേഴ്സിലാണ് വാണിയുടെ ഏറ്റവും പുതിയ പ്രോജക്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vaani Kapoor opens up about facing colorism and body shaming in Bollywood