ബിഗ് ബോസിൽനിന്ന് 'ദി ട്രെയ്‌റ്റേഴ്‌സി'ലേക്കുള്ള യാത്ര; വെറുപ്പും വിദ്വേഷവും നേരിടേണ്ടിവന്നുവെന്ന് ഉർഫി

ഉർഫി ജാവേദ് / AP
ഉർഫി ജാവേദ് / AP

തന്റെ വ്യത്യസ്തമായ വസ്ത്രധാരണ തിരഞ്ഞെടുപ്പുകളിലൂടെ സമൂഹമാധ്യമങ്ങളിൽ നിരന്തരം തരംഗം സൃഷ്ടിക്കുന്ന താരമാണ് ഉർഫി ജാവേദ്. താരത്തോളം വസ്ത്രപരീക്ഷണങ്ങൾ നടത്തുന്ന ആരും തന്നെ ബോളിവുഡിലില്ലെന്നു മാത്രമല്ല ഫാഷൻ പരീക്ഷണങ്ങളിൽ ഉർഫി ജാവേദിനെ തോൽപ്പിക്കുക അത്ര എളുപ്പവുമല്ല. പ്രമുഖ റിയാലിറ്റി ഷോയായ 'ദി ട്രെയ്‌റ്റേഴ്‌സിൽ' വിജയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് ഉർഫി.

ബിഗ് ബോസ് ഒടിടി (2021)യിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ പുറത്താക്കപ്പെട്ട ആദ്യ വ്യക്തി എന്ന നിലയിൽ നിന്ന് ഇപ്പോൾ 'ദി ട്രെയ്‌റ്റേഴ്‌സി'ൽ വിജയിക്കുന്നത് വരെയുള്ള തന്റെ യാത്രയെക്കുറിച്ചാണ് ഉർഫി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ സംസാരിച്ചത്. ബിഗ് ബോസ് ഒടിടിയിൽ നിന്ന് തന്നെ പുറത്താക്കുന്നത് കരൺ ജോഹർ അറിയിക്കുന്ന വിഡിയോ ക്ലിപ്പും ‘ട്രെയ്‌റ്റേഴ്‌സ് ഷോ’യിലെ തന്റെ വിജയപ്രഖ്യാപനവും ചേർത്തുള്ള ഒരു എഡിറ്റഡ് വീഡിയോ ആണ് ഉർഫി പങ്കുവെച്ചിരിക്കുന്നത്. തന്റെ നാലു വർഷത്തെ ജീവിതയാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും വീഡിയോയ്ക്കു താഴെ അവർ കുറിച്ചു. പല സമയങ്ങളിലും തകർന്നു പോകുകയും നിരവധി ഭീഷണികളും വെറുപ്പും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവർ പറയുന്നു.

'’ജീവിതയാത്ര എളുപ്പമായിരുന്നില്ല. ഒരുപാട് തവണ കരഞ്ഞിട്ടുണ്ട്. നിരവധി തകർച്ചകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാം ഉപേക്ഷിച്ച് ഓടിപ്പോകാൻ ആഗ്രഹിച്ചിട്ടുണ്ട്. അധിക്ഷേപങ്ങൾ, കൊലപാതക-ബലാത്സംഗ ഭീഷണികൾ, ഓൺലൈൻ, ഓഫ്ലൈൻ തുടങ്ങി എല്ലാ കോണുകളിൽ നിന്നുമുള്ള

വെറുപ്പും വിദ്വേഷവും. പക്ഷേ ഞാൻ ഒരിക്കലും തോറ്റുകൊടുത്തില്ല. ഒരുപക്ഷേ പ്രപഞ്ചത്തിന് എനിക്ക് ഇത് ആവശ്യമാണെന്ന് അറിയാമായിരിക്കും.’' അവർ എഴുതി.

'’ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം ഇനിയൊരു നല്ല ജീവിതം ഉണ്ടാവുമോ എന്നുപോലും സംശയിച്ചിട്ടുണ്ട്. ജീവിതത്തിൽ വിജയിക്കാനുള്ള അവസാന അവസരവും നഷ്ടപ്പെട്ടു എന്നും കരുതി. ബിഗ് ബോസിലേക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾക്കുള്ള പൈസ കണ്ടെത്തിയത് കൂട്ടുകാരുടെ കയ്യിൽ നിന്ന് കടം വാങ്ങിയാണ്. ആ സമയത്ത് അതൊന്നും തിരിച്ചു കൊടുക്കാൻ സാധിക്കുമോ എന്നു പോലും ഉറപ്പുണ്ടായിരുന്നില്ല. ഇപ്പോഴും പല ആളുകൾക്കും എന്നെ അംഗീകരിക്കാൻ മടിയുണ്ട്’'. പക്ഷെ അതൊന്നും തന്നെ തളർത്തില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘ദി ട്രെയ്‌റ്റേഴ്സി’ന്റെ ഫൈനൽ വ്യാഴാഴ്ചയാണ് സംപ്രേഷണം ചെയ്തത്. ഉർഫിയും നികിത ലൂഥറും സീസൺ ഒന്നിലെ വിജയികളായി കിരീടമണിഞ്ഞു. ട്രോഫിയും 70 ലക്ഷം രൂപ സമ്മാനത്തുകയും നേടി. ആരാധകർപോലും ചിന്തിക്കാത്ത തലത്തിലുള്ളതായിരിക്കും ഉർഫിയുടെ പല വസ്ത്രങ്ങളും. പലപ്പോഴും ഇത്തരം പരീക്ഷണങ്ങളുടെ പേരിൽ ഉർഫിക്കെതിരെ വിമർശനങ്ങളും ഉയരാറുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: urfi javed`s journey from big boss OTT eviction to winning `The Traitors` is inspiring