'മിസ്റ്റർ മരുമകൻ' സിനിമയുടെ ഭാഗമാകാൻ അന്ന് ഭാഗ്യരാജ് ഒരു ഡിമാന്റ് വെച്ചു

ഭാഗ്യരാജ്, ഉദയകൃഷ്ണ / ഫോട്ടോ: ഇൻസ്റ്റഗ്രാം
ഭാഗ്യരാജ്, ഉദയകൃഷ്ണ / ഫോട്ടോ: ഇൻസ്റ്റഗ്രാം

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗത്തിൽ അദ്ദേഹവുമൊത്തുള്ള ഓർമകൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. സിനിമയെ പ്രണയിക്കുന്ന ഏവരുടെയും ഉള്ളിൽ 'ഗുരുസ്ഥാനം' അലങ്കരിക്കുന്ന ചില മുഖങ്ങളുണ്ടാകുമെന്നും തനിക്ക് അത് കെ. ഭാഗ്യരാജ് എന്ന തമിഴിന്റെ തിരക്കഥാ ചക്രവർത്തിയാണെന്നും അദ്ദേഹം പറയുന്നു.

“വലിയ ബിൽഡപ്പുകളോ അതിഭാവുകത്വങ്ങളോ ഇല്ലാതെ, വെറും സാധാരണക്കാരനായി വന്ന് പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മനുഷ്യൻ. തിയേറ്ററുകളിൽ സിനിമ കണ്ട് ശീലമില്ലാത്ത ബാല്യകാലത്താണ്, 'മുന്താനൈ മുടിച്ച്' എന്ന സിനിമ കാണുന്നത്. ഉർവശി എന്ന നടിയെ നമ്മൾ ആദ്യമായി നെഞ്ചിലേറ്റിയ, കേരളത്തിൽ മാത്രം ഇരുനൂറോളം ദിവസങ്ങൾ തിയേറ്ററുകളിൽ നിറഞ്ഞോടിയ ആ ചിത്രം കണ്ട നിമിഷമാണ് എന്റെ ഭാഗ്യരാജ് ആരാധനയുടെ തുടക്കം. 'പാലക്കാട് മാധവൻ' എന്ന കഥാപാത്രം നെഞ്ചിൽ തറച്ച നാളുകൾ. അദ്ദേഹത്തിന്റെ 'അന്ത ഏഴു നാട്കൾ', 'ഡാർലിങ് ഡാർലിങ് ഡാർലിങ്' തുടങ്ങിയ ചിത്രങ്ങൾ പിന്നീട് വീഡിയോ കാസറ്റുകളിലൂടെ ഞാൻ ആവർത്തിച്ചു കണ്ടു.”

മലയാളത്തിൽ ബാലചന്ദ്രമേനോൻ എങ്ങനെയോ, അതുപോലെയായിരുന്നു തമിഴിൽ ഭാഗ്യരാജെന്ന് ഉദയകൃഷ്ണ പറയുന്നു. ''ഭാഗ്യരാജിന്റെ സിനിമ കാണാൻ പോകുന്നു എന്ന ഒറ്റ ലേബലിൽ ജനങ്ങൾ തിയേറ്ററിലേക്ക് ഒഴുകിയെത്തുമായിരുന്നു. വൈകാരികമായ ഏത് രംഗത്തെയും ഹാസ്യത്തിന്റെ മേമ്പൊടിയോടെ സ്‌ക്രീനിൽ എത്തിക്കാനുള്ള അദ്ദേഹത്തിന്റെ മാന്ത്രികത എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരുപക്ഷേ, മലയാള സിനിമയിലെ പല സൂപ്പർഹിറ്റുകൾക്കും പിന്നിൽ അദ്ദേഹത്തിന്റെ തിരക്കഥകളുടെ സ്വാധീനമുണ്ടായിരുന്നു എന്ന് പറയുന്നതാകും ശരി. 90-കളുടെ അവസാനത്തോടെയാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ നേരിൽ കണ്ടത്. ചെന്നൈയിലെ സിനിമാ ചടങ്ങുകളിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു നോക്ക് കാണാൻ ശ്രമിച്ച നാളുകൾ. പിന്നീട് സിനിമയിൽ സജീവമായപ്പോൾ, വലിയൊരു ആഗ്രഹമായിരുന്നു അദ്ദേഹത്തെ മലയാളത്തിലേക്ക് കൊണ്ടുവരിക എന്നത്. രണ്ടു മൂന്ന് വട്ടം സിനിമകൾക്കായി സമീപിച്ചെങ്കിലും ഡേറ്റില്ലാത്തതിനാലും ബഡ്ജറ്റ് പരിമിതികളാലും അത് നടന്നില്ല.”

ഒടുവിൽ 'മിസ്റ്റർ മരുമകൻ' സിനിമ വഴി അദ്ദേഹത്തെ മലയാളത്തിലേക്ക് കൊണ്ടുവരാനായതിലെ സന്തോഷവും ഉദയകൃഷ്ണ ഓർത്തെടുക്കുന്നു. ''മിസ്റ്റർ മരുമകൻ' സിനിമയുടെ ചർച്ചകൾ പുരോഗമിക്കുന്ന സമയം, അതിന്റെ സംവിധായകൻ സന്ധ്യാ മോഹനും ഭാഗ്യരാജ് സാറുമായുള്ള വ്യക്തിപരമായ അടുപ്പം വഴി ഞങ്ങൾ അദ്ദേഹത്തെ പോയിക്കണ്ടു. സിനിമയുടെ ഭാഗമാകാം എന്നു സമ്മതിച്ച അദ്ദേഹം അന്ന് ഒരു ഡിമാൻഡും മുന്നോട്ട് വെച്ചു: 'എനിക്ക് മലയാളത്തിൽ സ്വന്തമായി ഡബ്ബ് ചെയ്യണം.' 'അന്ത ഏഴു നാട്കൾ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഐക്കോണിക് കഥാപാത്രമായ 'പാലക്കാട് മാധവന്റെ' സ്‌റ്റൈലിൽ ഒരു റോൾ ആണ് ഞങ്ങൾ പ്ലാൻ ചെയ്തത്. തമിഴ്‌നാട്ടിൽ പ്രശസ്തമായ ആ പാലക്കാടൻ തമിഴ് ശൈലി മലയാളത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹം തന്നെയാണ് ഡബ്ബ് ചെയ്യേണ്ടത് എന്ന് ഞങ്ങൾക്കും തോന്നി. മലയാളത്തിന്റെ തനിമയുള്ള ഫ്‌ലോ കിട്ടിയില്ലെങ്കിലും, ആ ശബ്ദം പ്രേക്ഷകർക്ക് പരിചിതമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ മിസ്റ്റർ മരുമകനിൽ അദ്ദേഹം കഥാപാത്രത്തിന് സ്വന്തമായി ഡബ്ബ് ചെയ്തു.

ഷൂട്ടിങ് സെറ്റിലെ അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും എളിമയും മാതൃകയാണ്. പത്ത് മണിക്ക് ഷൂട്ട് എന്ന് പറഞ്ഞാൽ ഒമ്പതരയ്ക്ക് തന്നെ മേക്കപ്പുമിട്ട് സെറ്റിൽ വന്നിരിക്കും. ക്യാമറയ്ക്ക് മുന്നിൽ ഒരു ഈഗോയുമില്ലാത്ത വലിയൊരു കലാകാരൻ. 'എന്നെ ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതി, ഞാൻ ക്യാമറയുടെ അടുത്തുണ്ടാകും' എന്ന് പറഞ്ഞ് വളരെ സഹകരണത്തോടെ നിൽക്കും. മിസ്റ്റർ മരുമകനിലെ പാട്ട് സീനിൽ ചെറിയൊരു ഡാൻസ് സ്റ്റെപ്പ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ 'എനിക്ക് ഡാൻസ് അറിയില്ല' എന്ന് പറഞ്ഞ് അദ്ദേഹം സ്‌നേഹത്തോടെ ഒഴിഞ്ഞുമാറാൻ നോക്കി. എന്നാൽ സിനിമകളിൽ അദ്ദേഹത്തിന്റെ ചെറിയ ചലനങ്ങൾക്ക് പോലും ഒരു പ്രത്യേക അഴകുണ്ടായിരുന്നു. ഒരു തിരക്കഥ തയ്യാറാക്കുമ്പോൾ ഹീറോയിസത്തിനോ ബിൽഡപ്പുകൾക്കോ അല്ല, മറിച്ച് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കഥാപാത്രത്തിന്റെ സ്വാഭാവിക വളർച്ചയ്ക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. ഇന്ത്യൻ സിനിമയിൽ പാട്ടുകൾക്കുള്ള പ്രസക്തിയെക്കുറിച്ചും, നിർമാതാവിനോട് കാണിക്കേണ്ട ബാധ്യതയെക്കുറിച്ചും അദ്ദേഹം വാചാലനാവാറുണ്ട്. ഐ.വി. ശശി, ബിചു തിരുമല, ജയൻ തുടങ്ങിയ മലയാളത്തിലെ പഴയകാല പ്രതിഭകളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം വളരെ വലുതായിരുന്നു. ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ മലയാള സിനിമകൾ പുരസ്‌കാരങ്ങൾ വാരിക്കൂട്ടുന്നതിനെക്കുറിച്ച് 'മലയാള സിനിമയോട് എനിക്ക് എപ്പോഴും ഒരു സ്‌നേഹമുള്ള അസൂയയുണ്ട്' എന്ന് അദ്ദേഹം തമാശയോടെ പറയുമായിരുന്നു.”

ഒരിക്കൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങളുടെ എത്രയോ സിനിമകൾ റീമേക്ക് ചെയ്യപ്പെടുകയോ കോപ്പി ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്, അതിൽ സങ്കടം തോന്നിയിട്ടില്ലേ?” എന്ന്. വളരെ ശാന്തമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി: “ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാറില്ല. കാരണം ഇതിന്റെ റോയൽറ്റി എന്റെ കയ്യിലല്ല വരുന്നത്. അതുകൊണ്ട് ഞാനത് മൈൻഡ് ചെയ്യാറില്ല.”

തമിഴ് സിനിമയിൽ യാതൊരു പാരമ്പര്യവുമില്ലാത്ത ഒരു കാലത്ത്, മദ്രാസിലേക്ക് വണ്ടി കയറി വന്ന് സ്വന്തം സാമ്രാജ്യം വെട്ടിപ്പിടിച്ച ഒരു ചരിത്രമുണ്ട് ഭാഗ്യരാജിനും അദ്ദേഹത്തിന്റെ ഗുരു ഭാരതിരാജയ്ക്കുമൊക്കെ. അങ്ങനെയുള്ള മഹാരഥന്മാരോടൊപ്പം കുറച്ചുകാലമെങ്കിലും സഹകരിക്കാൻ കഴിഞ്ഞത്, എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അഭിമാനവുമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Udayakrishna pays tribute to the legendary K. Bhagyaraj., Bhagyaraj's influence on Udayakrishna's screenwriting career., Behind-the-scenes details of Bhagyaraj's role in Mister Marumakan., Insights into Bhagyaraj's humility and professional work ethics.