തൃഷ അഭിനയം നിർത്തുന്നു, മാധ്യമങ്ങളിൽനിന്ന് അകന്നുനിൽക്കുന്നു; വിശദീകരണവുമായി താരത്തിന്റെ ടീം

നടി തൃഷാ കൃഷ്ണൻ സിനിമയിൽനിന്ന് വിരമിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചുതുടങ്ങിയിട്ട് കുറച്ചുനാളായി. 'കറുപ്പ്' എന്ന സൂര്യ ചിത്രത്തിലാണ് തൃഷ അവസാനമായി അഭിനയിച്ചത്. അത് ബോക്‌സോഫീസിൽ ഹിറ്റാവുകയും ചെയ്തു. വിശ്വംഭര എന്ന തെലുഗുചിത്രവും റാം എന്ന മലയാളംചിത്രവുമാണ് ഇനി തൃഷയുടേതായി പുറത്തിറങ്ങാനുള്ളത്. പക്ഷേ, ആ രണ്ടു ചിത്രങ്ങളുടെയും റിലീസിങ് വൈകുമെന്നാണറിയുന്നത്. അതിനുശേഷം മറ്റ് ചിത്രങ്ങളൊന്നും തൃഷ ഒപ്പുവെച്ചിട്ടുമില്ല. അതിനിടെയാണ് അവർ അഭിനയം നിർത്തുകയാണെന്ന വാർത്തകളും പുറത്തുവന്നത്. നേരത്തെ ഒരു സംവിധായകനും ഇത്തരത്തിലൊരു വാർത്ത തന്റെ യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. പിന്നാലെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തൃഷ അതിനെ പരിഹസിക്കുകയും ചെയ്തു. ''ഞാൻ സിനിമ വിട്ടു, ഒരു ധനികനായ ബിസിനസ്സുകാരനെ വിവാഹം കഴിച്ചു. രണ്ടു വയസ്സ് തികഞ്ഞ നാലുകുട്ടികളെ വളർത്തുന്നു. ഫിക്ഷൻ ക്വാട്ട കഴിഞ്ഞോ'' എന്നാണ് താരം ചോദിച്ചത്.

തൃഷയുടെ ഈ പോസ്റ്റിനുശേഷവും വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല. അതേ ഗോസിപ്പുകൾ പിന്നെയും തുടർന്നു. സമീപകാലത്ത് മുഖ്യമന്ത്രി വിജയ്‌യുടെ പേരുമായി ബന്ധപ്പെടുത്തി ഒരുപാട് ആരോപണങ്ങളും സൈബർ ആക്രമണങ്ങളും താരത്തിനുനേരെ ഉണ്ടായിരുന്നു. അതുകൊണ്ട് മാധ്യമങ്ങളിൽനിന്നും തൃഷ അകലം പാലിക്കുകയാണെന്നും വാർത്തകൾ വന്നു. അതുകൊണ്ടാണ് എല്ലാത്തരം വിവാദങ്ങളിൽനിന്നും മാറിനിന്ന്, പൊതുരംഗത്ത് താരം അധികം പ്രത്യക്ഷപ്പെടാത്തതെന്നും പറയപ്പെട്ടു.

ഇപ്പോഴിതാ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃഷയുടെ ടീം. താരം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ടീം വ്യക്തമാക്കുന്നു. താരം പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്നും, മാധ്യമങ്ങളെ നേരിടുന്നതിൽ അവർക്ക് യാതൊരു മടിയുമില്ലെന്നും ടീം അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ താരം ആഗ്രഹിക്കുന്നില്ല. അതിൽ ശ്രദ്ധാകേന്ദ്രമാവാനും അവർക്ക് താത്പര്യമില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rumours suggested Trisha Krishnan was quitting acting and avoiding media., Speculation grew due to delayed releases of 'Viswambhara' and 'Ram'., Trisha's team officially denied retirement rumors and confirmed she is signing new projects., The actor wants to stay away from politically motivated controversies and cyber attacks.