'ദീപികയ്ക്ക് പ്രതികാരബുദ്ധി', തൃപ്തിക്ക് കരിയര്‍ ബെസ്റ്റ് പ്രതിഫലം, കഥ പുറത്തുവിട്ടെന്ന് വാംഗ

സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'സ്പിരിറ്റി'നെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച. ചിത്രത്തില്‍ ദീപിക പദുകോണിനെ ഒഴിവാക്കിയതോടെ പകരക്കാരിയായെത്തുന്ന നടി തൃപ്തി ദിമ്രിക്ക് ലഭിക്കാന്‍ പോകുന്നത് തന്റെ കരിയറിലെ സുവര്‍ണാവസരമാണ്. രണ്‍ബീര്‍ കപൂറിനെ നായകനാക്കി വാംഗ സംവിധാനം ചെയ്ത 'അനിമല്‍' എന്ന ചിത്രത്തില്‍ തൃപ്തി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇതുവരെ ലഭിച്ചതില്‍വെച്ച് ഏറ്റവും വലിയ തുകയാണ് 'സ്പിരിറ്റി'ല്‍ അവരുടെ പ്രതിഫലമെന്ന് 'ഇന്ത്യ ടുഡെ' റിപ്പോര്‍ട്ട് ചെയ്തു. ആറു കോടിയാണ് തൃപ്തിക്ക് പ്രതിഫലമായി കിട്ടുക.
പ്രഭാസ് നായകനായെത്തുന്ന 'സ്പിരിറ്റ്' തൃപ്തിയുടെ കരിയറിലെ നാഴികക്കല്ലാവും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍-ഇന്ത്യ റിലീസുകളില്‍ ഒന്നാണ് 'സ്പിരിറ്റ്'. ഒക്ടോബറോടെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ നായികയായി ദീപിക പദുകോണിനെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ അവര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ സാധിക്കാതെ വന്നതോടെ താരത്തെ ഒഴിവാക്കുകയായിരുന്നു. ദിവസവും ഷൂട്ട് ആറുമണിക്കൂര്‍ മാത്രം, പ്രതിഫലം 20 കോടി, എന്നിവയ്‌ക്കൊപ്പം ചിത്രത്തിന്റെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം തെലുങ്കില്‍ ഡയലോഗൊന്നും പറയാന്‍ സാധിക്കില്ലെന്ന ദീപിക നിലപാടെടുത്തുവത്രേ. ഇതോടെ ചിത്രത്തില്‍ നിന്ന് അവരെ മാറ്റാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, 'സ്പിരിറ്റി'ന്റെ കഥ തന്റെ അനുവാദമില്ലാതെ ഒരു താരം പുറത്തുവിട്ടെന്ന ആരോപണവുമായി സന്ദീപ് റെഡ്ഡി വാംഗ രംഗത്തെത്തിയിട്ടുണ്ട്. വൃത്തികെട്ട പിആര്‍ ഗെയിം എന്ന ഹാഷ്ടാഗോടെ താരത്തിന്റെ പേരു വ്യക്തമാക്കാതെയാണ് എക്‌സിലൂടെ സംവിധായകന്‍ ആരോപണമുന്നയിച്ചത്.
ദീപിക കഥ പുറത്തുവിട്ടുവെന്ന തരത്തിലാണിപ്പോള്‍ പ്രേക്ഷകര്‍ അനുമാനിക്കുന്നത്. ഒരു അഭിനേതാവിനോട് ഒരു കഥ പറയുമ്പോള്‍ നൂറു ശതമാനം വിശ്വാസം അവരില്‍ അര്‍പ്പിക്കാറുണ്ട്, ഇങ്ങനെയൊരു പ്രവൃത്തിയിലൂടെ അവര്‍ സ്വയം മോശക്കാരിയായി, ഒരു യുവതാരത്തെ താഴ്ത്തിക്കെട്ടി വാര്‍ത്തകള്‍ ഇറക്കി, കഥ ലീക്ക് ചെയ്തു, ഇതൊക്കെയാണോ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഫെമിനിസം? നായികയായി തിരഞ്ഞെടുത്ത തൃപ്തിക്കെതിരേ നടക്കുന്ന സോഷ്യല്‍ മീഡിയാ പിആര്‍ ആക്രമണത്തെയടക്കം ചൂണ്ടിക്കാട്ടി സംവിധായന്‍ കുറിച്ചു.
ദീപിക കഥ പുറത്തുവിട്ടതിലൂടെ പ്രതികാരബുദ്ധി കാണിക്കുകയാണ് ചെയ്തതെന്ന് വലിയൊരു വിഭാഗം ആരോപിക്കുന്നുണ്ട്. തൃപ്തിക്കെതിരേ നടക്കുന്ന കാമ്പെയ്‌നിന് പിന്നില്‍ ദീപികയാണെന്നും അവര്‍ പറയുന്നു. അതേസമയം, കൊച്ചുകുഞ്ഞിന്റെ അമ്മയായ ദീപികയുടെ ചില ആവശ്യങ്ങളെ സംവിധായകന്‍ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ദീപികയെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്.
Content Highlights: triptii dimri bags biggest payment of her career in spirit movie