ആകെ തകർന്നുപോയ സഞ്ജീവ് കുമാർ സി-ഗ്രേഡ് സിനിമകളിൽ മാത്രം അഭിനയിച്ചു; വായ്പ നൽകിയത് 96 ലക്ഷം രൂപ

ഇന്ത്യൻസിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിട്ടാണ് സഞ്ജീവ് കുമാർ അറിയപ്പെടുന്നത്. ഷോലെ, അങ്കൂർ, സീത ഔർ ഗീത, നിഷാൻ, പതി പത്‌നി, അനോഖി രാത്, ആശീർവാദ്, ആന്ധി, തൃഷൂൽ, മൗസം ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. രണ്ടുതവണ മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിയിട്ടുമുണ്ട് താരം. പക്ഷേ ഇതൊന്നുമല്ലാതിരുന്ന ഒരു സഞ്ജീവ് കുമാറുണ്ട്. സിനിമയിലെ തുടക്കകാലത്ത് അവസരങ്ങൾക്കായി അദ്ദേഹം ഏറെ ബുദ്ധിമുട്ടി. അന്നത്തെ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് മാധ്യമപ്രവർത്തകനായ ഹനിഫ് സവേരി. 'മേരി സഹേലി' എന്ന പോഡ്കാസ്റ്റിലാണ് ഹനീഫ് ഇക്കാര്യങ്ങൾ സംസാരിച്ചത്.
പിതാവിന്റെ തകർന്നുകൊണ്ടിരിക്കുന്ന ബിസിനസ്സ് അമ്മ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന കാലമായിരുന്നുവത്. വെറും രണ്ട് ജോഡി വസ്ത്രങ്ങൾ മാത്രമാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതെന്ന് സവേരി ഓർമ്മിച്ചു. അന്ന് കിട്ടുന്ന സിനിമകളിലെല്ലാം അഭിനയിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ പല സി-ഗ്രേഡ് സിനിമകളുടെയും ഭാഗമായി. ''താൻ ചെയ്യുന്നത് സി-ഗ്രേഡ് സിനിമകളാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതിനാൽ, ലഭിക്കുന്ന ഏത് ജോലിയും അദ്ദേഹം ചെയ്യുമായിരുന്നു'', ഹനീഫ് ഓർക്കുന്നു.
കൂടാതെ, സഞ്ജീവ് കുമാർ സുഹൃത്തുക്കൾക്ക് 96 ലക്ഷം രൂപ വായ്പ നൽകുകയും ആ പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്ത കാര്യവും ഹനിഫ് ഓർത്തെടുത്തു.
''അദ്ദേഹം തന്റെ സുഹൃത്തുക്കൾക്ക് 96 ലക്ഷം രൂപ വായ്പയായി നൽകി. എന്നാൽ അവരത് തിരികെ നൽകിയില്ല. ഡ്രൈവറുടെ വിവാഹച്ചെലവ് അദ്ദേഹം വഹിച്ചു. ഒരു സുഹൃത്തിന് അദ്ദേഹം കാർ സമ്മാനമായി നൽകി. തന്റെ മരണപത്രം തയ്യാറാക്കിയപ്പോൾ, ഡ്രൈവറുടെ മകന്റെ വിദ്യാഭ്യാസത്തിനായി രണ്ട് ലക്ഷം രൂപ പ്രത്യേകം മാറ്റിവെച്ചു. പിശുക്കുള്ളവർ ഇത്തരം കാര്യങ്ങൾ ചെയ്യില്ല. അനാവശ്യ ചെലവുകൾക്ക് അദ്ദേഹം എതിരായിരുന്നു'', സവേരി കൂട്ടിച്ചേർത്തു.
''ശത്രുഘ്‌നൻ സിൻഹയ്ക്ക് പണം ആവശ്യമായി വന്നപ്പോൾ, അദ്ദേഹം ചോദിക്കുക പോലും ചെയ്യാതെ സഞ്ജീവ് കുമാർ അത് നൽകി. ബോണി കപൂറിനും പണം ആവശ്യമായി വന്നപ്പോൾ, യാതൊരു രേഖകളോ നടപടിക്രമങ്ങളോ ഇല്ലാതെ സഞ്ജീവ് അദ്ദേഹത്തിനും പണം നൽകി. സഞ്ജീവിന്റെ മരണശേഷം ബോണി ആ തുക അദ്ദേഹത്തിന്റെ കുടുംബത്തിന് തിരികെ നൽകി. അദ്ദേഹം അങ്ങനെയൊരു തുക നൽകിയിരുന്ന കാര്യം കുടുംബത്തിന് പോലും അറിയില്ലായിരുന്നു''. നടി ഹേമമാലിനിയോട് പ്രണയമായിരുന്നു അദ്ദേഹത്തിന്. പക്ഷേ ഹേമമാലിനിയുമായുള്ള ബന്ധം വിജയിച്ചില്ല. അതോടെ പിന്നീടുള്ള ജീവിതത്തിൽ വിവാഹം കഴിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sanjeev Kumar faced severe financial struggles during his early career., He unknowingly acted in C-grade films out of financial desperation., He lent 96 lakh rupees to friends and acquaintances without demanding repayment