പ്രണയമോ പാട്ടുകളോ ഇല്ല; കാനിൽ പ്രദർശിപ്പിച്ച ചിത്രത്തിനോട് മുഖംതിരിച്ച ബോളിവുഡ്

ചരിത്രം സൃഷ്ടിച്ച സിനിമയാണ് 1946-ൽ പുറത്തിറങ്ങിയ 'നീച്ച നാഗർ'. ചേതൻ ആനന്ദ് സംവിധാനം ചെയ്ത സിനിമയിൽ മുഖ്യകഥാപാത്രങ്ങളായത് റഫീഖ് അൻവർ, കാമിനി കൗശൽ, സൊഹ്‌റ സെഹ്ഗൽ എന്നിവരാണ്. സിനിമയ്ക്ക് ലോകപ്രശസ്തി ലഭിച്ചുവെങ്കിലും, ഇന്ത്യയിൽ അധികമാരും കാണാത്ത ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടതിന്.
ആദ്യത്തെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം ഗ്രാൻഡ് പ്രീ (ഇപ്പോഴത്തെ 'പാം ഡി ഓർ') നേടിയ ആദ്യത്തെ ഏഷ്യൻചിത്രവുമായി. പക്ഷേ ഇന്ത്യൻപ്രേക്ഷകർ സിനിമയോട് മുഖംതിരിച്ചു. അതിനുകാരണം സിനിമയിൽ പാട്ടുകളില്ലെന്നതായിരുന്നു. ചേതൻ ആനന്ദിന്റെ മകൻ കേതൻ ആനന്ദ് അതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ. ''ആ ചിത്രം ഒരു നാഴികക്കല്ലായി മാറി. അച്ഛൻ അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ടു. ഏറെ ആദരിക്കപ്പെട്ടു. പക്ഷേ, ഇന്ത്യയിൽ കാര്യങ്ങളെല്ലാം തിരിച്ചായിരുന്നു'', കേതൻ പറയുന്നു.
ഇന്ത്യയിൽ വാണിജ്യപരമായി സിനിമയ്ക്ക് തിരിച്ചടി നേരിട്ടെങ്കിലും, വിദേശത്ത് അതിന്റെ രാഷ്ട്രീയ സ്വഭാവം ഒരു ചലനം സൃഷ്ടിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 'നീച്ച നാഗറി'ന് ലഭിച്ച അംഗീകാരത്തിൽ ബ്രിട്ടീഷ് ഭരണകൂടം അദ്ഭുതപ്പെട്ടുവെന്നും അദ്ദേഹം ഓർക്കുന്നു. അങ്ങനെ ഇന്ത്യയിൽ സിനിമയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.
അതുകഴിഞ്ഞ് സിനിമ രാജ്യം മുഴുവൻ റിലീസ് ചെയ്യാനും തീരുമാനമായി. പക്ഷേ അതൊരിക്കലും നടന്നില്ല. ''വിതരണക്കാർ ആ സിനിമയെടുക്കാൻ വിസമ്മതിച്ചു. കാരണമായി പറഞ്ഞത് സിനിമയിൽ പാട്ടുകളില്ലെന്നതും''. മുഖ്യധാരാ സിനിമയിലെ പ്രധാനഘടകങ്ങളായ പാട്ടുകളോ നൃത്തമോ പ്രണയമോ ഇല്ലാത്ത ഒരു സിനിമയിൽ വിതരണക്കാർ ഒട്ടും താത്പര്യം പ്രകടിപ്പിച്ചില്ല. ഒടുവിൽ 'നീച്ച നാഗർ' ഇന്ത്യയിലെ ഒരു തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്തുള്ളൂ. അതും ഒരു പേരിനുവേണ്ടിയുള്ള റിലീസിങ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Neecha Nagar, the groundbreaking 1946 Indian film that won at Cannes but was ignored domestically due to its lack of songs. Discover its story