നാഗാര്‍ജുന അമലയെ പിരിഞ്ഞില്ല,തബു പത്തുവര്‍ഷത്തെ പ്രണയം ഉപേക്ഷിച്ചു; ഗോസിപ്പുകളില്‍ നിറഞ്ഞ കഥ

കഴിഞ്ഞ മുപ്പത് വര്‍ഷമായി തബു ബോളിവുഡില്‍ സജീവമായി തുടരുകയാണ്. ഏത് വേഷവും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയും സമര്‍പ്പണത്തോടെയും തബു ഭംഗിയാക്കും. ഗോസിപ്പ് കോളങ്ങളിലും ഇടയ്ക്കിടെ കടന്നുവരുന്ന പേരാണ് തബുവിന്റേത്. തൊണ്ണൂറുകളുടെ അന്ത്യത്തോടെ തെലുഗു സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയും തബുവും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു.
ഗോസിപ്പുകള്‍ പറയുന്നത് വിവാഹതനായിരിക്കെ തന്നെ നാഗാര്‍ജുന തബുവുമായി പ്രണയത്തിലായിരുന്നു എന്നാണ്.
തബുവിന് പതിനാറു വയസ്സും നാഗാര്‍ജുനയ്ക്ക് 21-22 വയസ്സുമുള്ളപ്പോഴാണ് അവര്‍ സിനിമയ്ക്കായി ഒരുമിക്കുന്നത്. ഹിറ്റ് ജോഡിയായിരുന്നു അവര്‍. അടുത്ത സൗഹൃദവും. ആ അടുപ്പം തന്നെയാണ് ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടതും.
1990-ലാണ് നാഗാര്‍ജുന ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുന്നത്. തെലുഗ് സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ നിര്‍മാതാവായ രാമനായിഡുവിന്റെ മകളായ ലക്ഷ്മി ദഗ്ഗുബതിയായിരുന്നു ആദ്യ ഭാര്യ. സ്റ്റാര്‍ ആക്ടര്‍ വെങ്കിടേഷിന്റെ സഹോദരി. ഈ ബന്ധത്തില്‍ പിറന്ന മകനാണ് നാഗചൈതന്യ.
1992-ല്‍ നാഗാര്‍ജുന അമലയെ വിവാഹം കഴിച്ചു. കിരായി ദാദ, ചിനബാബു, ശിവ, പ്രേമയുദ്ധം, നിര്‍ണയം എന്നിങ്ങനെ അഞ്ച് സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. സെറ്റില്‍ പിറന്ന പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. വിവാഹത്തോടെ അമല സിനിമയില്‍ നിന്നകന്നു. 1994-ല്‍ ഇരുവര്‍ക്കും ഒരു മകന്‍ പിറന്നു.
അമലയുമായി വിവാഹിതനായ ശേഷം നാഗാര്‍ജുന തബുവിന് തന്റെ വീടിനരികില്‍ ഹൈദരാബാദില്‍ ഒരു ബംഗ്ലാവ് സമ്മാനിച്ചു എന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ അത് താന്‍ സ്വന്തം പണം കൊണ്ടുവാങ്ങിയതാണെന്നും തനിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉണ്ടെന്നും തബു ഈ ഗോസിപ്പുകളെ തള്ളിപ്പറഞ്ഞിരുന്നു. നാഗാര്‍ജുന അമലയെ പിരിയാതിരുന്നതാണ് തബുവിനെ ചൊടിപ്പിച്ചതെന്നാണ് കിംവദന്തികള്‍. അതുകൊണ്ട് തബു ബന്ധം അവസാനിപ്പിക്കുകയായിരുന്നത്രെ.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ ഗോസിപ്പിന്റെ ചുവടുപിടിച്ചുള്ള ചോദ്യങ്ങള്‍ തബുവും നാഗാര്‍ജുനയും നേരിടേണ്ടി വരാറുണ്ട്. 'കോഫീ വിത് കരണില്‍' അതിഥിയായെത്തിയ തബുവിനോട് ആ സൗഹൃദത്തെപ്പറ്റി പറയാന്‍ കരണ്‍ പറഞ്ഞിരുന്നു. നാഗാര്‍ജുന തന്റെ ഏറ്റവും ഉറ്റ സുഹൃത്തുക്കളില്‍ ഒരാളാണെന്ന് തബു ആവര്‍ത്തിക്കാറുണ്ട്.
''ഞങ്ങളുടെ സൗഹൃത്തെപ്പറ്റി എത്ര പറഞ്ഞാലും മതിവരില്ല. അവളെപ്പറ്റി എനിക്ക് ഒന്നും ഒളിക്കേണ്ട കാര്യമില്ല. അവളുടെ പേര് കേട്ടാല്‍ മതി എന്റെ മുഖം സന്തോഷത്താല്‍ വിടരും. ഞാന്‍ പറയുന്നതില്‍ സ്വന്തം കാഴ്ചപ്പാട് കലര്‍ത്തി നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും വായിച്ചെടുക്കാം. എനിക്ക് അവള്‍ ബ്യൂട്ടിഫുള്‍ വ്യക്തിയാണ്, ബ്യൂട്ടിഫുള്‍ ഫ്രണ്ട് ആണ്. അത് എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും.'' ഇങ്ങനെയാണ് നാഗാര്‍ജുന ഒരഭിമുഖത്തില്‍ ഗോസിപ്പുകളോട് പ്രതികരിച്ചത്.
നാഗാര്‍ജുനയ്ക്ക് എന്നും ശക്തമായ പിന്തുണയാണ് ഭാര്യ അമല നല്‍കിയിട്ടുള്ളത്. ''എനിക്കെന്റെ ഭര്‍ത്താവില്‍ 100 ശതമാനം വിശ്വാസമുണ്ട് എന്നാണ് അമല പ്രതികരിച്ചത്. എന്റെ വീട് എനിക്ക് ക്ഷേത്രം പോലെ പരിശുദ്ധമാണ്. ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള മോശം കാര്യങ്ങളെ ഞാന്‍ വീട്ടില്‍ പ്രവേശിപ്പിക്കാറില്ല. വിശേഷിച്ചും ഇത്തരം വിലകുറഞ്ഞ ഗോസിപ്പുകള്‍. അതെന്റെ വീടിനെ മലിനമാക്കുമെന്ന് ഞാന്‍ കരുതുന്നു.''
സ്ത്രീ പുരുഷ സൗഹൃദങ്ങളെയെല്ലാം പ്രണയമായും വിവാഹേതരബന്ധമായും കാണുന്ന സമൂഹത്തിന്റെ പ്രവണതയെ തബു പലപ്പോഴും അപലപിച്ചിട്ടുണ്ട്. ഉറ്റസുഹൃത്തും നടനുമായ അജയ് ദേവ്ഗണിനൊപ്പം ചേര്‍ത്തും തബുവിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്. അതിനെയും അവര്‍ അവഗണിക്കാറാണ് പതിവ്.
Content Highlights: the rumoured relationship between tabu and nagarjuna