പ്രതിഫലം ഇരട്ടിയാക്കിയപ്പോൾ അഭിനയിക്കാമെന്നേറ്റു, മെറിൽ സ്ട്രീപ്പ് പറയുന്നു

മെറിൽ സ്ട്രീപ്
മെറിൽ സ്ട്രീപ്

ഹോളിവുഡ് ചിത്രം 'ദി ഡെവിൾ വിയേഴ്സ് പ്രാഡ 2' (The Devil Wears Prada 2) ബോക്സോഫീസിൽ വിജയകരമായി മുന്നേറുകയാണ്. ഹോളിവുഡ് ഇതിഹാസം മെറിൽ സ്ട്രീപ്പ് അവതരിപ്പിച്ച ശക്തയായ റൺവേ മാഗസിൻ എഡിറ്റർ മിറാൻഡ പ്രിസ്ലിയുടെ കഥാപാത്രവും വലിയ കൈയടി നേടുന്നുണ്ട്. 2006-ലെ കോമഡി ഡ്രാമയായ 'ദി ഡെവിൾ വിയേഴ്സ് പ്രാഡ'യുടെ രണ്ടാം ഭാഗമാണിത്. ആദ്യ സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ താൻ വിരമിക്കാൻ തയ്യാറെടുക്കുകയായിരുന്നുവെന്ന് പറയുകയാണ് നടിയിപ്പോൾ.

എൻബിസിയുടെ പരിപാടിയിൽ പങ്കെടുത്ത സ്ട്രീപ്പ് വെളിപ്പെടുത്തിയതിങ്ങനെയാണ്- "അവർ എന്നെ വിളിച്ചു, ഒരു ഓഫർ തന്നു, ഞാൻ പറഞ്ഞു, 'ഇല്ല, അത് ചെയ്യുന്നില്ല.'" എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ, സ്ട്രീപ്പ് മറുപടി പറഞ്ഞു, "അതൊരു ഹിറ്റാകുമെന്ന് എനിക്കറിയാമായിരുന്നു, എന്റെ പ്രതിഫലം ഇരട്ടിയാക്കാൻ കഴിയുമോയെന്ന് ഞാനപ്പോൾ നോക്കി. അവർ ഉടൻ തന്നെ സമ്മതിച്ചു. എനിക്കപ്പോൾ 56 വയസ്സായിരുന്നു, ഇത് ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കാൻ സമയമെടുത്തു. അവർക്ക് എന്നെ ആവശ്യമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ വിരമിക്കാൻ തയ്യാറെടുക്കുകയായിരുന്നു, പക്ഷെ അതൊരു പാഠമായിരുന്നു."

ഇപ്പോൾ 20 വർഷങ്ങൾക്ക് ശേഷം, 'ദി ഡെവിൾ വിയേഴ്സ് പ്രാഡ'യുടെ രണ്ടാം ഭാഗത്തിൽ നടി ബിഗ് സ്ക്രീനിൽ തിരിച്ചെത്തിയിരിക്കുന്നു.

ആദ്യ ഭാഗത്തിൽ അഭിനയിച്ച ആൻ ഹാതവേ, എമിലി ബ്ലണ്ട്, സ്റ്റാൻലി ട്യൂച്ചി എന്നിവരും രണ്ടാം ഭാഗത്തിലുണ്ട്. ലോകമെമ്പാടും മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യവാരത്തിൽ 233.7 മില്യൺ ഡോളർ നേട്ടമാണ് ചിത്രമുണ്ടാക്കിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Meryl Streep reprises her iconic role as Miranda Priestly in the 2026 sequel., Original cast members Anne Hathaway, Emily Blunt, and Stanley Tucci return., The plot follows the trio navigating the decline of traditional magazine publishing., The film explores professional competition between Miranda and Emily for ad revenue., Meryl Streep reflects on her salary negotiation journey from the original 2006 film.