12 ഭാഗങ്ങൾ വെട്ടിമാറ്റി, എ സർട്ടിഫിക്കറ്റ്; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അവസാനചിത്രം പ്രദർശനത്തിന്

തമിഴ് ചിത്രം 'ജനനായകന്' (Jana Nayagan) പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. എ സർട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് അനുമതി നൽകിയത്. ജൂലായ് 24-ന് ചിത്രം തിയേറ്ററുകളിലെത്തും. തമിഴ്‌നാട് മുഖ്യമന്ത്രിയും മുൻനടനുമായ സി.ജോസഫ് വിജയ്‌യുടെ (C Joseph Vijay) അവസാനചിത്രമെന്ന പേരിൽ നേരത്തെ തന്നെ ചർച്ചയായതാണ് 'ജനനായകൻ'. കുറേ തിരുത്തലുകളും വെട്ടിമാറ്റലുകളും സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. 12 മാറ്റങ്ങളാണ് വരുത്തിയത്.
ഒരു പുസ്തകത്തിന്റെ പുറംചട്ടയിൽ ഡോ. ബി.ആർ. അംബേദ്കർ പ്രത്യക്ഷപ്പെടുന്ന ദൃശ്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 'അംബേദ്കർ... ടു... ടിവികെ സട്ടം' എന്ന സംഭാഷണവും മാറ്റി. ഓഡിയോയിലും വീഡിയോയിലും വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെക്കുറിച്ചുള്ള (TVK) പരാമർശവും മ്യൂട്ട് ചെയ്തിട്ടുണ്ട്. ദേശീയപതാക കാണിക്കുന്ന ദൃശ്യങ്ങൾ നീക്കംചെയ്യാനും ബോർഡ് ആവശ്യപ്പെട്ടു. സദ്ദാം ഹുസൈന്റെ വധശിക്ഷയെക്കുറിച്ചുള്ള പരാമർശവും മ്യൂട്ട് ചെയ്തിട്ടുണ്ട്. ആകെക്കൂടി, 20 സെക്കൻഡ് ഭാഗം നീക്കം ചെയ്യാനും 10 സെക്കൻഡ് ഭാഗം മാറ്റിസ്ഥാപിക്കാനും (modify) ബോർഡ് ഉത്തരവിട്ടു.
ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ റിലീസ് എന്നതുതന്നെയാണ് അതിലേക്ക് ആരാധകരെ ആകർഷിക്കുന്നത്.
നേരത്തെ വിജയ് സജീവരാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനുമുമ്പ്, അദ്ദേഹത്തിന്റെ അവസാനചിത്രമെന്ന പരസ്യത്തോടെ ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനായിരുന്നു അണിയറപ്രവർത്തകർ കരുതിയിരുന്നത്. എന്നാൽ സെൻസർ ബോർഡ് അനുമതി ലഭിക്കാത്തത് പ്രശ്‌നമായി. ഈ വർഷം ജനുവരി 9-നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ല. ഏപ്രിൽ 9-ന് സിനിമ ഏറെക്കുറെ പൂർണമായി തന്നെ ഓൺലൈനിൽ ചോരുകയും ചെയ്തു. അതോടെ, റിലീസ് ചെയ്യുന്നതിനുമുമ്പ് തന്നെ സിനിമ നഷ്ടത്തിലായെന്നും നിർമാതാക്കൾ അറിയിച്ചിരുന്നു.
വെട്രി കൊണ്ടൻ ദളപതി ഐ.പി.എസ് എന്ന കഥാപാത്രമായിട്ടാണ് വിജയ് എത്തുന്നത്. എച്ച്.വിനോദാണ് സംവിധാനം. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരെൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. നിർമിച്ചിരിക്കുന്നത് വെങ്കട് കെ.നാരായണയും. 2025 ആഗ്സ്റ്റ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.
ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT), ദളപതി 69 (ജനനായകൻ) എന്നീ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് വിജയ് 2024 ഫെബ്രുവരി 2-ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രഖ്യാപിച്ചിരുന്നു. അതോടെയാണ് ജനനായകന് പ്രാധാന്യമേറിയതും. വിജയ്ക്ക് ഈ സിനിമയ്ക്കായി റെക്കോഡ് പ്രതിഫലമാണ് ലഭിച്ചതെന്നും പറയപ്പെടുന്നു. 250 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Censor board approved Jana Nayagan with an A certificate after 12 specific modifications. The film is scheduled for a theatrical release on July 24.