ആ സംവിധായകന്റെ മുഖമടച്ച് ഒരടി കൊടുത്തു. ആരോടും പറയേണ്ടെന്ന് പറഞ്ഞു: ടി.ജി.രവി

#കെ.വിശ്വനാഥ്‌
ടി.ജി.രവി
ടി.ജി.രവി

വഷളന്‍ ചിരിയുമായി വരുന്ന ക്രൂരനായ വില്ലന്റെ മുഖമാണ് ടി.ജി.രവിയെന്ന പേരു കേള്‍ക്കുമ്പോഴേ മലയാളിയുടെ മനസ്സില്‍ തെളിയുക. 48 വര്‍ഷം പിന്നിടുന്ന നടനജീവിതത്തിന്റെ തുടക്കത്തില്‍ രവി ചെയ്ത നെഗറ്റീവ് കഥാപാത്രങ്ങള്‍ തന്നെ കാരണം. പില്‍ക്കാലത്ത് അഭിനയസാധ്യത കൂടുതലായുള്ള വേഷങ്ങളിലേക്ക് കൂടുമാറിയെങ്കിലും പഴയ വില്ലന്‍പരിവേഷം ഇന്നും പിന്തുടരുന്നു. 

തൃശ്ശൂരുകാര്‍ക്ക് പക്ഷെ അവരുടെ സ്വന്തം രവിയേട്ടനാണ് ഈ വില്ലന്‍. ജീവിതത്തില്‍ ഒട്ടും വില്ലത്തരമില്ല താനും. കുറച്ചുനേരം സംസാരിച്ചാല്‍ തന്നെ തികച്ചും ശുദ്ധനായ, സ്‌നേഹസമ്പന്നനായ മനുഷ്യന്‍ നമുക്ക് മുന്നില്‍ തെളിഞ്ഞുവരും. തമാശകള്‍ പറയാനും ചിരിക്കാനും ഇഷ്ടപ്പെടുന്ന രവിയേട്ടന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയോടുള്ള പ്രണയം കൊണ്ട് ജീവിതം ആഘോഷിച്ച കാമുകനാണ്. അമ്പിളിയെന്ന് സ്‌നേഹത്തോടെ അദ്ദേഹം വിളിച്ചിരുന്ന സുഭദ്രയുമായുള്ള ദീര്‍ഘപ്രണയത്തിന്റെ അനുരണനങ്ങള്‍ ഇന്നും മനസ്സിലുണ്ട്. രോഗബാധിതയായി അകാലത്തില്‍ തന്നെ വിട്ടുപിരിഞ്ഞ പ്രിയതമയെ കുറിച്ച് പറയുമ്പോള്‍ ആ നിത്യകാമുകന്റെ കണ്ണുകള്‍ ഇന്നും നനയുന്നു. മൂത്തമകന്‍ രഞ്ജിത്തിനൊപ്പം ആഫ്രിക്കയില്‍ താമസിക്കുന്ന രവി ഇടയ്ക്ക് തൃശ്ശൂരിലെത്തും, സിനിമകളില്‍ അഭിനയിക്കുന്നതിനായി മാത്രം. 1974-ല്‍ ജി.അരവിന്ദന്റെ ഉത്തരായനത്തില്‍ തുടങ്ങിയ ഈ 79-കാരന്റെ നടനപ്രയാണം ഇന്നും തുടരുന്നു. ജീവിതത്തേയും സിനിമയേയും കുറിച്ച് ടി.ജി.രവി മനസ്സുതുറക്കുന്നു.

നടനായി ജനിച്ചവരും നടനാവാന്‍ ആഗ്രഹിച്ച് നടനായവരുമുണ്ട്. ടി.ജി.രവി ഇതില്‍ ഏത് ഗണത്തില്‍ പെടും?

ആഗ്രഹിച്ച് തന്നെ സിനിമയിലേക്ക് വന്നയാളാണ് ഞാന്‍. സിനിമയിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യമോ പാരമ്പര്യമോ എനിക്കില്ലായിരുന്നു. തൃശ്ശൂരിലെ വലിയ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണ് ഞാന്‍. അതേ കുറിച്ച് തന്നെ പറയാം. മൂര്‍ക്കനിക്കരയിലായിരുന്നു എന്റെ വീട്. 1944-ലാണ് ജനിച്ചത്. അന്ന് മൂര്‍ക്കനിക്കര വളരെ ചെറിയൊരു ഗ്രാമമാണ്. വീട്ടില്‍നിന്ന് കുറച്ചകലെയുള്ള നടത്തറയിലെ ഒരു കോണ്‍വന്റ് സ്‌കൂളിലെ അധ്യാപകനായിരുന്നു അച്ഛന്‍. ഞങ്ങളെയൊക്കെ പരിപാലിച്ച്, ഭക്ഷണം വെച്ചുണ്ടാക്കി തരുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു അമ്മ. ഞങ്ങള്‍ അഞ്ചു പേരാണ്. നടുക്കത്തെയാളാണ് ഞാന്‍. ഒരു ചേട്ടനും ഒരു ചേച്ചിയും ഒരു വശത്ത്, ഒരു അനിയനും ഒരു അനിയത്തിയും മറുവശത്ത്. ചേട്ടനും ചേച്ചിയും ഇപ്പോഴില്ല. മൂര്‍ക്കനിക്കരയിലെ തന്നെ ഗവണ്മെന്റ് സ്‌കൂളിലായിരുന്നു ഞാന്‍ പഠിച്ചത്.  

അച്ഛന്‍ അധ്യാപകന്‍ മാത്രമായിരുന്നില്ല. അന്നൊക്കെ ഞങ്ങളുടെ നാട്ടുകാര്‍ക്ക് ഒരു ഡോക്ടറെ കാണണമെങ്കില്‍ പത്തു കിലോമീറ്റര്‍ നടന്ന് തൃശ്ശൂരില്‍ ചെല്ലണം. അങ്ങനൊരു കാലത്ത് അച്ഛന്‍ സ്‌കൂള്‍ വിട്ടശേഷം തന്റെ റാലി സൈക്കിളും ചവിട്ടി തൃശ്ശൂരില്‍ ചെന്ന് എസ്.യു.കമ്മത്ത് എന്നൊരു ഡോക്ടറുടെ കൂടെ നിന്ന് കമ്പോണ്ടിങ് പഠിച്ചു. അങ്ങനെ, മൂര്‍ക്കനിക്കരയിലെ വൈദ്യന്റെ റോളും അച്ഛനേറ്റെടുത്തു. സ്‌കൂളിലേക്ക് പോവുന്നതിന്റെ മുമ്പും വൈകീട്ട് സ്‌കൂളില്‍ നിന്ന് വന്നശേഷവും രോഗികളെ ചികിത്സിക്കും. മലമ്പനിയൊക്കെയുള്ള കാലമാണ്. മിക്കവാറും ദിവസങ്ങളില്‍ രാത്രി ആരെങ്കിലുമൊക്കെ ചൂട്ടും കത്തിച്ചുകൊണ്ട് രോഗവിവരം പറയാന്‍ വരും. ചിലരെ എടുത്തുകൊണ്ടു വരും. ചിലപ്പോഴൊക്കെ അച്ഛന്‍ തന്നെ ചൂട്ടും വീശി അവരുടെ അടുത്ത് പോയി ഒരു ഇഞ്ചക്ഷനൊക്കെ എടുത്ത് തിരിച്ചുവരും.

ഒരു സ്‌കൂള്‍ അധ്യാപകന്‍ എന്നതിന് പുറമെ വൈദ്യന്റെ തൊഴില്‍ കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് അച്ഛന് ഞങ്ങളെ മോശമല്ലാത്ത രീതിയില്‍ വളര്‍ത്താന്‍ കഴിഞ്ഞത്. മക്കള്‍ക്ക് ഉയര്‍ന്ന നിലയിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ അന്ന് ഒരു സ്‌കൂള്‍ ആധ്യാപകനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. പക്ഷെ അച്ഛന്‍ എന്റെ ചേട്ടനെ മൈസൂര്‍ മെഡിക്കല്‍ കോളേജിലയച്ച് പഠിപ്പിച്ച് ഡോക്ടറാക്കി. ഡോക്ടര്‍മാര്‍ വളരെ കുറവുള്ള കാലമായതുകൊണ്ടാണ് ഏട്ടനെ ഒരു ഡോക്ടറാക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചത്. അച്ഛന്‍ പിന്നെയും കുറേക്കാലം ചികിത്സ തുടര്‍ന്നു. പിന്നീട് ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ സര്‍ട്ടിഫിക്കറ്റൊക്കെ വേണം എന്ന് നിയമം വന്നപ്പോള്‍ അച്ഛന്‍ നിര്‍ത്തി. അപ്പോള്‍ രോഗവുമായി വരുന്നവരെ ചേട്ടന്റെ അടുത്തേക്ക് വിടാന്‍ തുടങ്ങി.

നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നുവല്ലേ, ആദ്യ സ്റ്റേജ് ഓര്‍മയിലുണ്ടോ?

ആദ്യമായി ഞാന്‍ സ്റ്റേജില്‍ കയറുന്നത് മൂര്‍ക്കനിക്കര സ്‌കൂളില്‍ വെച്ചാണ്. ആറ് വയസ്സുള്ളപ്പോള്‍ പഴയൊരു ഹിന്ദി പാട്ടിന് നൃത്തം ചവിട്ടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. അതിന് ശേഷം നാട്ടിലുള്ള ചെറിയ ഗ്രാമീണ വായനശാലയുടെ വാര്‍ഷികങ്ങളില്‍ അവതരിപ്പിക്കുന്ന നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങി. എട്ടാം ക്ലാസ്സ് മുതല്‍ പഠിച്ചത് തൃശ്ശൂര്‍ സെന്റ് തോമസ് സ്‌കൂളിലാണ്. പ്രീ യൂണിവേഴ്സിറ്റി സെന്റ് തോമസ് കോളേജിലും. സെന്റ് തോമസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവിടെ നാടകത്തിലൊന്നും അഭിനയിക്കാന്‍ കഴിഞ്ഞില്ല. കാരണം നാടകമൊക്കെ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് തിരിച്ചുപോവുമ്പോള്‍ എന്റെ കൂടെ ഒരാള്‍ വേണമല്ലോ. എന്റെ നാട്ടില്‍നിന്ന് തൃശ്ശൂര്‍ക്ക് വൈകുന്നേരം കഴിഞ്ഞാല്‍ പിന്നെ ബസ്സ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആര്‍ക്കും വരാന്‍ കഴിയില്ല. ചെറിയ കുട്ടിയായതു കൊണ്ട് രാത്രി ഒറ്റയ്ക്ക് പോവാനുമാവില്ല. രാവിലെ സ്‌കൂളിലേക്ക് വരും. വൈകീട്ട് വീട്ടിലേക്ക് ബസ്സില്‍ കൃത്യമായി തിരിച്ച് പോവുകയും ചെയ്യും. അതായിരുന്നു പതിവ്. എന്നാല്‍ അന്ന് നാട്ടില്‍ അരങ്ങേറുന്ന നാടകങ്ങളിലും പരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു.  

എന്‍ജിനീയറായിരുന്നുവല്ലോ. എന്‍ജിനീയറിങ്ങ് കോളേജിലും നാടകാഭിനയം തുടര്‍ന്നുവോ?

സെന്റ് തോമസ് കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്സിറ്റി കഴിഞ്ഞതിനുശേഷമാണ് എന്‍ജിനീയറിങ്ങിന് ചേരുന്നത്. തൃശ്ശൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ജനറല്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നു. അപ്പോഴും അഭിനയിക്കാറുണ്ടായിരുന്നു. പക്ഷെ ഫുട്‌ബോളിനോടായിരുന്നു കൂടുതല്‍ ഇഷ്ടം. അന്ന് സീരിയസ് ആയി തന്നെ ഫുട്‌ബോള്‍ കളിക്കുമായിരുന്നു. കോളേജ് ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു. ലക്കിസ്റ്റാര്‍ പോലുള്ള പല ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഡിഫണ്ടറായിരുന്നു. ചവിട്ടിയിടാനുള്ള സൗകര്യമുണ്ടല്ലോ (ചിരിക്കുന്നു). അന്ന് കോച്ചിങ് എന്ന് പറഞ്ഞ പരിപാടിയൊന്നുമില്ല. ഞങ്ങള്‍ നാട്ടില്‍ ചെറുപ്പം മുതല്‍ തന്നെ തുണിപ്പന്ത് കെട്ടി കളിച്ചുപഠിച്ചു. അന്ന് നാട്ടില്‍ ഒരു പന്ത് വാങ്ങാന്‍ കഴിവുള്ളവര്‍ കുറവായിരുന്നു. സെന്റ് തോമസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍ മസാല ദോശയും ചായയും കഴിക്കാന്‍ കാശ് തരും. ദോശ മാത്രം കഴിച്ച് ചായയ്ക്ക് പകരം വെള്ളം കുടിക്കും, എന്നിട്ട് ചായയുടെ കാശ് എടുത്തുവെക്കും. ഇങ്ങനെ കാശ് ഉണ്ടാക്കിയിട്ടാണ് പന്ത് വാങ്ങുക. 
 

പാവം ക്രൂരന്‍ എന്ന സിനിമയില്‍നിന്ന്‌

എന്‍ജിനീയറിങ് കഴിഞ്ഞിട്ട് സ്വന്തമായി ഒരു സ്ഥാപനവും തുടങ്ങിയല്ലേ?

എന്‍ജിനീയറിങ് കോളേജ് കഴിഞ്ഞ് റിസള്‍ട്ട് വരുന്നതിന് മുമ്പെ തന്നെ, തൃശ്ശൂര്‍ ടൗണിലെ രാമവര്‍മ്മ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസ്സെടുക്കാന്‍ തുടങ്ങി. സുഹൃത്തായിരുന്ന ഫുട്‌ബോള്‍ കളിക്കാരന്‍ അച്യുതാനന്ദന്‍ അവിടെ പഠിപ്പിക്കാന്‍ പോയിരുന്നു. ഒരു ദിവസം എന്നോടും ക്ലാസ്സെടുക്കാന്‍ വരുന്നോ എന്ന് ചോദിച്ചു. അങ്ങനെ കുറച്ചു കാലം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ക്ക് സിവില്‍ എന്‍ജിനീയറിങ്ങില്‍ ക്ലാസ്സെടുത്തു. അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു വ്യവസായസ്ഥാപനം തുടങ്ങിയാല്‍ കൊള്ളാമെന്ന മോഹമുദിക്കുന്നത്. അച്ഛനന്ന് വീടിന് രണ്ട് കിലോമീറ്റര്‍ മാറി ചെറിയൊരു റബ്ബര്‍ എസ്റ്റേറ്റ് വാങ്ങിയിരുന്നു. അച്ഛന്‍ പറഞ്ഞു, റബ്ബര്‍ വിലയിലെ ഏറ്റക്കുറച്ചില്‍ കാരണം ചിലപ്പോള്‍ കൃഷി നഷ്ടത്തിലാവുന്നുവെന്ന്. അപ്പോള്‍ എനിക്ക് തോന്നി റബ്ബര്‍ സംസ്‌ക്കരിച്ച് പ്രോഡക്റ്റാക്കി മാറ്റിയാല്‍ നല്ല വിലയ്ക്ക് വില്‍ക്കാമല്ലോ എന്ന്. അങ്ങനെയാണ് ഒരു ട്രെഡ് റബ്ബര്‍ മനുഫാക്ചറിങ് കമ്പനി തുടങ്ങുന്നത്.

ചെറിയ തോതില്‍ അഞ്ച് പേരെ വെച്ചാണ് കമ്പനി തുടങ്ങിയത്. ഇരുപത് സെന്റ് സ്ഥലം അച്ഛന്‍ എന്റെ പേരില്‍ എഴുതി തന്നു. അത് ബാങ്കില്‍ പണയം വെച്ച് കാശുണ്ടാക്കി. വീടിന്റെ വശത്ത് ഒരു ഷെഡ് കെട്ടി തുടങ്ങിയ കമ്പനി പതുക്കെ വളര്‍ന്നു. ഒരു ഘട്ടത്തില്‍ 80 ജോലിക്കാരൊക്കെ ഉണ്ടായിരുന്നു. അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് മൂര്‍ക്കനിക്കരയില്‍ പുതിയ വീട് വെച്ചു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ചില നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ വ്യവസായം ആകെ പ്രതിസന്ധിയിലായി. കുറേ ജോലിക്കാരെ പിരിച്ചുവിടേണ്ട അവസ്ഥ വന്നപ്പോള്‍ ചെറിയ ഒരു ടയര്‍ നിര്‍മ്മാണ കമ്പനി തുടങ്ങാനുള്ള ആലോചനയായി. ആ കമ്പനിയും കുറേക്കാലം നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. 

അടിയന്തരാവസ്ഥ കാലത്ത് അത്യാവശ്യം രാഷ്ട്രീയത്തിലും ഉണ്ടായിരുന്നുവല്ലേ ?

ആ സമയത്ത് എനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്നു. അതിന് കാരണം പഴയ എം.എല്‍.എ  ആയിരുന്ന എ.എം.പരമനാണ്. അദേഹത്തിന്റെ അമ്മാവന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണ്. എന്റെ അച്ഛന്‍ പരമന്റെ ബന്ധുവുമാണ്. പരമേട്ടന്‍ അവിടെ കമ്യൂണിസ്റ്റുകാരുടെ യോഗത്തില്‍ പ്രസംഗിക്കാന്‍ വരുമ്പോള്‍ എന്റെ വീട്ടിലും വരും. പോവുമ്പോള്‍ എന്നോട് 'നീ വരുന്നുണ്ടോടാ' എന്ന് ചോദിക്കും. വീട്ടില്‍നിന്ന് മുന്നൂറ് മീറ്റര്‍ പോയാല്‍ ഒരു ക്ഷേത്രത്തിന്റെ വളപ്പുണ്ട്. അവിടെയാണ് യോഗം. പനംപള്ളി ഗോവിന്ദമേനോന്‍ അടക്കം എല്ലാ വലിയ രാഷ്ട്രീയനേതാക്കളും വന്ന് പ്രസംഗിച്ചിട്ടുള്ള സ്ഥലമാണത്. അന്ന് മൈക്കില്ല, മെഗാഫോണാണ്. ഞാന്‍ പോവുന്നത് ഈ മെഗാഫോണിലൂടെ വരുന്ന ശബ്ദം കേള്‍ക്കാനാണ്, അല്ലാതെ വിഷയം എന്താണെന്നറിയില്ല. എന്റെ പ്രായത്തിലുള്ള കുറേ ചെറിയ കുട്ടികളും പിന്നെ ഒരു എട്ട് പത്ത് കമ്യൂണിസ്റ്റുകാരും മാത്രമേ യോഗസ്ഥലത്ത് ഉണ്ടാവൂ. പക്ഷെ അവര്‍ മാത്രമല്ല കമ്യൂണിസ്റ്റുകാരായി നാട്ടില്‍ ഉണ്ടായിരുന്നത്. അടുത്തുള്ള വീടുകളിലിരുന്ന് കുറേ പേര്‍ ഈ പ്രസംഗം കേള്‍ക്കും. കാരണം, കമ്യൂണിസ്റ്റാണെന്ന് പറഞ്ഞാല്‍ കാര്യം പോക്കാണ്. 

അങ്ങനെ ചെറുപ്പം മുതല്‍ നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ട് സാധാരണക്കാരന്റെ പാര്‍ട്ടിയാണന്നും പാവപ്പെട്ടവന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള മാര്‍ഗ്ഗമാണ് കമ്മ്യൂണിസമെന്നും ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. പിന്നീട് എന്‍ജിനീയറിങ് കോളേജില്‍ എത്തിയപ്പോള്‍ കമ്യൂണിസ്റ്റ് ആശയക്കാരായ ചില സുഹൃത്തുക്കളെ കിട്ടി. അവര്‍ക്കൊപ്പം കമ്യൂണിസത്തെ കുറിച്ച് പഠിക്കാനും  സംസാരിക്കാനും തുടങ്ങി. കോളേജില്‍ നിന്ന് ഞാന്‍ ഇറങ്ങിയ ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പാര്‍ട്ടിയോട് വളരെ അടുപ്പമുള്ള ആളാണ് ഞാനെന്ന് അന്നത്തെ സെക്രട്ടറിയായിരുന്ന മമ്മുക്കുട്ടി ചേട്ടനും മറ്റുള്ളവര്‍ക്കുമൊക്കെ അറിയാം. പക്ഷെ പ്രകടമായി ഞാന്‍ രംഗത്തുവന്നിരുന്നില്ല. ആ സമയത്താണ് അടിയന്തരാവസ്ഥ വരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിലക്കുണ്ടായിരുന്നതുകൊണ്ട് നേതാക്കളെല്ലാം അറസ്റ്റിലാവാതിരിക്കാന്‍ ഒളിവില്‍ പോയി. അങ്ങനെ ഒരു നേതാവ് മൂര്‍ക്കനിക്കരയില്‍ ഒളിവില്‍ പാര്‍ക്കുന്നുണ്ടായിരുന്നു. അന്ന് അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കമ്യൂണിസ്റ്റുകാരന്റെ വീട്ടിലായിരുന്നു അത്.
 

അവിടുന്ന് ആ നേതാവിനെ പാലക്കാട്ടേക്ക് കൊണ്ടുപോവണം. അറിയപ്പെടുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ് അദ്ദേഹത്തെ കൊണ്ടുപോവുന്നതെങ്കില്‍ എളുപ്പം പോലീസിന്റെ പിടിയിലാവും. അപ്പോള്‍ അതിന് അറിയപ്പെടാത്ത ഒരാള്‍ വേണം. അതേ സമയം പാര്‍ട്ടിയോട് താത്പര്യവും ആത്മാര്‍ത്ഥതയുമുള്ള ആളാവുകയും വേണം. ആ ചുമതല എന്നെ ഏല്‍പ്പിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന ആ ആള്‍ ആരാണെന്ന് എനിക്കോ ഞാന്‍ ആരാണെന്ന് അയാള്‍ക്കോ അറിയില്ലായിരുന്നു. എനിക്ക് അന്ന് കാറുണ്ട്. മൂര്‍ക്കനിക്കരയില്‍ നിന്ന് ഒരു തോര്‍ത്തുമുണ്ട് തലയില്‍ കെട്ടി അദ്ദേഹം എന്റെ കാറില്‍ കയറും, ലക്കിടി എത്തുമ്പോള്‍ ഞാന്‍ രണ്ട് തവണ കാറിന്റെ ഹോണ്‍ അടിക്കണം, അവിടുന്ന് രണ്ട് തവണ ടോര്‍ച്ച് തെളിയിച്ച് എനിക്ക് തിരിച്ച് സിഗ്‌നല്‍ തന്ന് ഒരാള്‍ കാറില്‍ കയറും. മറ്റൊരു സ്ഥലത്ത് എത്തിയാല്‍ ഞാന്‍ വീണ്ടും ഹോണ്‍ അടിക്കണം, അവിടെയും ടോര്‍ച്ച് തെളിയും. എന്നിട്ട് കൂടെയുള്ള ആള്‍ ഇറങ്ങി ടോര്‍ച്ച് തെളിയിച്ച ആള്‍ കൂടെ കയറും. അയാളും മറ്റൊരിടത്ത് ഇറങ്ങും. ചുരുക്കി പറഞ്ഞാല്‍, ആരാണ് കൂടെ വരുന്നതെന്നും അയാള്‍ എങ്ങോട്ടാണ് പോവുന്നതെന്നും ഞാന്‍ അറിയില്ല. അതായിരുന്നു ഓപ്പറേഷന്റെ രീതി. ഇന്ന് അത്തരം കാര്യങ്ങള്‍ അലോചിക്കുമ്പോള്‍ തന്നെ ഭയം തോന്നും. അന്ന് ചെറുപ്പത്തിന്റെ വാശിയും ചുറുചുറുക്കും ഒക്കെ ഉണ്ടായിരുന്നല്ലോ. 

സിനിമയിലേക്കുള്ള കാല്‍വെപ്പ് എങ്ങിനെയായിരുന്നു? 

എന്റെ ജീവിതത്തില്‍ പല കാര്യങ്ങളും വന്നിട്ടുള്ളത് കോഴിക്കോട് നിന്നാണ്. ഞാന്‍ കമ്പനി തുടങ്ങിയ സമയത്ത് എന്റെ പ്രോഡക്ട് വില്‍ക്കാന്‍ സഹായിച്ചത് കോഴിക്കോട്ടുകാരന്‍ മൊയ്തു വക്കീലാണ്. എന്റെ പ്രണയം ശക്തമായി തീര്‍ന്നതും കോഴിക്കോട്ട് വെച്ചു തന്നെ. അതേപോലെ സിനിമയിലേക്ക് കാലെടുത്തുവെച്ചതും കോഴിക്കോട്ട് വെച്ചു തന്നെ. തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജിന് മുന്നില്‍ തന്നെ ആള്‍ ഇന്ത്യാ റേഡിയോയുടെ സ്‌റ്റേഷനുണ്ട്. കോളേജില്‍ പഠിക്കുന്ന കാലത്ത് അതിനു മുന്നിലൂടെ നടക്കുമ്പോള്‍ ചിന്തിക്കും റേഡിയോയിലൂടെ എന്റെ ശബ്ദം ഒന്നു കേള്‍പ്പിക്കാന്‍ എന്താ വഴിയെന്ന്. അങ്ങനെ ഒരു ദിവസം അവിടെ കയറി ചോദിച്ചു, നാടകത്തില്‍ അഭിനയിപ്പിക്കുമോയെന്ന്. അവര്‍ പറഞ്ഞു, നാടകം തൃശ്ശൂര്‍ സ്റ്റേഷനില്‍ പ്രൊഡ്യൂസ് ചെയ്യുന്നില്ല. കോഴിക്കോട്ടാണെന്ന്. കോഴിക്കോട് ചെന്ന് വോയ്‌സ് ടെസ്‌റ്റെടുത്തു. സെലക്ഷന്‍ കിട്ടി.

നാടകം സംവിധാനം ചെയ്യുന്നത് തിക്കോടിയനാണ്. അങ്ങനെ അദ്ദേഹവുമായി ഒരടുപ്പമുണ്ടായി. ഞാന്‍ തൃശ്ശൂരില്‍ വ്യവസായവുമായി കഴിയുന്ന കാലത്ത് ഒരു ദിവസം രാവിലെ അദ്ദേഹം ഫോണ്‍ വിളിച്ച് ചോദിച്ചു, 'നിനക്ക് സിനിമയില്‍ അഭിനയിക്കണോ?' 'ഞാന്‍ പറഞ്ഞു, വേണം. അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'എന്നാല്‍ നാളെ കൊയിലാണ്ടിയില്‍ വാ.' കൊയിലാണ്ടിയിലെ പഴയ ഒരു വീട്ടിലേക്കാണ് വിളിപ്പിച്ചത്. അവിടെ ചെന്നപ്പോള്‍ തിക്കോടിയന്‍ ചേട്ടന്‍, എന്നെ ലോകപ്രസിദ്ധ സംവിധായകന്‍ അരവിന്ദന്റെ മുന്നില്‍ കൊണ്ടുനിര്‍ത്തി. ക്യാമറാമാന്‍ മങ്കട രവിവര്‍മയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ഒപ്പമുണ്ട്. അവരെ കണ്ടപ്പോള്‍ എന്റെ കൈയും കാലും വിറയ്ക്കാന്‍ തുടങ്ങി. അപ്പോഴെങ്ങാന്‍ എന്നോട് അഭിനയിച്ചു കാണിക്കാന്‍ അവര്‍ പറഞ്ഞിരുന്നെങ്കില്‍ ഞാനവിടെ തലചുറ്റി വീണേനേ. പക്ഷെ ഒന്നുമുണ്ടായില്ല. അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു, ഞാന്‍ കഴിച്ചു.
 

അഹിംസ എന്ന സിനിമയിലെ ഒരു രംഗം

രണ്ട് ദിവസം കഴിഞ്ഞേ ഷൂട്ടുള്ളൂ. കാരണം നായകനെ തീരുമാനിച്ചിട്ടില്ല. അതിനുവേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോവാമെന്ന് പറഞ്ഞു. ഞാനും ചെന്നു. അമ്പിളി അവിടെയാണല്ലോ പഠിക്കുന്നത്. അന്ന് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ കലാമത്‌സരങ്ങള്‍ നടക്കുകയാണ്. ഞങ്ങള്‍ മത്‌സരങ്ങള്‍ നടക്കുന്ന ഹാളില്‍ ചെന്നു. അവിടെ നില്‍ക്കുമ്പോള്‍ അരവിന്ദന്‍ ഒരാളെ തിരിഞ്ഞു നോക്കുന്നതു കണ്ടു. അന്നങ്ങനെ അദ്ദേഹം നോക്കിയ ആളാണ്, ഉത്തരായനത്തിലെ നായകന്‍-ഡോക്ടര്‍ മോഹന്‍ദാസ്. അങ്ങനെ സിനിമാ ഷൂട്ടിങ് തുടങ്ങി. ഞാന്‍ ആദ്യമായി അഭിനയിച്ചു. പിന്നെ ആ സിനിമ റിലീസാവാനുള്ള കാത്തിരിപ്പായിരുന്നു. റിലീസായാല്‍ പ്രേംനസീറിന്റേയും മറ്റും പിന്നാലെ പോവുന്ന പോലെ ആളുകള്‍ എന്നെ വന്ന് പൊതിയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ, ആര്‍ട്ട് സിനിമയായതു കൊണ്ട് വളരെ കുറച്ചു പേരേ അതു കണ്ടുള്ളൂ. അവര്‍ പോലും എന്നെ മൈന്‍ഡ് ചെയ്തതുമില്ല. 

പിന്നെ നിരന്തരം അവസരം വന്നുകൊണ്ടിരുന്നോ? 

ഇല്ല. ഉത്തരായനത്തിന് ശേഷം പിന്നെയും സിനിമയില്‍ അഭിനയിക്കണമെന്ന് വലിയ ആഗ്രഹം ഉണ്ട്. പക്ഷെ ആരും വിളിക്കുന്നില്ല. എനിക്ക് സിനിമാക്കാരെ ആരെയും പരിചയവുമില്ല. അങ്ങനെ എന്‍ജിനീയറിങ് കോളേജിലെ പ്രൊഫസറും നാടകൃത്തുമൊക്കെയായ ജി.ഗോപാലകൃഷ്ണനെ സമീപിച്ച് ഒരു സിനിമയെടുത്താലോ എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു, എനിക്കു പരിചയമുള്ള ഒരാളുണ്ട് കൊല്ലത്തുകാരന്‍ എ.എന്‍.തമ്പി. ഞങ്ങള്‍ അദ്ദേഹത്തെ പോയി കണ്ടു. അങ്ങനെ ഗോപാലകൃഷ്ണന്‍ തിരക്കഥയെഴുതി അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് 'പാദസരം'. അന്നത്തെ മുന്‍നിര നടനായ ജോസിനൊപ്പം ഞാനുമൊരു പ്രധാനറോളില്‍ അഭിനയിച്ചു. സിനിമയ്ക്ക് വലിയ കളക്ഷനൊന്നും കിട്ടിയില്ല. കുറച്ചു പണം നഷ്ടം വന്നു. എന്നാലും വാശിയായി ഒരു പടം കൂടി എടുക്കാന്‍ തീരുമാനിച്ചു.

ഇത്തവണ ഗോപാലകൃഷ്ണന്‍ തന്നെ സംവിധാനം ചെയ്തു. ആ സിനിമയാണ് 'ചോര ചുവന്ന ചോര'. കാശ് പോവാത്ത രീതിയില്‍ സിനിമ അത്യാവശ്യം ഓടി. ഞാന്‍ നിര്‍മിച്ച മൂന്നാമത്തെ സിനിമയാണ് ഹിറ്റായി മാറിയ ജയന്‍ സിനിമ 'ചാകര'. ഇത്തവണ സംവിധായകന്‍ പി. ജി.വിശ്വംഭരനായിരുന്നു. വലിയ സംവിധായകനായതു കൊണ്ടുതന്നെ ജയനേയും സുകുമാരനേയും സീമയേയും പോലുള്ള വലിയ താരങ്ങളെ കാസ്റ്റ് ചെയ്തു. അതുകൊണ്ടു തന്നെ എനിക്ക് വില്ലന്റെ വേഷമേ കിട്ടിയുള്ളൂ. ഇപ്പോള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്ത് വൈറലായ 'അലവലാതി ഷാജി' എന്ന ക്യാരക്‌റാണ് അന്ന് ഞാനഭിനയിച്ച ആ വില്ലന്‍ വേഷം. ആ പടം നല്ല സാമ്പത്തികലാഭമുണ്ടാക്കി. അപ്പോള്‍ ഒരു സിനിമ കൂടി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. കാരണം ചാകരയില്‍ ഞാന്‍ വലിയ താരങ്ങളുടെ നിഴലില്‍ ആയിപ്പോയിരുന്നല്ലോ?

നല്ലൊരു വേഷം ചെയ്യുന്നതിന് വേണ്ടി ഒരു സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. അപ്പോഴേക്കും ജയനുമായി അത്യാവശ്യം പരിചയമൊക്കെയായിരുന്നു. അങ്ങനെ ജയനെ ബുക്ക് ചെയ്യാമെന്ന് വെച്ച് ഞാന്‍ ട്രെയിനില്‍ കയറി മദ്രാസില്‍ ചെന്നു. അവിടെ വെച്ച് പരിചയമുള്ള ചില സിനിമാക്കാരെ കണ്ടു. അവര്‍ ചോദിച്ചു, 'അറിഞ്ഞില്ലേ, ജയന്‍ മരിച്ചു.' ഞാനാകെ തകര്‍ന്നുപോയി. അതോടെ ആ മോഹം ഉപേക്ഷിച്ചു. 

ആ സമയത്താണ് കൊടുമുടികള്‍ എന്ന സിനിമ അനൗണ്‍സ് ചെയ്യുന്നത്. പ്രേംനസീറും സോമനും ജയഭാരതിയുമെല്ലാം അഭിനയിക്കുന്ന വലിയ സിനിമ. ബാലന്‍ കെ.നായരെ ആയിരുന്നു വില്ലനായി തീരുമാനിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയില്ല. പടം മുടങ്ങുമെന്ന അവസ്ഥയില്‍ എന്റെ സുഹൃത്തായ ചന്ദ്രന്‍ ആ സിനിമയുടെ നിര്‍മാതാവായ നമ്പ്യാരോട് പറഞ്ഞു, ഒരു പുതിയ വില്ലന്‍ വന്നിട്ടുണ്ട്. ചാകര എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചാകര പക്ഷെ അന്ന് റിലീസായിട്ടില്ല. സിനിമയുടെ റീലുകളില്‍ ഞാനഭിനയിച്ച ഭാഗം ഭരണി സ്റ്റുഡിയോയില്‍ കൊണ്ടുപോയി പ്ലേ ചെയ്ത് ചന്ദ്രന്‍ കാണിച്ചു കൊടുത്തു. അതോടെ ആ സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തു. അതില്‍ അഭിനയിച്ച് തിരിച്ചുവന്നപ്പോഴാണ് ഭരതന്റെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് കോള്‍ വരുന്നത്. അതാണ് പറങ്കിമല. ആ സിനിമയിലെ കുഞ്ഞിപാനു എന്ന കഥാപാത്രം അന്നത്തെ നിലയ്ക്ക് എന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായെന്ന് പറയാം. ആ ക്യാരക്ടര്‍ എല്ലാവരും ശ്രദ്ധിച്ചു. അതോടെ കൂടുതല്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങി. ഞാന്‍ സിനിമ നിര്‍മിക്കുന്നത് നിര്‍ത്തുകയും ചെയ്തു.

ബലാത്സംഗസീനുകളില്‍ അഭിനയിക്കുന്ന ക്രൂരനായ വില്ലന്‍ ഇമേജായിരുന്നു ഒരുകാലത്ത് ടി.ജി.രവിക്ക്?

വില്ലനാവണമെങ്കില്‍ അന്നത്തെ സ്ഥിതിക്ക് ബലാത്സംഗം അനിവാര്യമായിരുന്നു. അത് നമ്മള്‍ അഭിനയിക്കുന്നത് സംവിധായകനും ക്യാമറാമാനും ലൈറ്റ് ബോയും ഒക്കെയായി ഒരുപാട് പേരുടെ മുന്നില്‍വെച്ചാണ്. അതൊന്നും പക്ഷെ ആളുകള്‍ക്ക് അറിയില്ലല്ലോ? സത്യത്തില്‍ അത്ര വള്‍ഗറായ രംഗങ്ങളിലൊന്നും ഞാനഭിനയിച്ചിട്ടില്ല. പക്ഷെ ഒരിക്കല്‍ ഒരു സംവിധായകന്റെ സിനിമയില്‍ ഒരു കിടപ്പറ സീന്‍ ചെയ്യേണ്ടതുണ്ടായിരുന്നു. ചെറിയ രംഗമാണ് ഷൂട്ട് ചെയ്തത്. ഞാന്‍ അമ്പിളിക്കൊപ്പമാണ് തിയേറ്ററില്‍ പോയി ആ സിനിമ കണ്ടത്. ആ രംഗം ഞാനഭിനയിച്ചതിലും ദീര്‍ഘമായി ചിത്രീകരിച്ചിരിക്കുന്നു. ശരിക്കും വള്‍ഗറായി തന്നെ.

ഡ്യൂപ്പിനെ വെച്ച് കൂടുതല്‍ അഭിനയിപ്പിച്ച് എഡിറ്റ് ചെയ്ത് ചേര്‍ത്തതായിരുന്നു. ആ സീന്‍ കണ്ട് അമ്പിളി പൊട്ടിക്കരഞ്ഞു. ഞാനവളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയെങ്കിലും അതെന്റെ മനസ്സില്‍ കടന്നു. കുറച്ചു കഴിഞ്ഞ് ഞാന്‍ പ്രസാദ് സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ ആ സംവിധായകനെ കണ്ടു. അവനോട് ചോദിച്ചു സിനിമ നന്നായി കളക്ട് ചെയ്‌തോ എന്ന്. അവന്‍ പറഞ്ഞു, മോശമാവാതെ ഓടി. എല്ലാവരും ഹാപ്പിയാണ്. അതിന് ശേഷം സ്റ്റുഡിയോയുടെ വരാന്തയിലേക്ക് കൂട്ടിക്കൊണ്ടു പോയി അവന്റെ മുഖമടക്കിയൊന്നു കൊടുത്തു. ഇക്കാര്യം ആരോടും പറയേണ്ടെന്നും, പറഞ്ഞാല്‍ മോശം അവനാണെന്നും മാത്രം പറഞ്ഞു. ആ സമയത്ത് അത്രയെങ്കിലും ഞാന്‍ ചെയ്യേണ്ടതുണ്ടെന്ന് തോന്നി. 

'പാവം ക്രൂരന്‍' ടി.ജി.രവിക്ക് ഒരുപാട് പ്രശസ്തി നേടിത്തന്ന സിനിമയായിരുന്നുവല്ലോ? 

രാജസേനനാണ് അത് സംവിധാനം ചെയ്തത്. അതിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴേ അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. അത് നന്നായി കളക്ട് ചെയ്തു. തെലുങ്കിലൊക്കെ റീമേക്ക് വന്നു. രാജസേനന്‍ സംവിധാനം ചെയ്ത മറ്റൊരു തെലുങ്ക് പടത്തിലും ഞാനഭിനയിച്ചു. ഈനാട് പോലെ ക്യാരക്ടര്‍ റോളുകളും ഞാന്‍ ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും എന്ന സിനിമയില്‍ കോമഡിയും ചെയ്തു. അതില്‍ തൃശ്ശൂര്‍ സ്ലാങില്‍ സംസാരിക്കുന്ന കഥാപാത്രമായോലോയെന്ന് തിരക്കഥാകൃത്ത് ടി.ദാമോദരന്‍ മാഷോട് സജസ്റ്റ് ചെയ്തതും ഞാനാണ്. അങ്ങനെ എത്രയോ സിനിമകള്‍ ചെയ്‌തെങ്കിലും എനിക്ക് ഒരു വില്ലന്റെ ഇമേജായി പോയി.

 
(തുടരും)
 


 

Content Highlights: tg ravi talking about his acting career and life