11 ദിവസത്തെ ചിത്രീകരണം; പോലീസ് ഓഫീസറായി സുദേവ് നായർ

ഫോട്ടോ: സിദ്ദീക്കുൽ അക്ബർ
ഫോട്ടോ: സിദ്ദീക്കുൽ അക്ബർ

നാഗ്പൂർ എൻഐടിയിൽനിന്ന് എഞ്ചിനിയറിങ് ബിരുദം നേടിയ സുദേവ്, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചശേഷമാണ് ചാൻസ് ചോദിച്ചിറങ്ങിയത്. നാലുവർഷം നീണ്ട അലച്ചിലിനൊടുവിൽ മലയാളത്തിൽ അവസരം ലഭിച്ചു. എം.ബി.പത്മകുമാറുമായുള്ള പരിചയം മൈ ലൈഫ് പാട്ണർ എന്ന സിനിമയിലേക്ക് വഴിതുറന്നു. ആൺ സൗഹൃദത്തിന്റെ കഥപറഞ്ഞ ചിത്രത്തിൽ സ്വർഗ്ഗാനുരാഗിയുടെ വേഷമായിരുന്നു. പല യുവതാരങ്ങളും വേണ്ടെന്നു വച്ച കഥാപാത്രത്തെ സുദേവ് ആത്മാർത്ഥയോടെ അവതരിപ്പിച്ചു. ആദ്യ പ്രകടനം തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ എത്തിച്ചില്ലെങ്കിലും ആ വർഷത്തെ മികച്ച നടനുള്ള പുരസ്‌ക്കാരം നിവിൻ പോളിക്കൊപ്പം സുദേവ് നായർ പങ്കിട്ടെടുത്തു. പുരസ്‌ക്കാരത്തിളക്കത്തിലാണ് സുദേവ് എന്ന നടനെക്കുറിച്ച് പ്രേക്ഷകർ ആദ്യമായി അറിയുന്നത്.

അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, ഭീഷ്മപർവ്വം, തങ്കമണി...ചെറിയകാലംകൊണ്ട് പ്രധാനതാരങ്ങളുടെ സിനിമകളിലെല്ലാം ശ്രദ്ധേയമായ നിരവധിവേഷങ്ങൾ അവതരിപ്പിക്കാനായി സുദേവിന്.

''കമ്മട്ടത്തിൽ പോലീസ് ഓഫീസറുടെ വേഷമാണ് എനിക്ക്, ചെറിയരീതിയിൽ ആരംഭിച്ച് എഴുതിവന്നപ്പോൾ വലിയ ക്യാൻവാസിലേയ്ക്ക് മാറിയ ചിത്രമാണിത്. മുൻപ് ചെയ്ത പോലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു കമ്മട്ടത്തിലെ കഥാപാത്രം. തിരക്കഥയാണ് എന്നെ ചിത്രത്തിലേയ്ക്ക് ആകർഷിച്ചത്. അന്യഭാഷകളിൽ അഭിനയിച്ചിട്ടുള്ളതിനാൽ എന്റെ മുഖം കേരളത്തിന് പുറത്തും പരിചിതമാണ്. എന്നെ നായകനാക്കി വെബ് സീരിസിനൊരു പാൻ ഇന്ത്യൻ മാർക്കറ്റ് നൽകാൻ അണിയറപ്രവർത്തകർ ശ്രമിക്കുകയായിരുന്നു.

വെബ് സീരീസിൽനിന്ന്

ആറ് ഭാഗങ്ങളിലായാണ് കമ്മട്ടം അവതരിപ്പിക്കപ്പെട്ടത്. അഭിനയിക്കാൻ ഇറങ്ങുമ്പോൾ മുന്നിലുള്ള വലിയ വെല്ലുവിളി പതിനൊന്നു ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കണം എന്നതായിരുന്നു. തടസ്സങ്ങളിലാതെ ചിത്രീകരണം മുന്നോട്ടുകൊണ്ടുപോയത് സംവിധായകന്റെ മിടുക്കുകൊണ്ടാണ്. ഓരോ ദിവസത്തെ ചിത്രീകരണത്തിനും എ,ബി,സി,ഡി എന്നിങ്ങനെ വ്യത്യസ്ഥമായ പ്ലാനുകൾ സംവിധായകൻ കരുതിവച്ചു. മഴപെയ്തു ചിത്രീകരണം മുടങ്ങിയാൽ എടുക്കേണ്ട രംഗങ്ങൾ ഏതാണ്, സാങ്കേതികതകരാറുകൾ സംഭവിച്ചാൽ എന്തുചെയ്യും, അനുകൂലകാലാവസ്ഥയിലും വെളിച്ചത്തിലും എന്തെല്ലാം ചിത്രീകരിക്കണം ഇങ്ങനെ കാര്യങ്ങൾക്കെല്ലാം വ്യക്തമായ പദ്ധതികൾ സംവിധായകൻ തയാറാക്കിയിരുന്നു. ഇത്രയേറെ ചിട്ടയോടെ മുന്നോട്ടുപോയ ടീമിനൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്.

കഥഅവതരിപ്പിക്കാനായി കണ്ടെത്തിയ ലൊക്കേഷനുകളെല്ലാം അടുത്തടുത്തായിരുന്നു. നടന്നുപോകാവുന്ന ദൂരത്തുള്ള സ്ഥലങ്ങളെ കോർത്തിണക്കിയാണ് ചിത്രീകരണം നിശ്ചയിച്ചത്. ഒരു സ്ഥലത്തെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞാൽ അടുത്ത ലൊക്കേഷനിലേക്കെത്തി ചിത്രീകരണം ആരംഭിക്കാൻ പരമാവധി എടുക്കുന്ന സമയം പത്തോ ഇരുപതോ മിനിറ്റ് മാത്രമായിരുന്നു'', സുദേവ് നായർ വിശദീകരിച്ചു.

(കൂടുതൽ വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ. ഓൺലൈൻ വഴി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Sudev Nair plays a cop in the new web series `Kammattam`. Discover his journey from engineering to acting and his challenging role in this investigative thriller