ഗിരീഷിനെ കിടത്തിയതിനുമുന്നില്‍ ആ ഫോട്ടോ കണ്ടു, അവന്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച ചിത്രം

എവിടെവെച്ച് കണ്ടാലും ഗിരീഷ് എന്റെ പാദങ്ങളില്‍ തൊട്ടുതൊഴുമായിരുന്നു. ഞാന്‍ എതിര്‍ക്കുമ്പോള്‍ എന്നെ ആലിംഗനം ചെയ്തുകൊണ്ട് അയാള്‍ പറയും, ''തമ്പിച്ചേട്ടന്‍ എന്റെ ഗുരുവാണ്. ഒരു പാട്ടെഴുതാന്‍ തുടങ്ങുന്നതിനുമുന്‍പ് ഞാന്‍ ചേട്ടന്റെ ഗാനസമാഹാരവും വയലാര്‍ കൃതികളും എടുത്ത് എന്റെ മുന്‍പില്‍ വയ്ക്കും.'' നേരില്‍ കാണുമ്പോഴൊക്കെ അമിതമായി മദ്യപിക്കുന്നതിന് ഞാന്‍ അയാളെ ശകാരിക്കുമായിരുന്നു. അപ്പോള്‍ ഗിരീഷ് പറയും: ''ചേട്ടന്‍ എത്ര വഴക്കുപറഞ്ഞാലും ഞാന്‍ കേള്‍ക്കും. തല്ലിയാല്‍ കൊള്ളും.'' ഞാന്‍ എത്ര വഴക്കുപറഞ്ഞാലും ഒരു പരിഭവവുമില്ല. സ്‌നേഹപ്രകടനത്തില്‍ തെല്ലും ശ്രുതിഭേദം വരികയുമില്ല. മദ്യപാനം നിര്‍ത്താന്‍ അയാള്‍ പലവട്ടം ശ്രമിച്ചുനോക്കി. എന്തുകൊണ്ടോ ആ ശ്രമത്തില്‍ ഗിരീഷ് വിജയിച്ചില്ല. 'ഹൃദയസരസ്സ്' എന്ന പേരില്‍ എന്റെ തിരഞ്ഞെടുത്ത ആയിരത്തൊന്നുഗാനങ്ങളുടെ സമാഹാരം പ്രസിദ്ധപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചതിന്റെ പിന്നില്‍ ഗിരീഷിന്റെ നിരന്തരമായ പ്രേരണയുണ്ടായിരുന്നു.
ഗിരീഷ് എന്നോട് പറഞ്ഞു: ''ചേട്ടാ, ചേട്ടന്റെ പാട്ടുകള്‍ പുസ്തകമാക്കണം. ആ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പൂര്‍ണാ പബ്ലിക്കേഷന്‍സിന് താത്പര്യമുണ്ട്. ചേട്ടനോടുപറഞ്ഞ് മാറ്റര്‍ വാങ്ങിക്കൊടുക്കാമെന്ന് ഞാന്‍ ബാലകൃഷ്ണന്‍ മാരാരോട് സമ്മതിക്കുകയും ചെയ്തു.''
ആ കാലത്ത് എന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് ഡി.സി. ബുക്‌സ് (കറന്റ് ബുക്‌സ്) വഴിയായിരുന്നു. ഡി.സി. ബുക്‌സിലെ പബ്ലിക്കേഷന്‍മാനേജര്‍ ആയിരുന്ന കവികൂടിയായ അരവിന്ദന്‍ അപ്പോഴേക്കും 'ഹൃദയസരസ്സ്' എന്ന എന്റെ ഗാനസമാഹാരം പ്രസിദ്ധീകരിക്കാനുള്ള പ്രാരംഭജോലികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഈ വിവരം ഞാന്‍ അറിയിച്ചപ്പോള്‍ ഗിരീഷിന് വിഷമമുണ്ടായി. ''ഞാന്‍ ഡി.സി.ബുക്‌സിന് വാക്കുകൊടുത്തുപോയി. എത്ര ധനനഷ്ടം വന്നാലും ഞാന്‍ കൊടുത്ത വാക്ക് മാറ്റാറില്ല,'' ഞാന്‍ പറഞ്ഞു. അപ്പോള്‍ ഗിരീഷിന് ഒരു പുതിയ മോഹം, ''ചേട്ടന്റെ പാട്ടുകളെക്കുറിച്ച് ഞാന്‍ എഴുതുന്ന ഒരു ചെറിയ കുറിപ്പെങ്കിലും ആ പുസ്തകത്തില്‍ ഉണ്ടാവണം. എനിക്ക് എങ്ങനെങ്കിലും ആ പുസ്തകത്തിന്റെ ഭാഗമാകണം.'' ഞാന്‍ ധര്‍മസങ്കടത്തിലായി. എന്റെ ഗാനസമാഹാരത്തിന്റെ അവതാരിക പി. ഭാസ്‌കരന്‍മാസ്റ്ററെക്കൊണ്ട് എഴുതിക്കണമെന്നായിരുന്നു ഞാന്‍ അതുവരെ നിശ്ചയിച്ചിരുന്നത്.
നിര്‍ഭാഗ്യവശാല്‍ ആ സമയത്താണ് മാസ്റ്ററുടെ ഓര്‍മശക്തി നഷ്ടപ്പെടാന്‍ തുടങ്ങിയത്. മുഴുവന്‍ വായിച്ച് ഒരു ദീര്‍ഘമായ അവതാരിക എഴുതാന്‍ മാസ്റ്റര്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിരച്ചേച്ചിയും പറഞ്ഞു. ഭാസ്‌കരന്‍മാസ്റ്ററില്‍നിന്ന് ഒരു അനുഗ്രഹവാക്യം എഴുതിവാങ്ങിയിട്ട് അവതാരിക ഒ.എന്‍.വി.യെക്കൊണ്ട് എഴുതിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആദ്യകാലങ്ങളില്‍ എന്നെ തെല്ലും അംഗീകരിച്ചിട്ടില്ലാത്ത മഹാകവി ഒ.എന്‍.വി.യെയാണ് ഞാന്‍ ഈ കാര്യത്തില്‍ സമീപിച്ചത്. കാലം അദ്ദേഹത്തിന്റെ മനസ്സിലും ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അദ്ദേഹം 'പാട്ടിന്റെ പാലാഴി' എന്ന പേരില്‍ ദീര്‍ഘമായ ഒരു അവതാരിക എഴുതിത്തന്നു. മൂന്നാമതായി ഒരു കുറിപ്പിന് എവിടെ സ്ഥാനം? അത് ആവശ്യമില്ല എന്നുതന്നെ രവി ഡി.സി. പറഞ്ഞു. വിവരം ഞാന്‍ പറഞ്ഞപ്പോള്‍ ഗിരീഷ് നിരാശനായി. ആ കണ്ണുകള്‍ നിറഞ്ഞു. ''ചേട്ടന്റെ മുന്‍പേ നടന്നവര്‍ ചേട്ടനെ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഭാസ്‌കരന്‍മാസ്റ്ററുടെയും ഒ.എന്‍.വിയുടെയും എഴുത്ത്. ചേട്ടന്റെ പിന്നാലെ വരുന്നവരും ചേട്ടനെ ആദരിക്കുന്നു എന്നതിന്റെ തെളിവായിരിക്കും എന്റെ കുറിപ്പ്...'' വളരെ പ്രയാസപ്പെട്ടാണ് 'ഗുരുദക്ഷിണ' എന്ന പേരില്‍ ഗിരീഷ് എഴുതിയയച്ച കുറിപ്പ് പുസ്തകത്തില്‍ ചേര്‍ക്കാന്‍ ഞാന്‍ ഡി.സി. ബുക്‌സിനെക്കൊണ്ട് സമ്മതിപ്പിച്ചത്. അതില്‍ ഗിരീഷ് പുത്തഞ്ചേരി ഇങ്ങനെ എഴുതി, ''ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണി തെന്നലായ് മാറി, എന്ന ഗാനത്തെ വെല്ലാന്‍ ഇനി ഏതോ ജന്മത്തില്‍ മലയാണ്മ മറ്റൊരെഴുത്തുകാരനെ ഗര്‍ഭം ധരിച്ച് പ്രസവിക്കേണ്ടിയിരിക്കുന്നു.''
എനിക്ക് ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ച സമയത്താണ് ഗിരീഷ് അന്തരിക്കുന്നത്. ഗിരീഷ് അവസാനമായി പങ്കെടുത്ത സാഹിത്യപരിപാടി അതായിരുന്നു. ആ സമ്മേളനം നടന്നതിന്റെ എട്ടാം ദിവസമായിരുന്നു ഗിരീഷിന്റെ അന്ത്യയാത്ര. കോളേജില്‍ തന്റെ അധ്യാപകനായിരുന്ന പ്രശസ്ത സാഹിത്യനിരൂപകന്‍ എം. അച്യുതനെ ഫോണില്‍ വിളിച്ച്, ''തമ്പിച്ചേട്ടന് ഓടക്കുഴല്‍ അവാര്‍ഡ് കൊടുക്കുന്ന സമ്മേളനത്തില്‍ എനിക്കും പ്രസംഗിക്കണം'', എന്ന് ഗിരീഷ് ആവശ്യപ്പെടുകയായിരുന്നു. പ്രശസ്ത കവികളായിരുന്നു പ്രധാന പ്രഭാഷകര്‍. അതുകൊണ്ട് അച്യുതന്‍ സാര്‍ ഫോണില്‍ വിളിച്ച് എന്റെ അഭിപ്രായം ആരാഞ്ഞു. ''ഗിരീഷിനെ തീര്‍ച്ചയായും വിളിക്കണം. അയാളും നല്ല കവിതന്നെയാണ്'', എന്ന് ഞാന്‍ പറഞ്ഞു.
മദ്യപാനം നിര്‍ത്താനും ആരോഗ്യം വീണ്ടെടുക്കാനുമായി പ്രകൃതിചികിത്സ നടത്തിക്കഴിഞ്ഞ് വളരെ ക്ഷീണിതനായാണ് സാഹിത്യപരിഷത് കെട്ടിടത്തിലെ മഹാകവി ജി. ശങ്കരക്കുറുപ്പ് ഹാളില്‍ ഗിരീഷ് എത്തിയത്. പ്രാസംഗികരില്‍ ഒരാള്‍ സിനിമാഗാനങ്ങള്‍ കവിതകളല്ല എന്ന് പുച്ഛരസത്തില്‍ പറഞ്ഞത് ഗിരീഷിന് ഇഷ്ടമായില്ല. ഗിരീഷ് തന്റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: ''തമ്പിച്ചേട്ടന്റെ കവിതകളെല്ലാം പഠിച്ച് അവയെക്കുറിച്ച് സംസാരിക്കാനാണ് ഞാനിവിടെ വന്നത്. പക്ഷേ, ഇവിടെയൊരു മഹാകവി സിനിമാപാട്ടുകളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചു. അതുകൊണ്ട് തമ്പിച്ചേട്ടന്റെ ഏതാനും സിനിമാഗാനങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കാന്‍ പോകുന്നത്.''
പല പാട്ടുകളും കവിതകളേക്കാള്‍ മികച്ചുനില്‍ക്കുന്നു എന്ന് സമര്‍ഥിക്കുകയായിരുന്നു ഗിരീഷിന്റെ ലക്ഷ്യം. യോഗം തീര്‍ന്നപ്പോള്‍ ഗിരീഷ് ഫോട്ടോഗ്രാഫറെ അടുത്തുവിളിച്ച് ''എന്റെയും തമ്പിച്ചേട്ടന്റെയും ഒരു നല്ല ഫോട്ടോ എടുക്കൂ'', എന്ന് പറഞ്ഞു. ''നമ്മള്‍ എത്രയോ തവണ ഫോട്ടോ എടുത്തിരിക്കുന്നു'', എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഗിരീഷ് പറഞ്ഞു: ''പക്ഷേ, നമ്മള്‍ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോപോലുമില്ല''. ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്യുന്ന ഫോട്ടോ എടുത്തുകഴിഞ്ഞപ്പോള്‍ ഗൗരവസ്വരത്തില്‍ അയാള്‍ ഫോട്ടോഗ്രാഫറോട് പറഞ്ഞു: ''ഫോട്ടോ എനിക്ക് ഉടനെ വേണം. രാവിലെ ഞാന്‍ കോഴിക്കോട്ടേക്ക് പോകുമ്പോള്‍ ഫോട്ടോയും എന്റെ കൈയില്‍ വേണം. എന്റെ വീട്ടിലെ ഡ്രായിങ് റൂമില്‍ വയ്ക്കാനാണ്.''
ഗിരീഷ് മരിക്കുന്ന ദിവസം ഞാന്‍ കോഴിക്കോട് ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു. മൃതദേഹം കൊണ്ടുപോകുന്ന ആംബുലന്‍സിനുപിന്നാലെ എന്റെ സ്‌നേഹിതന്‍ അബ്ദുള്‍ ലത്തീഫിന്റെ കാറില്‍ ഞാനും പിന്‍തുടര്‍ന്നു. ഗിരീഷ് പുത്തഞ്ചേരി ഒരിക്കലും ഒരു ദന്തഗോപുരവാസിയായിരുന്നില്ല. സാധാരണക്കാരും തൊഴിലാളികളും ചെറിയ കച്ചവടക്കാരും ഗിരീഷിന്റെ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് അനിയന്ത്രിതമായ ഒരു ജനക്കൂട്ടം ഗിരീഷിന്റെ വീടിനെ വളഞ്ഞു. വളരെ പ്രയാസപ്പെട്ടാണ് ഏതാനും ചലച്ചിത്രപ്രവര്‍ത്തകര്‍ പിന്‍വാതിലിലൂടെ എന്നെ വീട്ടിനുള്ളില്‍ എത്തിച്ചത്. ഡ്രായിങ് റൂമില്‍ കിടത്തിയിരുന്ന ആ മൃതശരീരത്തിനുമുന്‍പില്‍ ഞാന്‍ നിന്നു. അവന്‍ ഉറങ്ങുന്നതുപോലെ കിടക്കുന്നു. നേരേമുകളില്‍ ആ ഫോട്ടോ ഫ്രെയിംചെയ്ത് സ്ഥാപിച്ചിരിക്കുന്നു. എട്ടുദിവസം മുന്‍പ് അവന്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച ആ പുതിയ ഫോട്ടോ. കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ഞാനും ഗിരീഷും. എനിക്ക് ദുഃഖം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
''പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദുമന്ത്രണം...''
Content Highlights: Sreekumaran thampi remembering gireesh puthenchery