താന്‍ എഴുതിയ ഈ കുന്തം കൊള്ളത്തില്ല, ദക്ഷിണാമൂര്‍ത്തിസ്വാമി പറഞ്ഞു

ഞാനും എനിക്ക് പിതൃതുല്യനായ വി.ദക്ഷിണാമൂര്‍ത്തിസ്വാമിയും ഒരുമിച്ചിരുന്നാണ് ഞങ്ങളുടെ പാട്ടുകള്‍ സൃഷ്ടിച്ചിരുന്നത്. ഒരു സന്ദര്‍ഭത്തിനു വേണ്ടി ഞാന്‍ പലരീതിയില്‍ വരികള്‍ എഴുതും. സംവിധായകനും നിര്‍മാതാവും ചേര്‍ന്ന് ഒരെണ്ണം സ്വീകരിക്കും. വരികള്‍ക്ക് സ്വാമി അഞ്ചും പത്തും ഈണങ്ങള്‍ വരെ തയ്യാറാക്കും. അവയില്‍ നിന്ന് നിര്‍മാതാവും സംവിധായകനുമായി ആലോചിച്ച് ഒരു ട്യൂണ്‍ അംഗീകരിക്കും. ചില പാട്ടുകളുടെ കാര്യത്തില്‍ ഞാനും സ്വാമിയും തമ്മില്‍ വഴക്കിടും. വഴക്കിടുമ്പോള്‍ സ്വാമി എന്നേക്കാള്‍ ചെറുപ്പമാകും. അങ്ങനെ ഒരു വലിയ കലഹത്തിന് ശേഷം രൂപം കൊണ്ട ഉത്പന്നമാണ് 'ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം' എന്ന സൂപ്പര്‍ഹിറ്റ് ഗാനം. അന്ന് എനിക്ക് പ്രായം ഇരുപത്തെട്ടു വയസ്സ്, സ്വാമിക്ക് അമ്പത്.
ഞാനെഴുതിയ മൂന്നു പാട്ടുകളില്‍ നിന്ന് നിര്‍മാതാവായ വാസുസാര്‍ (ടി.ഇ.വാസുദേവന്‍, ജയ് മാരുതി) സെലക്റ്റ് ചെയ്തത് ഈ വരികളാണ്. സ്വാമി ശുദ്ധമായ കര്‍ണാടകസംഗീതത്തിന്റെ ആളാണല്ലോ. അദ്ദേഹം വിവിധരാഗങ്ങളില്‍ അഞ്ചോ ആറോ ഈണങ്ങള്‍ ഇട്ടു. എല്ലാം സെമി ക്ലാസിക്കല്‍. അത്യാവശ്യത്തിനു 'ഗമകങ്ങളും' ഉണ്ട്. വാസുസാര്‍ വന്ന് അഞ്ച് ഈണങ്ങളും കേട്ടിട്ട് അഞ്ചും കൊള്ളില്ല എന്ന് ആംഗ്യഭാഷയില്‍ പറഞ്ഞിട്ട് സ്ഥലം വിട്ടു. സ്വാമിക്ക് ദേഷ്യമായി. അപ്പോള്‍ ഞാന്‍ പറഞ്ഞു.
''സ്വാമീ, ഗമകങ്ങള്‍ കുറച്ച് ഈണം കുറച്ചു കൂടി ലളിതമാക്കാം.''
നിര്‍മാതാവിനോട് തോന്നിയ ദേഷ്യം കൂടി എന്റെ നേര്‍ക്ക് പ്രയോഗിച്ച് സ്വാമി പറഞ്ഞു.
''താന്‍ എഴുതിയ ഈ കുന്തം കൊള്ളത്തില്ല. ചന്ദ്രകാന്തം പോലും? എത്രപേര്‍ക്ക് മനസ്സിലാവും തന്റെയീ കാന്തം? പാട്ടു മാറ്റിയെഴുത്...''
ഞാന്‍ വിട്ടുകൊടുത്തില്ല.
''ഈ പാട്ട് മാറ്റിയെഴുതുന്ന പ്രശ്നമില്ല. നല്ല ഈണം കൂടി ചേര്‍ന്നാല്‍ ഇത് സൂപ്പര്‍ഹിറ്റ് ആകും.''
''തമ്പി ഇത് മാറ്റിയെഴുതിയാലേ ട്യൂണ്‍ നന്നാകൂ'', അങ്ങനെ പറഞ്ഞിട്ട് സ്വാമി പാട്ടെഴുതിയ കടലാസ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. എന്നിട്ട് മുറിയില്‍ നിന്നിറങ്ങി.
പിന്നീട് സ്വാമി തിരിച്ചു വന്ന് എന്റെ മുഖത്തും സ്വാമി കശക്കിയെറിഞ്ഞ എന്റെ അക്ഷരങ്ങളിലേക്കും മാറിമാറി നോക്കി. ''എന്തോന്നാ തന്റെ മനസ്സില്‍. പറഞ്ഞു തൊലയ്ക്ക്'' ആ വരികള്‍ മോഹനരാഗത്തിലായാല്‍ നന്നാകും എന്നെനിക്കു തോന്നിയിരുന്നു. പക്ഷേ, അങ്ങനെ പറഞ്ഞാല്‍ സ്വാമി ദേഷ്യപ്പെടും. താനാരാ എന്നെ രാഗം പഠിപ്പിക്കാന്‍ എന്നുചോദിക്കും. അതുകൊണ്ട് അങ്ങനെ പറയാതെ എം.എസ്. വിശ്വനാഥന്‍ തമിഴ് സിനിമയ്ക്ക് വേണ്ടി ചെയ്ത മോഹനരാഗത്തിലുള്ള ഒരു പാട്ടിന്റെ ഈണത്തില്‍ ഞാന്‍ എന്റെ വരികള്‍ പാടി.
സ്വാമി എന്നെ തുറിച്ചു നോക്കി, പിന്നെ എന്റെ വരികളിലും നോക്കി. ''താനിപ്പോള്‍ പാടുന്നത് മോഹനം. ഒരു കാര്യം ചെയ്യാം. താന്‍ പാടുന്ന താളം ശരിയല്ല. താളം മാറ്റി ഞാന്‍ മോഹനത്തില്‍ നോക്കാം. താനൊരു ഗമകവിരോധിയല്ലേ? അതും കുറയ്ക്കാം. എന്നിട്ട് വടിപോലെ പാടാം.'' ''ആവശ്യത്തിന് ഗമകം വേണം സ്വാമി, കച്ചേരിയാവരുതെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു. പിന്നീട് വരികളിലൂടെ കണ്ണോടിച്ച് സ്വാമി പാടാന്‍ തുടങ്ങി. ആ ഈണം കേട്ടപ്പോള്‍ നിര്‍മാതാവിന്റെ മുഖം വിടര്‍ന്നു. അതാണ് നിങ്ങള്‍ പാടിപ്പാടി പഴകിയ ഈണം. 'ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം'. ആ പാട്ടിന് ഇപ്പോള്‍ വയസ്സ് അമ്പത്തിയഞ്ച്...
'പിക്നിക്ക്' എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റുകളാണ്. എങ്കിലും 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍' എന്ന പാട്ടും 'വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖരാത്രിയൊരുങ്ങും,' എന്ന പാട്ടും സൂപ്പര്‍ഹിറ്റുകളായി. എം.എസ്.പ്രൊഡക്ഷന്‍സാണ് നിര്‍മാതാക്കള്‍. (സി.സി. ബേബിയും വി.എം. ചാണ്ടിയും). 'വാല്‍ക്കണ്ണെഴുതി'... എന്ന് തുടങ്ങുന്ന ഗാനത്തിന് അര്‍ജുനന്‍ മാസ്റ്റര്‍ പല ഈണങ്ങള്‍ തയ്യാറാക്കിയെങ്കിലും നിര്‍മാതാക്കള്‍ക്കും സംവിധായകനും ശശികുമാറിനും ഒന്നും ഇഷ്ടമായില്ല. അര്‍ജുനന്‍ മാസ്റ്റര്‍ പരമശാന്തനാണ്; അദ്ദേഹത്തിന് ഒരിക്കലും ദേഷ്യം വരില്ല എന്നൊക്കെയാണ് പൊതുവേയുള്ള ധാരണ. അത് ശരിയല്ല. അദ്ദേഹത്തിനും കോപം വരും. പക്ഷേ, എന്നെപ്പോലെ ഉച്ചത്തില്‍ അത് പ്രകടിപ്പിക്കില്ല.''എനിക്ക് ഇത്രയൊക്കെയേ പറ്റൂ'' എന്ന് പതുക്കെ പറയും.
എന്നിട്ട് ഹാര്‍മോണിയം അടയ്ക്കും. ഈ പാട്ടിന്റെ കാര്യത്തിലും അങ്ങനെ സംഭവിച്ചു. നിര്‍മാതാവും സംവിധായകനും കേള്‍ക്കാതെ അദ്ദേഹം എന്റെ കാതില്‍ പറഞ്ഞു.
''ഞാന്‍ പോകുന്നു. അവര് വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കട്ടെ,''.
ഞാന്‍ പറഞ്ഞു, ''അര്‍ജുനന്‍ താമസിക്കുന്ന ലോഡ്ജില്‍ പോയി ഒരേയൊരു ട്യൂണ്‍ കൂടി ട്രൈ ചെയ്തു നോക്ക്. ഫോണിലൂടെ എന്നെ പാടി കേള്‍പ്പിക്ക് (അന്ന് മൊബൈല്‍ ഫോണ്‍ ഇല്ല. ലാന്‍ഡ് ഫോണ്‍ മാത്രമേയുള്ളൂ). ശശികുമാര്‍ സാറിനെക്കൊണ്ട് ഞാന്‍ സമ്മതിപ്പിക്കാം.'' മദ്രാസില്‍ ശങ്കരാടിയും മറ്റും താമസിച്ചിരുന്ന അയ്യപ്പാസ് ലോഡ്ജിലാണ് കൊച്ചിയില്‍ നിന്ന് വന്നാല്‍ അര്‍ജുനന്‍ മാസ്റ്ററും താമസിച്ചിരുന്നത്. പ്രൊഡ്യൂസറുടെ കോടമ്പാക്കത്തുള്ള ഓഫീസില്‍ നിന്ന് ലോഡ്ജിലേക്ക് കാറില്‍ പോകുമ്പോള്‍ ഞാന്‍ പാട്ടെഴുതിയ കടലാസും അദ്ദേഹം കയ്യില്‍ പിടിച്ചിരുന്നു. ചേറ്റ്പെട്ട് എന്ന സ്ഥലത്തുള്ള പാലത്തിലൂടെ കാര്‍ ഓടുമ്പോള്‍ ഒരു പുതിയ ഈണം അര്‍ജുനന്റെ മനസ്സില്‍ പിറന്നു. ലോഡ്ജില്‍ എത്തിയശേഷം അര്‍ജുനന്‍ മാസ്റ്റര്‍ ആ പുതിയ ഈണം എന്നെ പാടികേള്‍പ്പിച്ചു, അതുകേട്ടിട്ട് ഞാന്‍ പറഞ്ഞു. ''ഈ ട്യൂണും നന്നല്ല എന്ന് അവര്‍ പറഞ്ഞാല്‍ നമുക്ക് ഒരുമിച്ച് പറയാം പാട്ടൊണ്ടാക്കാന്‍ വേറെ ആളെ നോക്കാന്‍.'' ഈ പുതിയ ഈണമാണ് 'വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി...'എന്ന പാട്ടില്‍ നിങ്ങള്‍ കേള്‍ക്കുന്നത്.
Content Highlights: sreekumaran thampi about evergreen songs